ഗയാന ബാർബഡോസ്,ഡൊമിനിക്ക എന്നിവയുടെ പരമോന്നതബഹുമതികൾ;മോദിയ്ക്ക് ലഭിച്ച അന്താരാഷ്ട്രബഹുമതികൾ 19 ആയി

ന്യൂഡല്‍ഹി: ബ്രസീലില്‍ നടന്ന ജി20 ഉച്ചകോടിയ്ക്ക് ശേഷം സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാജ്യത്തെ പരമോന്നതബഹുമതികള്‍ നല്‍കി ആദരിച്ച് ഗയാനയും ബാര്‍ബഡോസും ഡൊമിനിക്കയും. ദ ഓഡര്‍ ഓഫ് എക്‌സലന്‍സ് ആണ് ഗയാനയുടെ പരമോന്നത ബഹുമതി. തങ്ങളുടെ പരമോന്നത ബഹുമതിയായ ഓണററി ഓഡര്‍ ഓഫ് ഫ്രീഡം സമ്മാനിച്ച് ബാര്‍ബഡോസും അവാര്‍ഡ് ഓഫ് ഓണര്‍ നല്‍കി ഡൊമിനിക്കയും മോദിയെ ആദരിച്ചു. ഇതോടെ റഷ്യയുടേയും യു.എസിന്റേയും ഉള്‍പ്പെടെ മോദിക്ക് ലഭിക്കുന്ന അന്താരാഷ്ട്ര ബഹുമതികള്‍ 19 ആയി.
ഗയാന പ്രസിഡന്റ് മുഹമ്മദ് ഇര്‍ഫാന്‍ അലിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി സന്ദര്‍ശനത്തിനെത്തിയത്. ഇന്ത്യയും ഗയാനയും തമ്മിലുള്ള ആശയവിനിമയം ഈയടുത്തകാലത്തായി വര്‍ധിച്ചിട്ടുണ്ടെന്ന് വിദേശകാര്യ സെക്രട്ടറി ജയ്ദീപ് മജുംദാര്‍ പറഞ്ഞു. 2023 ജനുവരിയില്‍ നടന്ന പ്രവാസി ഭാരതീയ ദിവസ് പരിപാടിയിലെ മുഖ്യാതിഥി ഗയാന പ്രസിഡന്റ് ഇര്‍ഫാന്‍ അലിയായിരുന്നു. ഇര്‍ഫാന്‍ അലിയും മോദിയും തമ്മില്‍ ഉന്നതതല വിഷയങ്ങളില്‍ ചര്‍ച്ചയുണ്ടാകുമെന്നും ജയ്ദീപ് മജുംദാര്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ അന്‍പതുവര്‍ഷക്കാലയളവില്‍ ഗയാന സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. ഇരുരാജ്യങ്ങളുടേയും പാരമ്പര്യം, സംസ്‌കാരം, മൂല്യങ്ങള്‍ എന്നിവ അടിസ്ഥാനമാക്കിയുള്ള അതിവിശിഷ്ടമായ ഒരു ബന്ധം ഗയാനയ്ക്കും ഇന്ത്യയ്ക്കുമിടയില്‍ ഉളവാക്കാന്‍ തന്റെ സന്ദര്‍ശം ഉതകുമെന്ന് പ്രധാനമന്ത്രി നേരത്തെ പ്രതികരിച്ചിരുന്നു. ജനാധിപത്യത്തിന്റെ ദീര്‍ഘകാലപാരമ്പര്യമുള്ള ഗയാനയോട് തനിക്കേറെ ബഹുമാനമുണ്ടെന്നും ഇന്ത്യയോട് വളരെ ബഹുമാനം പുലര്‍ത്തുന്ന ഗയാനയുമായി അതുല്യബന്ധം ഉണ്ടാക്കുന്നതിന് തന്റെ ഭാഗത്തുനിന്ന് എല്ലാവിധ ശ്രമങ്ങളുമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Content Highlights: PM Modi honored with highest awards from Guyana, Barbados & Dominica after G20 summit