വനിതാ സംവരണവും മണ്ഡല പുനർനിർണയവും വീണ്ടുംവരുന്നു: പ്രതിപക്ഷത്തെ പിളർപ്പ് സർക്കാരിനെ തുണയ്ക്കുമോ

ന്യൂഡൽഹി: ജൂലായ് 20 മുതൽ നടക്കാൻ സാധ്യതയുള്ള പാർലമെന്റ് മൺസൂൺ സമ്മേളനം ഇരുസഭകളേയും പ്രക്ഷുബ്ധമാക്കും. ജൂലായ് 20-മുതൽ ഓഗസ്റ്റ് 13-വരെ 19 സിറ്റിങ്ങുകളിലായി നാലാഴ്ചയാണ് സമ്മേളനം നടക്കുകയെന്നാണ് സൂചന. സമ്മേളനത്തിൽ ഭരണഘടനാ ഭേദഗതി ബില്ലുകൾ ഉൾപ്പെടെ സുപ്രധാന നിയമനിർമാണങ്ങൾ അവതരിപ്പിക്കാനാണ് കേന്ദ്രസർക്കാർ പദ്ധതിയിടുന്നത്. ഒരു തവണ കൊണ്ടുവന്ന് പരാജയപ്പെട്ട വനിതാ സംവരണവും മണ്ഡല പുനർനിർണയവും സംബന്ധിച്ച 131-ാം ഭരണഘടനാ ഭേദഗതി ബില്ലുകളാണ് ഇതിൽ പ്രധാനം.
ലോക്‌സഭയിലെയും നിയമസഭകളിലെയും അംഗബലം 50 ശതമാനം വർധിപ്പിക്കാനുള്ള നിർദേശവുംസമ്മേളനത്തിൽ ചർച്ചയായേക്കും. പ്രധാനമന്ത്രിയോ മുഖ്യമന്ത്രിമാരോ മറ്റുമന്ത്രിമാരോ 30 ദിവസത്തിൽ കൂടുതൽ ജയിലിൽ തുടരുകയാണെങ്കിൽ പദവി ഒഴിയണമെന്ന് നിർദേശിക്കുന്ന 130-ാം ഭരണഘടനാ ഭേദഗതി ബില്ലും അവതരിപ്പിക്കാൻ സാധ്യതയുണ്ട്.'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' ബില്ലിനായുള്ള സമിതിയുടെ കാലാവധി നീട്ടുന്ന നടപടികളുംഎഫ്.സി.ആർ.എ സംബന്ധിച്ച നിയമനിർമാണങ്ങളും സമ്മേളനത്തിൽ പരിഗണിക്കും.
വികസിത് ഭാരത് ശിക്ഷാ അധിഷ്ഠാൻ, ആന്റി ഡോപ്പിങ്പരിഷ്‌കാരങ്ങൾ, സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം വർധിപ്പിക്കൽ, കോർപ്പറേറ്റ് നിയമ പരിഷ്‌കാരങ്ങൾ, സെക്യൂരിറ്റീസ് മാർക്കറ്റ് കോഡ് തുടങ്ങിയ സുപ്രധാന ബില്ലുകളും സഭയുടെ പരിഗണനയ്ക്ക് എത്തിയേക്കാം. തൃണമൂൽ കോൺഗ്രസിലെ 20 വിമത എംപിമാരുടെയും ശിവസേന (യുബിടി) വിട്ട ആറ് എംപിമാരുടെയും ലയനം സംബന്ധിച്ച് സ്പീക്കർ തീരുമാനമെടുത്തേക്കും. ഇവരുടെ ഇരിപ്പിട പുനക്രമീകരിക്കാനും സാധ്യതയുണ്ട്.
നിലവിൽ ലോക്സഭയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിന് തൊട്ടടുത്തെത്തി നിൽക്കുന്ന എൻഡിഎ സർക്കാർ ഈ നിയമനിർമാണങ്ങൾ പാസാക്കിയെടുക്കാനുള്ള ശ്രമത്തിലായിരിക്കും. അതേസമയം, സർക്കാരിനെ കടന്നാക്രമിക്കാൻ പ്രതിപക്ഷവുംഒരുങ്ങുകയാണ്. നീറ്റ് പരീക്ഷാ ക്രമക്കേട്, രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ള, ഇന്ധനവില വർധനവ്, പണപ്പെരുപ്പം, തൊഴിലില്ലായ്മ, കാലവർഷത്തിലെ കുറവ്, വരൾച്ച, പ്രളയം തുടങ്ങിയ വിഷയങ്ങൾ പ്രതിപക്ഷം ഉയർത്തിയേക്കും. എസ്‌ഐആർ, പ്രാദേശിക പാർട്ടികളിലെ പിളർപ്പുകളിൽ സർക്കാരിനുള്ള പങ്ക് എന്നിവയും ചർച്ചയാകും.
Content Highlights: Monsoon session scheduled from July 20 to August 13, 2026., Introduction of major bills including constitutional amendments on women's reservation and delimitation., Proposed bill regarding resignation of ministers in jail for over 30 days., Opposition plans to challenge government on NEET irregularities, inflation, and unemployment., NDA government holds strong majority in Lok Sabha.