'മറ്റാരുടെയും ചെലവിലല്ല ഇന്ത്യ വളരുന്നത്, വികസനം ലോകത്തോടൊപ്പം, ലോകത്തിന് വേണ്ടി’; Power To Empower നയമെന്ന് മോദി

ന്യൂഡൽഹി: ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങൾ നിലനിൽക്കുന്നതിനിടയിലും ഇന്ത്യ മുന്നേറുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ന്യൂഡൽഹിയിൽ നടന്ന എട്ടാമത് ബ്ലൂംബെർഗ് ന്യൂ എക്കോണമി ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സുസ്ഥിരമായ വളർച്ചയും ശക്തമായ അടിസ്ഥാന സൗകര്യങ്ങളുമാണ് ഇന്ത്യയ്ക്ക് മുതൽകൂട്ട്. ഞങ്ങൾ മറ്റാരുടെയും ചെലവിലല്ല വളരുന്നത്. ഞങ്ങൾ ലോകത്തോടൊപ്പവും ലോകത്തിന് വേണ്ടിയുമാണ് വളരുന്നത് എന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
‘പവർ ടു എംപവർ’ എന്നതാണ് ഇന്ത്യയുടെ നയം. സാങ്കേതികവിദ്യയുടെയും സമ്പത്തിന്റെയും ശേഷി മറ്റുള്ളവരെ ശാക്തീകരിക്കാനാണ് ഉപയോഗിക്കേണ്ടത് എന്നതാണ് ഇന്ത്യയുടെ നയം. വഴിയോരക്കച്ചവടക്കാരൻ മുതൽ വൻകിട കാർ ഷോറൂം ഉടമ വരെ ഒരേ ഡിജിറ്റൽ പേയ്‌മെന്റ് പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നത് ഇന്ത്യയിലെ എല്ലാവരെയും ഉൾക്കൊള്ളുന്ന സാങ്കേതികവിദ്യയുടെ തെളിവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആവശ്യമെങ്കിൽ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ വിദേശരാജ്യങ്ങളുടെ പ്രതിനിധികൾക്ക് ഇത് നേരിട്ട് കാണാമെന്നും അതിനായി തെരുവുകളിലേക്ക് ക്ഷണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
2014-ന് മുമ്പ് ഏതാനും നൂറുകൾ മാത്രമുണ്ടായിരുന്ന സ്റ്റാർട്ടപ്പുകളുടെ എണ്ണം ഇന്ന് 2.5 ലക്ഷം കടന്നു. ഇതിൽ പകുതിയോളവും ചെറിയ നഗരങ്ങളിൽ നിന്നും ഗ്രാമപ്രദേശങ്ങളിൽ നിന്നുമാണ് വരുന്നത്. 45 ശതമാനം സ്റ്റാർട്ടപ്പുകളിലും വനിതാ ഡയറക്ടർമാരോ പങ്കാളികളോ ഉണ്ടെന്നും ഇന്ത്യയുടെ സംരഭകമുന്നേറ്റങ്ങളെ കുറിച്ച് മോദി വിശദീകരിച്ചു.
ഇന്ത്യയെ 'ജനാധിപത്യത്തിന്റെ മാതാവ്' എന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി, നൂറിലധികം ഭാഷകളും 80,000-ത്തോളം അച്ചടി മാധ്യമങ്ങളും 1,000-ത്തോളം സാറ്റലൈറ്റ് ചാനലുകളും രാജ്യത്തുണ്ടെന്ന് ചൂണ്ടിക്കാട്ടി. യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും 50 കോടിയിലധികം വീതം സജീവ ഉപയോക്താക്കൾ ഇന്ത്യയിലുണ്ടെന്നും അദ്ദേഹം എടുത്തുപറഞ്ഞു. ഇന്ത്യയുടെ തുറന്ന സമീപനത്തെക്കുറിച്ചും കാഴ്ചപ്പാടുകളെ കുറിച്ചുമാണ് മോദി പരാമർശിച്ചത്.
നടപ്പു സാമ്പത്തിക വർഷത്തിലെ ഏപ്രിൽ-ജൂൺ പാദത്തിൽ ഇന്ത്യ 7.8 ശതമാനം സാമ്പത്തിക വളർച്ച കൈവരിച്ചു. രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം 700 ബില്ല്യൺ യു.എസ്. ഡോളറിന്മുകളിലെത്തി. 12-13 വർഷം മുമ്പ് 4 ശതമാനത്തിന് മുകളിലായിരുന്ന കറന്റ് അക്കൗണ്ട് കമ്മി ഇപ്പോൾ പകുതി ശതമാനത്തോളമായി കുറഞ്ഞു. അടുത്ത രണ്ടു വർഷത്തേക്ക് ഇന്ത്യ 7 ശതമാനം വീതം വളർച്ച നേടുമെന്നാണ് അന്താരാഷ്ട്ര നാണയ നിധി പ്രവചിക്കുന്നതെന്നും അദ്ദേഹം എടുത്തുപറയുകയുണ്ടായി.
Content Highlights: PM Modi spoke at the 8th Bloomberg New Economy Forum in New Delhi., Emphasized that India grows alongside and for the world., Highlighted growth in Indian startups to over 2.5 lakh with high women participation., Reported India's GDP growth of 7.8% in the April-June quarter and forex reserves crossing $700 billion.