നിയമനങ്ങളിൽ അനിശ്ചിതത്വമുണ്ടാകും; 2012 മുതൽ ഒബിസി ക്രീമിലയർ വിധി നടപ്പാക്കണമെന്ന നിർദേശത്തിനെതിരെ കേന്ദ്രം

#ബി.ബാലഗോപാൽ/മാതൃഭൂമി ന്യൂസ്
സുപ്രീം കോർട്ട് ഓഫ് ഇന്ത്യ| Photo: Sabu Scraiachan
സുപ്രീം കോർട്ട് ഓഫ് ഇന്ത്യ| Photo: Sabu Scraiachan

ന്യൂഡൽഹി: ഒ.ബി.സി. ക്രീമിലയർ വിധി മുൻകാല പ്രാബല്യത്തോടെ നടപ്പാക്കണമെന്ന നിർദേശത്തിൽ ഇളവ് തേടി കേന്ദ്രം സുപ്രീംകോടതിയെ സമീപിച്ചു. 2012 മുതൽ വിധി നടപ്പിലാക്കണമെന്ന നിർദേശം പ്രായോഗിക ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രസർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. ഒ.ബി.സി ക്രീമിലയർ വിധി നടപ്പാക്കുന്നതിന് രണ്ട് വർഷം സമയം അനുവദിക്കണമെന്നും കേന്ദ്രസർക്കാർ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു.

മാതാപിതാക്കളുടെ വരുമാനത്തിന്റെ അടിസ്ഥാനത്തിൽ മാത്രം ഒ.ബി.സി. വിഭാഗത്തിന്റെ ക്രീമിലെയർ പദവി നിർണയിക്കാൻ കഴിയില്ലെന്നായിരുന്നു മാർച്ച് 11-ന് സുപ്രീംകോടതി വ്യക്തമാക്കിയത്. ഉദ്യോഗാർത്ഥികൾ ഒ.ബി.സി. ക്രീമിലെയറിലാണോ, നോൺ- ക്രീമിലെയറിലാണോയെന്ന് തീരുമാനിക്കാൻ സാമൂഹിക സ്ഥിതിയാകണം മാനദണ്ഡമെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഉദ്യോഗാർഥികളുടെ മാതാപിതാക്കൾ ജോലിചെയ്യുന്ന സ്ഥാപനങ്ങളിൽ വഹിക്കുന്ന തസ്തികയും പദവികളും ഉൾപ്പെടെ ക്രീമിലെയർ നിർണയത്തിന് പരിഗണിക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.

ഈ വിധിക്ക് 2012 മുതൽ മുൻകാല പ്രാബല്യം നൽകണം എന്നായിരുന്നു സുപ്രീംകോടതി നിർദേശിച്ചിരുന്നത് 2012-ൽ ആയിരുന്നു ഒ.ബി.സി ക്രീമിലയർ മാനദണ്ഡം സംബന്ധിച്ച കേസ് ഫയൽ ചെയ്തത്, ഈ സാഹചര്യത്തിലാണ് മുൻകാല പ്രാബല്യം നൽകാൻ സുപ്രീംകോടതി നിർദേശിച്ചത്. എന്നാൽ, മുൻകാല പ്രാബല്യം നൽകിയാൽ, 2012 മുതൽ നടന്ന നിയമനങ്ങളും പ്രവേശനങ്ങളും വീണ്ടും പരിശോധിക്കേണ്ട സാഹചര്യമുണ്ടാകുമെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടുന്നു. ഇതുമൂലം സീനിയോറിറ്റി ഉൾപ്പടെ പല കാര്യങ്ങളിലും അനിശ്ചിതത്വം ഉണ്ടാകാമെന്നും സർക്കാർ പറയുന്നു.

2012-ലെ സിവിൽ സർവ്വീസ് പരീക്ഷാ ഫലം മുതൽ നിയമിതരായ ഉദ്യോഗസ്ഥരുടെ സേവനത്തെയും കേഡർ അനുവദിക്കലിനെയും വിധിയുടെ മുൻകാല പ്രാബല്യം ബാധിക്കാമെന്ന് കേന്ദ്രം പറഞ്ഞു. അതിന്റെ പ്രത്യാഘാതങ്ങൾ ഒ.ബി.സി വിഭാഗത്തിൽ മാത്രം ഒതുങ്ങാതെ മറ്റ് വിഭാഗങ്ങളിലേക്കും വ്യാപിക്കാമെന്നും കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ ഫയൽ ചെയ്ത അപേക്ഷയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

വിധി നടപ്പാക്കുന്നതിന് രണ്ട് വർഷത്തെ സമയം ആവശ്യപ്പെടുന്നതിന് കേന്ദ്രം മുന്നോട്ട് വയ്ക്കുന്ന പ്രധാന വിഷയം ഇതാണ്. ഒ.ബി.സി ‘ക്രീമി ലെയർ’ നിർണയിക്കുന്നതിനായി സ്വകാര്യ മേഖലയിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ജോലിചെയ്യുന്ന മാതാപിതാക്കളുടെ പദവികളെ സർക്കാർ സർവീസിലെ വിവിധ ഗ്രൂപ്പുകളുമായി എങ്ങനെ താരതമ്യം ചെയ്യണമെന്ന് തീരുമാനിക്കേണ്ടതുണ്ട്. ഇതിനായി ബന്ധപ്പെട്ടവരുമായി കൂടിയാലോചിച്ച് തുല്യത നിർണയിക്കുന്ന ഒരു ഏകീകൃത സംവിധാനം രൂപീകരിക്കാൻ രണ്ട് വർഷം വേണമെന്നാണ് കേന്ദ്രത്തിന്റെ വാദം.

Content Highlights: The central government has approached the Supreme Court seeking a two-year extension and relaxation from applying the OBC creamy layer verdict retrospectively from 2012, citing administrative challenges.