ഓപ്പറേഷൻ സിന്ദൂറിന്‍റെ വിജയകാരണം രാഷ്ട്രീയ ഇച്ഛാശക്തി, പൂർണസ്വാതന്ത്ര്യം ലഭിച്ചു -വ്യോമസേനാ മേധാവി

ബെംഗളൂരു: രാജ്യത്തെ രാഷ്ട്രീയ നേതൃത്വത്തില്‍നിന്നുള്ള വ്യക്തമായ നിര്‍ദേശങ്ങളാണ് ഓപ്പറേഷന്‍ സിന്ദൂറിന്റെ വിജയത്തിന് അടിസ്ഥാനമായതെന്ന് ഇന്ത്യന്‍ വ്യോമസേനാ (ഐഎഎഫ്) മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ അമര്‍ പ്രീത് സിങ്. രാഷ്ട്രീയ ഇച്ഛാശക്തിയുടെ വിജയമാണിത്. തങ്ങള്‍ക്ക് വ്യക്തമായ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. ഒരുതരത്തിലുള്ള നിയന്ത്രണവും ഉണ്ടായിരുന്നില്ല. ഓപ്പറേഷന്‍ സിന്ദൂറിന്റെ വിജയത്തിന് കാരണം ഇതാണെന്നും ബെംഗളൂരുവില്‍ ഒരു പരിപാടിയില്‍ സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
എന്തെങ്കിലും നിയന്ത്രണങ്ങളുണ്ടായിരുന്നെങ്കില്‍ അവ സ്വയം ഏര്‍പ്പെടുത്തിയതായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. എത്രത്തോളം തീവ്രത കൂട്ടണമെന്ന് തീരുമാനിച്ചത് തങ്ങളാണ്. പദ്ധതി ആസൂത്രണം ചെയ്യാനും അവ നടപ്പിലാക്കാനും തങ്ങള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യമുണ്ടായിരുന്നു. പക്വതയോടെ കാര്യങ്ങളെ സമീപിക്കാന്‍ ആഗ്രഹിച്ചതുകൊണ്ടാണ് ഇന്ത്യയുടെ ആക്രമണങ്ങള്‍ കണക്കുകൂട്ടിയുള്ളതായത്. കര-വ്യോമ-നാവിക സേനകള്‍ ഏകോപിച്ചാണ് പ്രവര്‍ത്തിച്ചതെന്നും എ.പി. സിങ് പറഞ്ഞു.
രാഷ്ട്രീയനേതൃത്വം കല്പിച്ച ചില നിയന്ത്രണങ്ങള്‍ കാരണം ഓപ്പറേഷന്‍ സിന്ദൂറിനിടെ ഇന്ത്യന്‍ വ്യോമസേനയ്ക്ക് ചില യുദ്ധവിമാനങ്ങള്‍ നഷ്ടപ്പെട്ടുവെന്ന് ഇന്‍ഡൊനീഷ്യയിലെ ഇന്ത്യന്‍ പ്രതിരോധ അറ്റാഷെ ക്യാപ്റ്റന്‍ ശിവകുമാര്‍ ഈമാസമാദ്യം പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഒരു നിയന്ത്രണവുമുണ്ടായില്ലെന്ന വ്യോമസേനാ മേധാവിയുടെ പരാമര്‍ശം. അതേസമയം, പാകിസ്താന്റെ അഞ്ച് യുദ്ധവിമാനമടക്കം ആറ് വിമാനങ്ങള്‍ ഇന്ത്യ തകര്‍ത്തെന്നും എ.പി. സിങ് അറിയിച്ചു.
മുന്‍പ് പുല്‍വാമ ഭീകരാക്രമണത്തിന് ഇന്ത്യയുടെ മറുപടിയായിരുന്ന ബാലാക്കോട്ട് ആക്രമണത്തെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ബാലാക്കോട്ട് സംഭവത്തില്‍ അകത്തുനിന്നുള്ള വിവരങ്ങള്‍ ലഭ്യമായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. അതിനാല്‍ അവിടെ നടന്ന യാഥാര്‍ഥ്യം ഇന്ത്യന്‍ ജനതയ്ക്ക് മുന്‍പില്‍ ബോധ്യപ്പെടുത്തുന്നത് വലിയ വിഷയമായി മാറി. അകത്ത് സംഭവിച്ചതിനെക്കുറിച്ച് ഇന്റലിജന്‍സ് വിവരങ്ങളുണ്ടായിരുന്നു. വലിയ നാശനഷ്ടങ്ങള്‍ സംഭവിച്ചെന്നതു സംബന്ധിച്ചും ഇന്റലിജന്‍സ് വിവരങ്ങളുണ്ടായിരുന്നു. അന്ന് നിരവധി ഭീകരരെ വധിച്ചു. പക്ഷേ, അത് ഇന്ത്യന്‍ ജനതയെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞില്ല. ഇത്തവണ അത് ബോധ്യപ്പെടുത്താന്‍ കഴിഞ്ഞതിലെ സന്തോഷവും അദ്ദേഹം പ്രകടിപ്പിച്ചു.
പഹല്‍ഗാമില്‍ ഇക്കഴിഞ്ഞ ഏപ്രില്‍ 22-ന് 26 പേരുടെ മരണത്തിന് ഇടയാക്കിയ ഭീകരാക്രമണത്തിന് ഇന്ത്യയുടെ സൈനിക മറുപടിയായിരുന്നു ഓപ്പറേഷന്‍ സിന്ദൂര്‍. പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഒന്‍പത് ഭീകരകേന്ദ്രങ്ങള്‍ ഇന്ത്യ തകര്‍ക്കുകയും നൂറിലേറെ തീവ്രവാദികളെ വധിക്കുകയും ചെയ്തു. മേയ് ഏഴിന് അര്‍ധരാത്രിയില്‍ തുടങ്ങിയ സൈനിക നടപടി നാല് ദിവസത്തോളം നീണ്ടുനിന്നു.
Content Highlights: Operation Sindoor: India's Decisive Response and Balakot Lessons Learned