നേസല്‍ വാക്‌സിന്‍: വില 800-ന് മുകളില്‍, ബൂസ്റ്റര്‍ ഡോസായി സ്വീകരിക്കാം

പ്രതീകാത്മക ചിത്രം | Photo: Twitter/Bharat Biotech
പ്രതീകാത്മക ചിത്രം | Photo: Twitter/Bharat Biotech


ന്യൂഡല്‍ഹി: ഭാരത് ബയോടെക്ക് വികസിപ്പിച്ച മൂക്കിലൂടെ നല്‍കുന്ന കോവിഡ് പ്രതിരോധ വാക്‌സിന്റെ വില പുറത്തുവിട്ടു. നികുതിക്കു പുറമേ 800 രൂപയാണ് സ്വകാര്യ ആശുപത്രികളിലെ വാക്‌സിന്റെ വില. വാക്‌സിന്‍ എടുക്കേണ്ടവര്‍ക്ക്  കോവിന്‍ പോര്‍ട്ടലില്‍ സ്ലോട്ടുകള്‍ ബുക്ക് ചെയ്യാന്‍ കഴിയും. ജനുവരി അവസാന വാരത്തിലാണ് വാക്‌സിന്‍ പുറത്തിറക്കുക. വാക്‌സിന്‍ കൂടുതല്‍ ഉത്പാദിപ്പിക്കുന്നതോടെ ഡോസിന് 325 രൂപ നിരക്കില്‍ ലഭ്യമാകും. 

18 വയസ്സിനുമുകളിലുള്ള കോവീഷീല്‍ഡ്, കോവാക്സിന്‍ എന്നിവ സ്വീകരിച്ചവര്‍ക്ക് ബൂസ്റ്റര്‍ ഡോസായി നേസല്‍ വാക്സിന്‍ സ്വീകരിക്കാം. ഇന്‍കോവാക്(ബി.ബി.വി.154) എന്ന പേരിലാണ് വാക്സിന്‍ അറിയപ്പെടുക. അടിയന്തര സാഹചര്യങ്ങളില്‍ വാക്സിന്റെ നിയന്ത്രിത ഉപയോഗത്തിന് കഴിഞ്ഞ നവംബറില്‍ തന്നെ അനുമതി നല്‍കിയിരുന്നു.

വാഷിങ്ടണ്‍ യൂണിവേഴ്സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിനുമായി ചേര്‍ന്നാണ് ഭാരത് ബയോടെക്ക് നേസല്‍ വാക്സിന്‍ വികസിപ്പിച്ചത്. ഭാരത് ബയോടെക്കിന്റെ കോവാക്സിന്‍, സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡ്, കോവോവാക്സ്, റഷ്യന്‍ വാക്സിനായ സ്പുടിനിക് വി, ബയോളജിക്കല്‍ ഇയുടെ കോര്‍ബേവാക്സ് എന്നിവയാണ് നിലവില്‍ കോവിന്‍ പോര്‍ട്ടലില്‍ ലഭ്യമായിട്ടുള്ളത്.

Content Highlights: nasal vaccines pricing out