റഫാൽ യുദ്ധവിമാനത്തിൽ പറക്കാനൊരുങ്ങി രാഷ്ട്രപതി; ബുധനാഴ്ച ചരിത്രംകുറിക്കും

ന്യൂഡൽഹി: റഫാൽ യുദ്ധവിമാനത്തിൽ സഞ്ചരിക്കാനൊരുങ്ങി രാഷ്ടപതി ദ്രൗപദി മുർമു. ഹരിയാണയിലെ അംബാല എയർബേസിൽനിന്ന് രാഷ്ട്രപതി റഫാൽ വിമാനത്തിൽ കയറുമെന്ന് രാഷ്ട്രപതിഭവൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഇത് രണ്ടാംതവണയാണ് രാജ്യത്തിന്‍റെ സർവ സൈന്യാധിപകൂടിയായ രാഷ്ട്രപതി യുദ്ധവിമാനത്തിൽ സഞ്ചരിക്കുന്നത്.
നേരത്തെ സുഖോയ് 30 എം.കെ.ഐ. യുദ്ധവിമാനത്തിൽ രാഷ്ട്രപതി സഞ്ചരിച്ചിരുന്നു. 2023 ഏപ്രിൽ എട്ടിനായിരുന്നു രാഷ്ട്രപതി സുഖോയ് 30 എം.കെ.ഐ. യുദ്ധവിമാനത്തിൽ പറന്നത്. അന്ന് അസമിലെ തേസ്പുർ വ്യോമസേനാ സ്റ്റേഷനിൽനിന്നായിരുന്നു സഞ്ചാരം.
ഒക്ടോബർ 18-നായിരുന്നു രാഷ്ട്രപതി ആദ്യം അംബാല സന്ദർശിക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ, പിന്നീട് ഇത് മാറ്റിവെക്കുകയായിരുന്നു.
Content Highlights: President Murmu Set for Historic Rafale Flight from Ambala Air Force Station