നിയമം കൊണ്ട് ജനസംഖ്യ നിയന്ത്രിക്കാനാവില്ല, ചൈനയേ നോക്കൂ; ബിജെപി നയം തള്ളി നിതീഷ് കുമാര്‍

നിതീഷ് കുമാര്‍ |ഫോട്ടോ:PTI
നിതീഷ് കുമാര്‍ |ഫോട്ടോ:PTI

പട്‌ന: ജനസംഖ്യാ നിയന്ത്രണത്തിന് നിയമംകൊണ്ടുവരുന്ന ബിജെപി നയത്തിനോട് ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി എന്‍ഡിഎ നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍. ജനസംഖ്യാ നിയന്ത്രണത്തിന് ബിജെപി ഭരിക്കുന്ന അസം, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ നിയമ നിർമാണ നടപടികളിലേക്ക് കടന്ന പശ്ചാത്തലത്തിലാണ് നിതീഷ് കുമാറിന്റെ പ്രതികരണം.

'സംസ്ഥാനങ്ങള്‍ക്ക് അവര്‍ക്കാവശ്യമുള്ളതൊക്കെ ചെയ്യാന്‍ കഴിയും. എന്നാല്‍ ഒരു നിയമം ഉപയോഗിച്ച് ജനസംഖ്യാ നിയന്ത്രണം ഉറപ്പാക്കാന്‍ കഴിയില്ലെന്ന് ഞാന്‍ വ്യക്തമായി വിശ്വസിക്കുന്നു. ചൈനയോ മറ്റേതെങ്കിലും ഉദാഹരണങ്ങളോ എടുത്ത് നോക്കൂ' നിതീഷ് മാധ്യമങ്ങളോട് പറഞ്ഞു.

സ്ത്രീകളില്‍ കൂടുതല്‍ അവബോധം വളര്‍ത്തുകയും വിദ്യാഭ്യാസം നല്‍കുകയും ചെയ്യുന്നതിലൂടെ ജനസംഖ്യാ വളര്‍ച്ചാ നിരക്ക് കുറയ്ക്കാനാകുമെന്നും ബിഹാര്‍ മുഖ്യമന്ത്രി പറഞ്ഞു.

'2040 ആകുമ്പോഴേക്കും ജനസംഖ്യാ നിരക്ക് കുറഞ്ഞുതുടങ്ങും. ഞങ്ങള്‍ ആ വഴിക്കാണ് നീങ്ങുന്നത്. ഒരു നിയമത്തിലൂടെ ഇത് ചെയ്യാന്‍ കഴിയുമെന്ന് ചില ആളുകള്‍ വിശ്വസിക്കുന്നുവെങ്കില്‍ അത് അവരുടെ ചിന്ത മാത്രമാണ്. ഇതെങ്ങനെ പ്രാവര്‍ത്തികമാക്കുമെന്ന ഞങ്ങളുടെ ചിന്ത വ്യക്തമാണ്. ഇതൊരു സമുദായത്തെ മാത്രമല്ല. സ്ത്രീകള്‍ വിദ്യാസമ്പന്നരായാല്‍ എല്ലാവര്‍ക്കും പ്രയോജനം ലഭിക്കും. ബിഹാറിലെ പ്രത്യുത്പാദന തോത് എത്രത്തോളം കുറഞ്ഞുവെന്നത് ഡാറ്റയില്‍ കാണാം' നിതീഷ് കുമാര്‍ പറഞ്ഞു.

ഉത്തര്‍പ്രദേശ് ചൈനയില്‍ നിന്നുള്ള ജനസംഖ്യാ നിയന്ത്രണ നയം അംഗീകരിച്ചിട്ടുണ്ട്, പക്ഷേ ചൈനയില്‍ എന്താണ് സംഭവിച്ചതെന്ന് എല്ലാവര്‍ക്കും അറിയാം. സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം ലഭിച്ച ശേഷമാണ് ജനനനിരക്ക് നിയന്ത്രിക്കാനാകുക. സ്ത്രീകള്‍ വിദ്യാഭ്യാസം നേടിയാല്‍ ജനസംഖ്യയെക്കുറിച്ചുള്ള അവബോധം സ്വയമേ വരും. അതനുസരിച്ച് ജനസംഖ്യ നിയന്ത്രിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു..

Content Highlights: