ഹിമന്തയുടെ ഭാര്യക്കെതിരായ പരാമർശം: പവൻ ഖേരയ്ക്ക് സുപ്രീംകോടതി മുൻകൂർ ജാമ്യം അനുവദിച്ചു

ന്യൂഡൽഹി: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ ഭാര്യയ്‌ക്കെതിരേ പരാമർശം നടത്തിയ കേസിൽ കോൺഗ്രസ് നേതാവ് പവൻ ഖേരയ്ക്ക് മുൻകൂർ ജാമ്യം നൽകി സുപ്രീംകോടതി. അന്വേഷണവുമായി സഹകരിക്കാനും സമൻസ് ലഭിക്കുമ്പോൾ ഹാജരാകാനും കോടതി ഖേരയോട് നിർദ്ദേശിച്ചു.
മുൻകൂർ ജാമ്യാപേക്ഷ ഗുവാഹാട്ടി ഹൈക്കോടതി തള്ളിയതിനെത്തുടർന്നാണ് ഖേര സുപ്രീംകോടതിയിലെത്തിയത്.
ഖേരയ്‌ക്കെതിരായ ആരോപണങ്ങൾ വിചാരണയിൽ തെളിയേണ്ടതാണെന്നും അറസ്റ്റുചെയ്ത് പ്രയാസപ്പെടുത്തേണ്ടതില്ലെന്നും അദ്ദേഹത്തിനായി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിംഘ്വി കഴിഞ്ഞ ദിവസം വാദിച്ചിരുന്നു. അതേസമയം, അസം സർക്കാരിനായി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത മുൻകൂർ ജാമ്യത്തെ എതിർക്കുകയും ചെയ്തു.
മുഖ്യമന്ത്രിയുടെ ഭാര്യയുടെ വ്യാജ പാസ്‌പോർട്ടാണ് ഖേര പ്രദർശിപ്പിച്ചതെന്ന് മേത്ത ചൂണ്ടിക്കാട്ടി. തുടർന്ന് ജസ്റ്റിസ് ജെ.കെ. മഹേശ്വരി അധ്യക്ഷനായ ബെഞ്ച് വിധിപറയാൻ മാറ്റുകയായിരുന്നു.
ഹിമന്തയുടെ ഭാര്യ റിനികി ഭുയാൻ ശർമയ്ക്ക് ഒന്നിലേറെ രാജ്യങ്ങളുടെ പാസ്‌പോർട്ടും വിദേശത്ത് ആസ്തിയുമുണ്ടെന്നും അതൊന്നും മുഖ്യമന്ത്രിയുടെ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തിയില്ലെന്നുമാണ് ഖേര ആരോപിച്ചത്.
Content Highlights: Supreme Court Grants Anticipatory Bail To Pawan Khera In Assam Police FIR