പി.എൻ.ബി. തട്ടിപ്പ്: നീരവ്‌മോദിയുടെ കൂട്ടാളി സന്ദീപ് മിസ്ത്രി പിടിയിൽ

മുംബൈ: പി.എൻ.ബി. തട്ടിപ്പുമായി ബന്ധപ്പെട്ട് നീരവ്‌മോദിയുടെ സഹായി, യു.എ.ഇ.യിൽനിന്ന് നാടുകടത്തപ്പെട്ട സന്ദീപ് മിസ്ത്രിയെ സി.ബി.ഐ. അറസ്റ്റുചെയ്തു. തിങ്കളാഴ്ച മുംബൈയിലെത്തിച്ച സന്ദീപ് മിസ്ത്രിയെ ചൊവ്വാഴ്ച സി.ബി.ഐ. ഔദ്യോഗികമായി അറസ്റ്റുചെയ്തു.
ഇയാളെ പ്രത്യേക സി.ബി.ഐ. കോടതിയിൽ ഹാജരാക്കി. എന്നാൽ, റിമാൻഡു ചെയ്യാൻ സി.ബി.ഐ. ആവശ്യപ്പെട്ടില്ല. തുടർന്ന് കോടതി ഒക്ടോബർ ആറുവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
2025 നവംബറിൽ പ്രത്യേക കോടതി പുറപ്പെടുവിച്ച ജാമ്യമില്ലാ വാറന്റ് അനുസരിച്ചായിരുന്നു അറസ്റ്റ്. നീരവ് മോദിയുടെ ഹോങ്കോങ് ആസ്ഥാനമായുള്ള ഫാൻസി ക്രിയേഷൻസ് ലിമിറ്റഡിന്റെ ഡയറക്ടറായിരുന്നു മിസ്ത്രി. പഞ്ചാബ് നാഷണൽ ബാങ്കിൽനിന്ന് കോടികളുടെ തട്ടിപ്പു നടത്തിയതിൽ നീരവ് മോദിയുമായും മറ്റു പ്രതികളുമായും ചേർന്ന് ക്രിമിനൽ ഗൂഢാലോചനയിൽ മിസ്ത്രി സജീവപങ്കുവഹിച്ചുവെന്ന് സി.ബി.ഐ. ആരോപിച്ചു.
നീരവ് മോദി, ബന്ധു മെഹുൽ ചോക്സി തുടങ്ങിയവർ കള്ളപ്പണം വെളുപ്പിക്കൽ കുറ്റത്തിന് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) അന്വേഷണം നേരിടുകയാണ്. ഇവർ ബാങ്ക് ഉദ്യോഗസ്ഥരുമായി ചേർന്ന് മുംബൈയിലെ ബ്രാഡിഹൗസ് പി.എൻ.ബി. ശാഖയിൽനിന്ന് വ്യാജ ലെറ്റർ ഓഫ് അണ്ടർടേക്കിങ് (എൽ.ഒ.യു.) ഉണ്ടാക്കിയെടുത്ത് രണ്ടു ബില്യൺ യു.എസ്. ഡോളറിലധികം (13,000 കോടിയിലധികം രൂപ) തട്ടിപ്പു നടത്തിയെന്നാണ് ആരോപണം.
Content Highlights: Sandeep Mistry, linked to the PNB scam, was arrested by CBI after being extradited from UAE, and presented in a special court.