മലകയറ്റത്തിനിടെ മരണം; പ്രിയപ്പെട്ടവരുടെ മൃതദേഹത്തിന് രണ്ട് ദിവസം കാവലാളായി വളര്‍ത്തുനായ

ഷിംല: അസഹനീയ തണുപ്പും ഇരുട്ടും വിജനതയും ആ വളര്‍ത്തുനായയെ തളര്‍ത്തിയില്ല, കൂടെയുണ്ടായിരുന്ന രണ്ടുപേരുടെ ജീവന്‍ നഷ്ടപ്പെട്ട കാര്യം വേണ്ടപ്പെട്ടവരെ അറിയിക്കാന്‍ രണ്ടുദിവസം കുരച്ചുകൊണ്ടേയിരുന്നു. ആളുകള്‍ എത്തിയെന്ന് ഉറപ്പായശേഷമാണ് അവന്‍ ദൗത്യമവസാനിപ്പിച്ചത്.
ഹിമാചലിലെ ബിര്‍ ബില്ലിങ്ങില്‍ മലകയറ്റത്തിനിടെ വീണുമരിച്ച രണ്ടുപേര്‍ക്ക് 48 മണിക്കൂറോളം ആ ജെര്‍മന്‍ ഷെപ്പേര്‍ഡ് കാവലിരുന്നു. പഞ്ചാബിലെ പഠാന്‍കോട്ട് സ്വദേശി അഭിനന്ദന്‍ ഗുപ്ത (30), പുണെ സ്വദേശിനി പ്രണിത വാല (26) എന്നിവരാണ് രണ്ടുദിവസംമുമ്പ് മലകയറ്റത്തിനിടെ വീണുമരിച്ചത്. ഹിമാചലില്‍, സമുദ്രനിരപ്പില്‍നിന്ന് 5000 അടി ഉയരത്തിലാണ് ബിര്‍ ബില്ലിങ്ങ്. 'പാരാഗ്ലൈഡിങ്ങിന്റെ തലസ്ഥാനം' എന്നറിയപ്പെടുന്ന ഈ പ്രദേശം സാഹസികസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ്.
നാലുപേര്‍ ചേര്‍ന്ന സംഘമാണ് മലകയറ്റം തുടങ്ങിയത്. രണ്ടുപേര്‍ സ്ത്രീകള്‍. കൂടെ നായയും. കാലാവസ്ഥ മോശമായതോടെ രണ്ടുപേര്‍ മടങ്ങി. അഭിനന്ദും പ്രണിതയും യാത്രതുടരാന്‍ തീരുമാനിച്ചപ്പോള്‍ നായയും ഒപ്പംകൂടി. ഇവരെ കാണാനില്ലെന്ന് മറ്റുള്ളവര്‍ പരാതിനല്‍കിയതോടെയാണ് അന്വേഷണം തുടങ്ങിയത്.
Content Highlights: pet dog guards bodies of two trekkers, who died himachal pradesh