ബംഗാളിൽ കടയിൽ കയറി ഝാൽമുരി കഴിച്ച് മോദി; പിന്നാലെ കടക്കാരന് പാകിസ്താനിൽ നിന്ന് വധഭീഷണി | Video

ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബംഗാളിലെ ലഘുഭക്ഷണമായ ഝാൽമുരി വിറ്റ കച്ചവടക്കാരന് പാകിസ്താനിൽ നിന്നും ബംഗ്ലാദേശിൽ നിന്നും വധഭീഷണി. ജാർഗ്രാം സ്വദേശിയായ ബിക്രം സൗവിനാണ് വധഭീഷണി.
ബംഗാളിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ, ഏപ്രിൽ 19-നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ജാർഗ്രാമിലെ ബിക്രം സൗവിന്റെ തട്ടുകടയിൽ എത്തിയത്. പൊതുയോഗം കഴിഞ്ഞ് മടങ്ങുന്നതിനിടെ ബിക്രമിന്റെ കടയിൽ നിന്ന് അദ്ദേഹം ബംഗാളിലെ പ്രിയപ്പെട്ട ലഘുഭക്ഷണമായ ഝാൽമുരി വാങ്ങി കഴിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതോടെ ബിക്രം സൗവും പ്രശസ്തനായി. അടുത്തിടെ നടന്ന വിദേശ പര്യടനത്തിനിടെ നെതർലൻഡ്സിൽ വെച്ച് മോദി ഈ സംഭവം പരാമർശിച്ചിരുന്നു.
എന്നാൽ അപ്രതീക്ഷിതമായി കൈവന്ന പ്രശസ്തി ബിക്രം സൗവിനും കുടുംബത്തിനും വലിയൊരു പേടിസ്വപ്നമായി മാറിയിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പാകിസ്താനിൽ നിന്നും ബംഗ്ലാദേശിൽ നിന്നുമുള്ള നമ്പറുകളിൽ നിന്ന് തനിക്ക് നിരന്തരം ഫോൺ കോളുകളും വീഡിയോ കോളുകളും വരുന്നുണ്ടെന്ന് ബിക്രം പറഞ്ഞു. കുടുംബത്തെ അടക്കം ഇല്ലാതാക്കുമെന്നും ബോംബ് വെച്ച് എല്ലാം തകർക്കുമെന്നുമൊക്കെയാണ് ഭീഷണികളെന്നും അദ്ദേഹം പറഞ്ഞു. ഈ സംഭവം ബിക്രമിനെയും കുടുംബത്തെയും ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. അന്താരാഷ്ട്ര നമ്പറുകളിൽ നിന്നുള്ള ഇത്തരം ഭീഷണികൾ ജാർഗ്രാം നിവാസികളെ തന്നെ പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്.
ഭീഷണി സന്ദേശങ്ങൾ ലഭിച്ചതിനെ തുടർന്ന് ബിക്രം സൗ പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ ലോക്കൽ പോലീസ് ഈ സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Content Highlights: PM Modi visited Bikram Sau's stall in Jhargram on April 19., The vendor received viral fame after PM Modi mentioned the incident in the Netherlands., Bikram Sau is receiving life-threatening calls from Pakistan and Bangladesh numbers., Local police have launched an investigation into the threats.