‘പ്രതീക്ഷകൊണ്ട് ലോകത്തെ പ്രകാശപൂരിതമാക്കട്ടെ’; ഫോൺ വിളിച്ച് ദീപാവലി ആശംസിച്ച് ട്രംപ്, നന്ദിയറിയിച്ച് മോദി

ന്യൂഡല്‍ഹി: ഫോണ്‍ വിളിച്ച് ദീപാവലി ആശംസ നേര്‍ന്നതിന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് നന്ദി ആശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയും യുഎസും പ്രതീക്ഷകൊണ്ട് ലോകത്തെ പ്രകാശപൂരിതമാക്കുന്നത് തുടരട്ടെയെന്നും പ്രധാനമന്ത്രിയുടെ എക്‌സ് പോസ്റ്റില്‍ പറയുന്നു. താരിഫ്, ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ അവകാശവാദം, റഷ്യ, ചൈന എന്നീ രാജ്യങ്ങളുമായുള്ള ബന്ധം തുടങ്ങിയവയുടെ പേരിലെല്ലാം ഇരുരാജ്യങ്ങളും തമ്മിലുള്ള അഭിപ്രായ ഭിന്നതകള്‍ നിലനില്‍ക്കേയാണ് മോദിയുടെ പുതിയ പോസ്റ്റ്.
'പ്രസിഡന്റ് ട്രംപ്, താങ്കളുടെ ഫോണ്‍ കോളിനും ഊഷ്മളമായ ദീപാവലി ആശംസകള്‍ക്കും നന്ദി. ഈ ദീപങ്ങളുടെ ഉത്സവത്തില്‍, നമ്മുടെ രണ്ട് മഹത്തായ ജനാധിപത്യ രാജ്യങ്ങളും പ്രതീക്ഷകൊണ്ട് ലോകത്തെ പ്രകാശപൂരിതമാക്കുന്നതും എല്ലാത്തരം ഭീകരതയ്‌ക്കെതിരേയും ഒറ്റക്കെട്ടായി നിലകൊള്ളുന്നതും തുടരട്ടെ', മോദി എക്‌സില്‍ കുറിച്ചു.
നേരത്തേ, വൈറ്റ് ഹൗസില്‍ ചൊവ്വാഴ്ച സംഘടിപ്പിച്ച ആഘോഷങ്ങളുടെ ഭാഗമായി ഓവല്‍ ഓഫീസില്‍ വിളക്ക് കൊളുത്തി ട്രംപ് ഇന്ത്യയിലെ ജനങ്ങള്‍ക്ക് ദീപാവലി ആശംസകള്‍ നേര്‍ന്നിരുന്നു. ദീപാവലിക്ക് ദീപങ്ങള്‍ തെളിയിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. തിന്മയ്ക്കും അന്ധകാരത്തിനും മേലുള്ള പ്രകാശത്തിന്റെയും വിജയത്തിന്റെയും ഓര്‍മപ്പെടുത്തലാണ് ഈ ഉത്സവമെന്ന് വിശേഷിപ്പിച്ച ട്രംപ്, ദീപാവലി ആഘോഷിക്കുന്ന എല്ലാ അമേരിക്കക്കാര്‍ക്കും ആശംസകള്‍ നേരുകയും ചെയ്തു. മോദിയുമായി സംസാരിച്ചെന്നും മികച്ച സംഭാഷണമാണ് നടന്നതെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അദ്ദേഹം ഒരു മികച്ച വ്യക്തിയാണെന്നും വര്‍ഷങ്ങളായി നല്ല സുഹൃത്തായി മാറിയെന്നും പറഞ്ഞുകൊണ്ട് മോദിയെ പ്രശംസിക്കുകയും ചെയ്തു. ഇരുവരും തമ്മില്‍ വ്യാപാരത്തെക്കുറിച്ച് സംസാരിച്ചെന്നും അദ്ദേഹത്തിന് അതില്‍ താത്പര്യമുണ്ടെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
Content Highlights: PM Modi Thanks President Trump, Emphasizing Unity Against Terrorism