ചാരപ്പണിക്ക് സിം കാർഡ് എത്തിച്ചയാൾ അറസ്റ്റിൽ; ചോർത്തിയത് നാവികസേനയുടെ രഹസ്യ ഡേറ്റ

ബെംഗളൂരു: നാവികസേനയുടെ രഹസ്യ ഡേറ്റ വിദേശത്തെ അനധികൃത സ്ഥാപനങ്ങൾക്ക് ചോർത്തി നൽകിയതുമായി ബന്ധപ്പെട്ട് ഗുജറാത്ത് സ്വദേശിയെ അറസ്റ്റുചെയ്തു. 34-കാരനായ ഹിരേന്ദ്ര കുമാറാണ് അറസ്റ്റിലായത്. ഗുജറാത്തിലെ ആനന്ദ് താലൂക്കിൽനിന്ന് ഉഡുപ്പി പോലീസാണ് ഇയാളെ പിടികൂടിയത്. സമുദ്ര സുരക്ഷയുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്ന മൂന്നാമത്തെയാളാണ് ഹിരേന്ദ്ര. കർക്കല സബ് ഡിവിഷനിലെ ഹർഷ് പ്രിയംവദയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് ഇയാളെ കണ്ടെത്തിയത്.
പാകിസ്താൻ ഹാൻഡ്‌ലർമാരുമായി ആശയവിനിമയം നടത്താൻ വാട്‌സാപ്പ് അക്കൗണ്ടുകൾ സജീവമാക്കാൻ സഹായിച്ചത് ഹിരേന്ദ്രയാണെന്ന് പോലീസ് പറഞ്ഞു. ഇയാൾ നൽകിയ സിം കാർഡുകളും ഒടിപികളും ഉപയോഗിച്ചാണ് ഇത് സാധ്യമാക്കിയത്. ഹിരേന്ദ്ര സ്വന്തം പേരിൽ സിം കാർഡ് വാങ്ങി പണം വാങ്ങി പ്രധാന പ്രതിക്ക് കൈമാറിയതായി ആരോപണമുണ്ട്. കുമാറിനെ കോടതിയിൽ ഹാജരാക്കിയ ശേഷം ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
2025 നവംബറിൽ മാൽപേയിലെ ഉഡുപ്പി കൊച്ചിൻ ഷിപ്പ്‌യാർഡിൽ സുരക്ഷാ വീഴ്ച കണ്ടെത്തിയതിനെത്തുടർന്നാണ് കേസ് എടുത്തത്. സുരക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് നേരത്തേ യുപി സ്വദേശികളായ രോഹിത് (29), സാന്ത്രി (37) എന്നിവരെ അറസ്റ്റുചെയ്തിരുന്നു. ഹിരേന്ദ്രകുമാർ കൂടി അറസ്റ്റിലായതോടെ ഒന്നിലധികം സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ച ഒരു വലിയ കണ്ണി ഇതിനു പിന്നിലുണ്ടെന്ന നിഗമനത്തിലാണ് പോലീസ്.
Content Highlights: Indian Navy Data Leak: Gujarat Man Arrested in Espionage Ring Probe