മൂന്നര മണിക്കൂറോളം റോഡിൽ കറക്കി, വളരെ വിചിത്രമായ അനുഭവം; ഇതുകൊണ്ടൊന്നും പ്രക്ഷോഭം തളരില്ല- പിണറായി വിജയൻ

#ന്യൂസ് ഡെസ്ക്
ഡൽഹി പോലീസിന്റെ കസ്റ്റഡിയിൽ നിന്ന് പുറത്തുവന്ന ശേഷം മാധ്യമങ്ങളോട് സംസാരിക്കുന്ന പിണറായി വിജയൻ. സമീപം കെ.എൻ. ബാലഗോപാലും ജോൺ ബ്രിട്ടാസും
ഡൽഹി പോലീസിന്റെ കസ്റ്റഡിയിൽ നിന്ന് പുറത്തുവന്ന ശേഷം മാധ്യമങ്ങളോട് സംസാരിക്കുന്ന പിണറായി വിജയൻ. സമീപം കെ.എൻ. ബാലഗോപാലും ജോൺ ബ്രിട്ടാസും

ന്യൂഡൽഹി: കേരളത്തിന്റെ പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയും സിപിഎം പോളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയനെ ഡൽഹി പോലീസ് കസ്റ്റഡിയിൽ നിന്ന് വിട്ടയച്ചു. രാവിലെ പത്തരയോടെ കസ്റ്റഡിയിലെടുത്ത പിണറായി വിജയൻ, ജോൺ ബ്രിട്ടാസ് എംപി, കെ.എൻ. ബാലഗോപാൽ തുടങ്ങിയ സിപിഎം നേതാക്കളെ മണിക്കൂറുകൾക്ക് ശേഷമാണ് വിട്ടയച്ചത്. തങ്ങളെ കയറ്റിയ ബൊലീറോ ജീപ്പ് മൂന്നര മണിക്കൂറോളം ചുറ്റിക്കറങ്ങിയ ശേഷം ഒടുവിൽ ഇവിടെ തന്നെയുള്ള പോലീസ് സ്‌റ്റേഷനിലെത്തിച്ചുവെന്നും പുറത്തിറങ്ങിയശേഷം പിണറായി വിജയൻ മാധ്യമങ്ങളോട് പറഞ്ഞു. 

'ജനാധിപത്യ നിഷേധത്തിനെതിരെയുള്ള വികാരം രാജ്യത്ത് പൊതുവെ ശക്തിപ്പെട്ടുവരുന്നു എന്നാണ് കാണാൻ സാധിക്കുന്നത്. അതിൽ ഈ തരത്തിൽ പങ്കുവഹിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്. തുടർന്നുള്ള നാളുകളിൽ പ്രക്ഷോഭം ശക്തമായി, കൂടുതൽ കരുത്തോടെ വളർന്നുവരും എന്നാണ് പ്രതീക്ഷിക്കുന്നത്. പോലീസ് നടപടികൊണ്ട് പ്രക്ഷോഭം തളർന്നുപോകില്ല. കൂടുതൽ കരുത്തോടെ മുന്നോട്ടുപോകും. അടിയന്തരാവസ്ഥക്കാലത്ത് ശാരീരികമായ മർദനമാണ് നേരിട്ടത്. എന്നാൽ ഇന്ന് തങ്ങളെ മാനസികമായി തളർത്താനാണ് ശ്രമിച്ചത്. എന്നാൽ അങ്ങനെ തളർന്നുപോകുന്നവരല്ല ഞങ്ങളാരും.' -പിണറായി വിജയൻ പറഞ്ഞു.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരായി പ്രതിഷേധിച്ച പിണറായി വിജയൻ ഉൾപ്പെടെയുള്ള സിപിഎം നേതാക്കളെ രാവിലെ പത്തരയോടെയാണ് ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തത്. സർക്കാർ ഭയന്നുതുടങ്ങിയതിന്റെ തെളിവാണ് ഡൽഹിയിൽ കാണുന്നതെന്നാണ് അപ്പോൾ പിണറായി വിജയൻ പറഞ്ഞത്. കസ്റ്റഡിയിലെടുത്തശേഷം പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കളുമായി മണിക്കൂറുകളോളം നഗരം ചുറ്റിയശേഷം പോലീസ് ഇവരെ ഛത്രസാൽ സ്‌റ്റേഡിയത്തിലും പിന്നീട് മന്ദിർമാർഗ് പോലീസ് സ്‌റ്റേഷനിലും കൊണ്ടുപോയി.

കസ്റ്റഡിയിലുള്ള പിണറായി വിജയന് ആവശ്യമായ ഭക്ഷണവും കൃത്യസമയത്ത് കഴിക്കേണ്ട മരുന്നും ലഭ്യമാക്കിയില്ലെന്ന് ജോൺ ബ്രിട്ടാസ് പറഞ്ഞതിനെ തുടർന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വിഷയത്തിൽ അടിയന്തരമായി ഇടപെട്ടു. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് വിഷയത്തിൽ അന്വേഷണം നടത്താനും ആവശ്യമായ നടപടികൾ സ്വീകരിക്കാനും മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്ക് കർശന നിർദ്ദേശം നൽകിയിരുന്നു.

Content Highlights: Delhi Police released Leader of Opposition and former Kerala CM Pinarayi Vijayan alongside CPM MP John Brittas after hours of custody, with Vijayan stating he was proud to join the nationwide protest against CEC.