രാജ്യസ്നേഹിയായ സൈനികൻ, അധികാരദുർവിനിയോഗത്തിന് ഇരയായി; കുറ്റവിമുക്തനാക്കപ്പെട്ടതിനു പിന്നാലെ പുരോഹിത്

മുംബൈ: മലേഗാവ് സ്‌ഫോടനക്കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ടതിന് പിന്നാലെ പ്രതികരണവുമായി മുന്‍ സൈനിക ഉദ്യോഗസ്ഥന്‍ ലെഫ്. കേണല്‍ പ്രസാദ് ശ്രീകാന്ത് പുരോഹിത്. ഈ രാജ്യത്തെ ഏറെ സ്‌നേഹിക്കുന്ന ഒരു സൈനികനാണ് താനെന്ന് പുരോഹിത് മാധ്യമങ്ങളോടു പറഞ്ഞു. രാജ്യം എന്നും പരമോന്നതമായിരിക്കണമെന്നും അതിന്റെ അടിത്തറ കരുത്തുറ്റതായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2008 സെപ്റ്റംബറില്‍ മലേഗാവിലുണ്ടായ സ്‌ഫോടനത്തില്‍ ആറുപേര്‍ കൊല്ലപ്പെടുകയും നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പ്രതി ചേര്‍ക്കപ്പെട്ട പുരോഹിത്, ഒന്‍പതു കൊല്ലത്തോളം ജയിലിലായിരുന്നു. 2017-ലാണ് ജാമ്യം ലഭിച്ചത്. മാനസിക വൈകല്യമുള്ള ചിലര്‍ തന്നെ ഇരയാക്കുകയായിരുന്നു. ചിലര്‍ അവരുടെ അധികാരം ദുരുപയോഗം ചെയ്തു. അത് ഞങ്ങള്‍ സഹിക്കേണ്ടിവന്നു, പുരോഹിത് കൂട്ടിച്ചേര്‍ത്തു.
മുംബൈയിലെ പ്രത്യേക എന്‍ഐഎ കോടതിയാണ് മലേഗാവ് സ്‌ഫോടനക്കേസിലെ ഏഴ് പ്രതികളെയും കുറ്റവിമുക്തരാക്കിയത്. ബിജെപി നേതാവും മുന്‍ എംപിയുമായ പ്രജ്ഞാസിങ് ഠാക്കൂര്‍, മുന്‍ സൈനിക ഉദ്യോഗസ്ഥന്‍ ലെഫ്. കേണല്‍ പ്രസാദ് പുരോഹിത്, വിരമിച്ച മേജര്‍ രമേശ് ഉപാധ്യായ, അജയ് രഹിര്‍ക്കര്‍, സുധാകര്‍ ദ്വിവേദി, സുധാകര്‍ ചതുര്‍വേദി, സമീര്‍ കുല്‍ക്കര്‍ണി എന്നിവരെയാണ് മുംബൈയിലെ എന്‍ഐഎ പ്രത്യേക കോടതി കുറ്റവിമുക്തരാക്കിയത്.
Content Highlights: prasad shrikant purohit respods after acquittal in malegaon blast case