തത്സമയം ബാങ്കുവിളി കേൾക്കാൻ മൊബൈൽ ആപ്ലിക്കേഷൻ, തീരുമാനം ഉച്ചഭാഷിണി വിവാദത്തിനിടെ

മുംബൈ: പള്ളികളിലെ ഉച്ചഭാഷിണി വിവാദത്തിനിടെ മാഹിം ജുമാമസ്ജിദ് വിശ്വാസികൾക്ക് തത്സമയം ബാങ്കുവിളി കേൾക്കാൻ മൊബൈൽ ആപ്ലിക്കേഷൻ തുടങ്ങി. തമിഴ്നാട്ടിലെ ഒരുസംഘം പ്രൊഫഷണലുകളുടെ സാങ്കേതികപിന്തുണയോടെയാണ് ആപ്പ് പുറത്തിറക്കിയത്.
’ഓൺലൈൻ ആസാൻ ആപ്പ്’എന്നാണ് പേര്. മുംബൈയിലെ പള്ളികളിൽ ഉച്ചഭാഷിണികൾക്കെതിരേ പോലീസ് നടപടികൾ സ്വീകരിച്ചുവരുന്നതിന്റെ പശ്ചാത്തലത്തിലാണ് മാഹിം ജുമാ മസ്ജിദിന്റെ ഈ സംരംഭം. പള്ളികളിലെ ഉച്ചഭാഷിണികളിൽ 45-56 ഡെസിബെൽപരിധി ഏർപ്പെടുത്തണമെന്ന കോടതി ഉത്തരവ് പാലിക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് കിരീട് സോമയ്യ രംഗത്തുവരുകയും പോലീസ് നടപടികൾ ആരംഭിക്കുകയും ചെയ്തിരുന്നു. ഇതോടെ മുസ്‌ലിം സംഘടനാനേതാക്കൾ ഉപമുഖ്യമന്ത്രി അജിത് പവാറിനെ സന്ദർശിച്ച് ആശങ്കയറിയിച്ചിരുന്നു.
പള്ളികളിലെ ഉച്ചഭാഷിണികൾക്ക് ബദലായിട്ടാണ് ആപ്പ് വികസിപ്പിച്ചതെന്ന് മാഹിം ജുമാമസ്ജിദിന്റെ മാനേജിങ് ട്രസ്റ്റി ഫഹദ് ഖലീൽ പത്താൻ പറഞ്ഞു. പള്ളിയിൽനിന്നുള്ള ബാങ്കുവിളിയുടെ സമയത്തുതന്നെ മൊബൈൽഫോണുകളിലൂടെ അതിന്റെ തത്സമയ ഓഡിയോ സ്ട്രീം പ്ലേചെയ്ത് തുടങ്ങുമെന്ന് ഫഹദ് ഖലീൽ പത്താൻ പറഞ്ഞു.
Content Highlights: Mahim Juma Masjid in Mumbai launches `Online Azan` app to stream live Azan