76-ന്റെ നിറവിൽ മോദി; ഗുജറാത്തിൽ നിന്ന് ന്യൂഡൽഹിയിലേക്കുള്ള 25 വർഷത്തെ സംഭവബഹുലമായ രാഷ്ട്രീയ യാത്ര

#ന്യൂസ് ഡെസ്ക്
പ്രധാനമന്ത്രി നരേന്ദ്ര മോദി | Photo: ANI
പ്രധാനമന്ത്രി നരേന്ദ്ര മോദി | Photo: ANI

ന്ന് 76-ാം പിറന്നാൾ ആഘോഷിക്കുകയാണ് ഇന്ത്യയുടെ പ്രധാനമന്ത്രിയായ നരേന്ദ്ര മോദി. രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നുമായി നിരവധി പേരാണ് മോദിക്ക് ആശംസകൾ നേരുന്നത്. 1950 സെപ്റ്റംബർ 17-ന് ഗുജറാത്തിലെ വഡ്‌നഗറിലാണ് നരേന്ദ്ര മോദി ജനിച്ചത്. മോദിയുടെ ഇത്തവണത്തെ ജന്മദിനത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. 2026 ഒക്ടോബർ ഏഴിന് ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിട്ട് 25 വർഷം പൂർത്തിയാക്കുകയാണ് മോദി. വഡ്‌നഗറിൽ നിന്ന് ഗുജറാത്ത് മുഖ്യമന്ത്രിയിലേക്കും അവിടെ നിന്ന് ഇന്ത്യയുടെ പ്രധാനമന്ത്രിയിലേക്കുമുള്ള അദ്ദേഹത്തിന്റെ രാഷ്ട്രീയ യാത്രയുടെ പ്രധാന നാഴികക്കല്ലുകൾ പരിശോധിക്കാം.

ഭൂകമ്പത്തിന് പിന്നാലെ ഗുജറാത്തിന്റെ ചുമതല

2001 ജനുവരി 26-ലെ ഭൂകമ്പത്തിൽ ഗുജറാത്ത് വലിയ നാശനഷ്ടം നേരിട്ടതിന് മാസങ്ങൾക്കുശേഷമാണ് മോദി മുഖ്യമന്ത്രിയാകുന്നത്. അന്ന് ബിജെപിയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ആയിരുന്ന 51-കാരൻ നരേന്ദ്ര ദാമോദർദാസ് മോദി ആ വർഷം ഒക്ടോബർ ഏഴിന് കേശുഭായ് പട്ടേലിന് പകരക്കാരനായാണ് ഗുജറാത്തിന്റെ ഭരണചുമതലയേറ്റത്.

ഭൂകമ്പത്തിന്റെ ആഘാതത്തിനൊപ്പം വരൾച്ച, കുടിവെള്ളക്ഷാമം, അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് തുടങ്ങിയ പ്രശ്‌നങ്ങളും മോദിക്ക് മുന്നിലുണ്ടായിരുന്നു. പുനർനിർമാണത്തിനൊപ്പം ഭരണസംവിധാനത്തെ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും മോദി ഊന്നൽ നൽകിയതായി അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ച നേതാക്കൾ പറയുന്നു.

ഗുജറാത്ത് കലാപത്തിന്റെ കരിനിഴൽ

മോദിയുടെ രാഷ്ട്രീയ യാത്രയിലെ ഏറ്റവും വിവാദമായ അധ്യായമായിരുന്നു 2002-ലെ ഗുജറാത്ത് കലാപം. ഗോധ്രയിൽ ട്രെയിനിന് തീപിടിച്ച് 59 പേർ കൊല്ലപ്പെട്ടതിന് പിന്നാലെ സംസ്ഥാനത്ത് വ്യാപകമായ ഹിന്ദു-മുസ്ലിം സംഘർഷമുണ്ടായി. ഔദ്യോഗിക കണക്കുകൾ പ്രകാരം 1,169 പേർ കൊല്ലപ്പെട്ടു. അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദിയുടെ ഭരണകൂടം കലാപം കൈകാര്യം ചെയ്ത രീതിയെക്കുറിച്ച് കടുത്ത വിമർശനങ്ങൾ ഉയർന്നു. 2022-ൽ സുപ്രീംകോടതി പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് അംഗീകരിക്കുകയും മോദിയുൾപ്പെടെയുള്ളവർക്കെതിരായ ഗൂഢാലോചന ആരോപണങ്ങളിൽ തുടർനടപടിക്ക് അടിസ്ഥാനമില്ലെന്ന നിലപാട് വ്യക്തമാക്കുകയും ചെയ്തു. കലാപബാധിതരുടെ അനുഭവങ്ങളും അതിനെ ചുറ്റിപ്പറ്റിയ രാഷ്ട്രീയ-നിയമ പോരാട്ടങ്ങളും മോദിയുടെ 25 വർഷത്തെ രാഷ്ട്രീയ യാത്രയിലെ ഇന്നും ചർച്ച ചെയ്യപ്പെടുന്ന ഇരുണ്ട അധ്യായമായി തുടരുന്നു.

'ഗുജറാത്ത് മോഡൽ' ദേശീയ രാഷ്ട്രീയത്തിലേക്ക്

അടിസ്ഥാന സൗകര്യ വികസനം, വ്യവസായം, നിക്ഷേപം, റോഡുകൾ, ജലവിതരണം തുടങ്ങിയ മേഖലകളിൽ ഗുജറാത്തിൽ നടപ്പാക്കിയ പ്രവർത്തനങ്ങൾ പിന്നീട് 'ഗുജറാത്ത് മോഡൽ' എന്ന പേരിൽ ദേശീയ രാഷ്ട്രീയത്തിലെ പ്രധാന ചർച്ചയായി. നിശ്ചിത സമയപരിധിക്കുള്ളിൽ പദ്ധതികൾ പൂർത്തിയാക്കുന്നതിന് നൽകിയ പ്രാധാന്യവും മോദിയുടെ ഭരണശൈലിയുടെ പ്രത്യേകതയായി അദ്ദേഹത്തെ പിന്തുണയ്ക്കുന്ന നേതാക്കൾ ചൂണ്ടിക്കാണിക്കുന്നു. അതോടൊപ്പം സാമൂഹിക ക്ഷേമപദ്ധതികൾക്കും പിന്നാക്ക വിഭാഗങ്ങളിലേക്കുള്ള സർക്കാർ സഹായത്തിനും പ്രാധാന്യം നൽകിയതായാണ് ബിജെപി നേതാക്കളുടെ വിലയിരുത്തൽ.

ഡൽഹി യാത്ര

2013-ൽ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയായി മോദിയെ പ്രഖ്യാപിച്ചതോടെ ഗുജറാത്തിലെ രാഷ്ട്രീയ നേതാവിൽ നിന്ന് ദേശീയ നേതാവിലേക്കുള്ള മാറ്റം പൂർത്തിയായി. 2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിച്ചു. തുടർന്ന് 2014 മേയ് മാസത്തിൽ മോദി പ്രധാനമന്ത്രിയായി അധികാരമേറ്റു. തുടർന്ന് 2019-ലും 2024-ലും വീണ്ടും പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. മോദി ഭരിക്കുന്ന ഇന്ത്യയിൽ ആർട്ടിക്കിൾ 370 റദ്ദാക്കൽ, അയോധ്യയിലെ രാമക്ഷേത്രവുമായി ബന്ധപ്പെട്ട നടപടികൾ തുടങ്ങിയ ബിജെപിയുടെയും ആർഎസ്എസിന്റെയും ദീർഘകാല ആശയപരമായ വിഷയങ്ങളിലും നിർണായക തീരുമാനങ്ങൾ ഉണ്ടായി.

മൂന്നാം ടേമിൽ പുതിയ രാഷ്ട്രീയ സാഹചര്യം

2024-ലെ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ലോക്‌സഭയിലെ ഒറ്റയ്ക്കുള്ള ഭൂരിപക്ഷം നഷ്ടപ്പെട്ടു. ഇതോടെ എൻഡിഎ സഖ്യകക്ഷികളുടെ പിന്തുണ മോദിയുടെ പ്രധാനമന്ത്രിപദത്തിന് അനിവാര്യമായി. ഇതിനൊപ്പം തൊഴിൽ അവസരങ്ങൾ, പരീക്ഷാ ചോദ്യപേപ്പർ ചോർച്ച, സിജെപി സമരത്തെ തുടർന്ന് വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്രപ്രധാൻ രാജിവെച്ചത് തുടങ്ങിയ വിഷയങ്ങൾ സർക്കാരിന് തലവേദനയായത്.

അന്താരാഷ്ട്ര തലത്തിലാകട്ടെ യുക്രൈൻ യുദ്ധം, പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ, അമേരിക്കയുടെ വ്യാപാരനയത്തിലെ മാറ്റങ്ങൾ തുടങ്ങിയ സംഭവവികാസങ്ങളും മോദി സർക്കാരിന്റെ വിദേശനയത്തിന് പുതിയ വെല്ലുവിളികൾ സൃഷ്ടിച്ചു.

76-ാം വയസിലെ നാഴികക്കല്ല്

സെപ്റ്റംബർ 17-ന് 76-ാം പിറന്നാൾ ആഘോഷിക്കുന്ന മോദി മൂന്നാഴ്ചയ്ക്കുള്ളിൽ മറ്റൊരു പ്രധാന നാഴികക്കല്ല് പിന്നിടും. ഒക്ടോബർ ഏഴിന്, അധികാര രാഷ്ട്രീയത്തിൽ 25 വർഷം പൂർത്തിയാക്കുന്ന നേതാവ് എന്ന ഖ്യാതി മോദിയെ തേടിയെത്തും. ഗുജറാത്ത് മുഖ്യമന്ത്രിയായി 12 വർഷവും ഏഴ് മാസവുമാണ് മോദി തുടർന്നത്. പ്രധാനമന്ത്രി എന്ന നിലയിലാകട്ടെ, 12 വർഷവും മൂന്നുമാസവും അദ്ദേഹം പൂർത്തിയാക്കി.

വഡ്‌നഗറിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച ഒരാൾ 2001-ൽ ഗുജറാത്തിന്റെ ഭരണചുമതല ഏറ്റെടുക്കുകയും പിന്നീട് 2014-ൽ ഇന്ത്യയുടെ പ്രധാനമന്ത്രിപദം കൈപ്പിടിയിലൊതുക്കുകയും തുടർന്ന് മൂന്നാം തവണയും പ്രധാനമന്ത്രിപദം നിലനിർത്തുകയും ചെയ്ത 25 വർഷം. വികസനം, ക്ഷേമപദ്ധതികൾ, സംഘടനാ രാഷ്ട്രീയം, ആശയപരമായ തീരുമാനങ്ങൾ, വിദേശനയം, വിവാദങ്ങൾ എന്നിവയെല്ലാം ഉൾപ്പെട്ട സംഭവബഹുലമായിരുന്നു നരേന്ദ്രമോദിയുടെ രാഷ്ട്രീയ യാത്ര.

Content Highlights: Prime Minister Narendra Modi turns 76, celebrating a historic milestone of completing 25 years in governance. His journey spans from serving as Gujarat Chief Minister in 2001 to leading India as Prime Minister since 2014.