‘ഒറ്റത്തിരഞ്ഞെടുപ്പ്’ ചർച്ച സുപ്രീംകോടതിയിലേക്ക്; JPC നീക്കം പാളി, ഭരണഘടനാ വിരുദ്ധമെന്ന് പ്രതിപക്ഷ വിമർശനം

ന്യൂഡൽഹി: രാജ്യത്ത് ലോക്‌സഭയിലേക്കും നിയമസഭകളിലേക്കും ഒരുമിച്ച് തിരഞ്ഞെടുപ്പ് നടത്തുന്നത് സംബന്ധിച്ച കേന്ദ്രബിൽ പരിശോധിക്കുന്ന സംയുക്ത പാർലമെന്ററി സമിതി (ജെ.പി.സി.) സുപ്രീംകോടതി ജഡ്ജിമാരുമായി നടത്താൻ നിശ്ചയിച്ച ചർച്ച പ്രതിപക്ഷ എതിർപ്പിനെത്തുടർന്ന് ഉപേക്ഷിച്ചു.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഉൾപ്പെടെയുള്ളവരുമായി ഒക്ടോബർ ആറിന് സുപ്രീംകോടതിയിൽ കൂടിക്കാഴ്ച നടത്താനായിരുന്നു ശ്രമം. സമിതിയംഗങ്ങൾക്ക് അസൗകര്യമുള്ളതിനാലാണ് സന്ദർശനം വേണ്ടെന്നുവെച്ചതെന്ന് ജെ.പി.സി. അധ്യക്ഷനായ ബി.ജെ.പി. എം.പി. പി.പി. ചൗധരി അവകാശപ്പെട്ടു.
സുപ്രീംകോടതി ജഡ്ജിമാരുമായി ജെ.പി.സി. കൂടിക്കാഴ്ചനടത്തുമെന്ന വിവരം മുതിർന്ന അഭിഭാഷകനും രാജ്യസഭാംഗവുമായ കപിൽ സിബൽ വ്യാഴാഴ്ച പത്രസമ്മേളനം വിളിച്ച് പുറത്തുവിട്ടിരുന്നു. അത്യസാധാരണവും ഭരണഘടനാവിരുദ്ധവുമായ നടപടിയാകുമിതെന്ന് കപിൽ സിബൽ വിമർശിച്ചു.
“ഭരണഘടന നിശ്ചയിച്ചിരിക്കുന്ന അധികാരവിഭജന പരിധി ലംഘിച്ചുള്ള നീക്കമാണിത്. നിയമം പാസാക്കാനാണ് പാർലമെന്റിന് അധികാരം. ആ നിയമം ശരിയോ തെറ്റോ എന്ന് തീരുമാനിക്കാനുള്ള കടമ കോടതിക്കും. ഒറ്റത്തിരഞ്ഞെടുപ്പ് ബിൽ നിയമമായാൽ അതിനെതിരേ സുപ്രീംകോടതിയിൽ ഹർജി വരാൻ സാധ്യതയുണ്ട്. അതിനാൽ ബിൽ പാർലമെന്റ് പാസാക്കുംമുൻപ് സമിതി കോടതിയിലെത്തി ചർച്ചനടത്തുന്നത് ഉചിതമല്ല. ജെ.പി.സി.യുമായി കൂടിക്കാഴ്ചയ്ക്ക് ചീഫ് ജസ്റ്റിസ് സമ്മതിച്ചതും ശരിയല്ല” -സിബൽ പറഞ്ഞു.
ജെ.പി.സി. അംഗമായ ഒരു പ്രതിപക്ഷ എം.പി.യും കോടതി സന്ദർശനം റദ്ദാക്കാനാവശ്യപ്പെട്ട് സമിതിയധ്യക്ഷന് കത്തുനൽകിയെന്നാണ് വിവരം. വിവാദമായതോടെ, നീക്കം ഉപേക്ഷിക്കുന്നതായി വ്യാഴാഴ്ച വൈകീട്ട് ചൗധരി വ്യക്തമാക്കി.
ബില്ലിലെ നിയമവിഷയങ്ങളിൽ സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസുമാരുമായും ജഡ്ജിമാരുമായും ജെ.പി.സി. നേരത്തേ കൂടിക്കാഴ്ച നടത്തിയിരുന്നു. ‘ഒരു രാജ്യം, ഒറ്റത്തിരഞ്ഞെടുപ്പ്’ നിയമനിർമാണത്തെ പ്രതിപക്ഷം എതിർക്കുകയാണ്.
Content Highlights: The Joint Parliamentary Committee (JPC) decided to cancel its planned meeting with Supreme Court judges regarding the simultaneous elections bill due to opposition objections. Opposition leader Kapil Sibal criticized the meeting as unconstitutional, arguing it violated the separation of powers and was inappropriate before the bill's passage. Following controversy and a request from an opposition MP, the JPC chairperson confirmed the cancellation of the meeting.