പതിവ് വാഹനം ഒഴിവാക്കി, മോദിയും പുതിനും വെള്ള ഫോര്‍ച്യൂണറില്‍; യൂറോപ്പിനുള്ള സന്ദേശമോ? കാരണങ്ങളിതൊക്കെ

ന്യൂഡല്‍ഹി: നാലുവര്‍ഷത്തിന് ശേഷമുള്ള റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്റെ ഇന്ത്യാ സന്ദര്‍ശനം ഏറെ ശ്രദ്ധ നേടിയിരുന്നു. ചുവപ്പ് പരവതാനി വിരിച്ചുള്ള സ്വീകരണം, പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രോട്ടോക്കോള്‍ ലംഘിച്ച് വിമാനത്താവളത്തില്‍ അദ്ദേഹത്തെ സ്വീകരിക്കാനെത്തിയത്. ഒരേ കാറില്‍ ഇരുനേതാക്കളുടേയും യാത്ര. തുടങ്ങി മികച്ച ദൃശ്യാനുഭവമായിരുന്നു പുതിന്റെ ഇന്ത്യാ സന്ദര്‍ശനം.
അത്താഴ വിരുന്നിനായി മോദിയും പുതിനും പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ഒരേ കാറില്‍ യാത്ര ചെയ്തതായിരുന്നു ഇതില്‍ ഏറെ ശ്രദ്ധനേടിയത്. ഇതിനായി ഉപയോഗിച്ച വാഹനമായിരുന്നു ഏറെ ശ്രദ്ധിക്കപ്പെട്ടത്.
പുതിനൊപ്പമുള്ള യാത്രയ്ക്കായി പ്രധാനമന്ത്രി മോദി തന്റെ പതിവ് റേഞ്ച് റോവറിന് പകരം വെളുത്ത ടൊയോട്ട ഫോര്‍ച്യൂണര്‍ തിരഞ്ഞെടുത്തത് കൗതുകമുണര്‍ത്തിയിരുന്നു. വാഹനത്തിന്റെ മാറ്റത്തില്‍ ഔദ്യോഗികമായി ഒന്നുമില്ലെന്നാണ് സുരക്ഷാ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ലോകംമുഴുവന്‍ ഉറ്റുനോക്കുന്ന ഒരു നയതന്ത്ര കണ്ടുമുട്ടലില്‍ ജാപ്പനീസ് വാഹനം തിരഞ്ഞെടുത്തതിന് പിന്നില്‍ നിരവധി സിദ്ധാന്തങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ചിലര്‍ സുരക്ഷ ക്രമീകരണങ്ങള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ യൂറോപ്യന്‍ രാജ്യങ്ങളുടെ വാഹനം പുതിന്‍ മനഃപൂര്‍വ്വം ഒഴിവാക്കിയെന്നാണ് മറ്റുചിലരുടെ വാദം.
വിഐപി വാഹനങ്ങള്‍ക്ക് സാധാരണ നമ്പര്‍ പ്ലേറ്റുകള്‍ ഉപയോഗിക്കാത്തപ്പോള്‍ ഇവര്‍ സഞ്ചരിച്ച വാഹനത്തിന് മഹാരാഷ്ട്ര രജിസ്‌ട്രേഷന്‍ നമ്പര്‍ പ്ലേറ്റ് ഉണ്ടായിരുന്നുവെന്നതും ശ്രദ്ധയമാണ്. കൗതുകകരമെന്ന് പറയട്ടെ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് റഷ്യന്‍ പ്രതിരോധമന്ത്രിക്കൊപ്പം ദേശീയ യുദ്ധസ്മാരകത്തില്‍ പുഷ്പചക്രം അര്‍പ്പിക്കാനെത്തിയപ്പോഴും തിരഞ്ഞെടുത്തത് വെളുത്ത ഫോര്‍ച്യൂണറായിരുന്നു. റഷ്യന്‍ നേതാക്കള്‍ക്ക് യൂറോപ്യന്‍ നിര്‍മിത വാഹനങ്ങളില്‍ സഞ്ചരിക്കാനുള്ള പ്രയാസം ചൂണ്ടിക്കാട്ടിയുള്ള സിദ്ധാന്തത്തെ സാധൂകരിക്കുന്നതായിരുന്നു ഈ യാത്രയും.
യുക്രൈന്‍ യുദ്ധ പശ്ചാത്തലത്തില്‍ പാശ്ചാത്യ രാജ്യങ്ങള്‍ക്ക് ഒരു സന്ദേശം നല്‍കുക എന്ന ലക്ഷ്യമാണ് ഇതിന് പിന്നിലെന്നാണ് ഇത്തരത്തിലുള്ള വാദമുയര്‍ത്തുന്നവര്‍ അവകാശപ്പെടുന്നത്.
ടൊയോട്ട ഒരു ജാപ്പനീസ് ബ്രാന്‍ഡാണെങ്കിലും, പ്രധാനമന്ത്രി മോദിയുടെ അഭിലാഷമായ 'മെയ്ക്ക് ഇന്‍ ഇന്ത്യ' സംരംഭവുമായി യോജിപ്പിച്ച് കര്‍ണാടകയിലാണ് അവര്‍ കാര്‍ അസംബിള്‍ ചെയ്യുന്നത്.
നിലവില്‍, പ്രധാനമന്ത്രിയുടെ ഔദ്യോഗിക വാഹനങ്ങളില്‍ റേഞ്ച് റോവറും മെഴ്സിഡസ്-മെയ്ബാക്ക് S650 ഗാര്‍ഡും ഉള്‍പ്പെടുന്നു. റേഞ്ച് റോവര്‍ ടാറ്റാ മോട്ടോഴ്സിന്റെ ഉടമസ്ഥതയിലുള്ളതാണെങ്കിലും യുകെയിലാണ് നിര്‍മിക്കുന്നത്. മറുവശത്ത്, മെഴ്സിഡസ്-ബെന്‍സ് ഒരു ജര്‍മ്മന്‍ ബ്രാന്‍ഡാണ്. യുക്രൈന്‍ യുദ്ധത്തെത്തുടര്‍ന്ന് യുകെയും ജര്‍മ്മനിയും റഷ്യക്കെതിരെ കടുത്ത ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അതേസമയം ഒരു വിദേശ രാഷ്ട്രത്തലവന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയോടൊപ്പം ഒരു വാഹനത്തില്‍ യാത്ര ചെയ്യുമ്പോള്‍, SPG പൂര്‍ണ്ണമായ പ്രവര്‍ത്തന നിയന്ത്രണം ഏറ്റെടുക്കും. ഒപ്പം റഷ്യന്‍ ഫെഡറല്‍ പ്രൊട്ടക്ഷന്‍ സര്‍വീസിന്റെ ആവശ്യകതകളും നിറവേറ്റുന്നതിനാണ് ഫോര്‍ച്യൂണര്‍ ഉപയോഗിച്ചതെന്നാണ് സുരക്ഷാ വാദം ഉന്നയിക്കുന്ന നിരീക്ഷകരുടെ കണ്ടെത്തല്‍.
എന്നാല്‍ ഫോര്‍ച്യൂണര്‍ തിരഞ്ഞെടുക്കാനുള്ള പ്രധാന കാരണം അതിലെ സീറ്റിംഗ് ക്രമീകരണം ആണെന്നാണ് ഉദ്യോഗസ്ഥ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. പ്രധാനമന്ത്രിയുടെ റേഞ്ച് റോവറിന് മൂന്നാമത്തെ നിര ഇല്ലാത്തതിനാല്‍, രണ്ട് നേതാക്കള്‍ക്കൊപ്പം പരിഭാഷകരെ ഉള്‍ക്കൊള്ളാന്‍ അത് അനുയോജ്യമല്ലായിരുന്നുവെന്നാണ് ഇവര്‍ പറയുന്നത്.
അതേസമയം യാത്രയില്‍ പ്രധാനമന്ത്രി മോദിയുടെ റേഞ്ച് റോവറും പുതിന്റെ ഓറസ് സെനാറ്റും വെള്ള ഫോര്‍ച്യൂണറിനെ പിന്തുടര്‍ന്നിരുന്നു.
Content Highlights: Explore the reasons behind PM Modi choosing a Toyota Fortuner for President Putin`s visit