‘പാർലമെന്റിൽ സർക്കാർ പ്രതിപക്ഷത്തെ സെൻസർ ചെയ്യുന്നു’; മൈക്ക് ഓഫ് ചെയ്യുന്നെന്നും മേനക ഗുരുസ്വാമി

#ന്യൂസ് ഡെസ്ക്
മേനക ഗുരുസ്വാമി | PHOTO: ANI
മേനക ഗുരുസ്വാമി | PHOTO: ANI

ന്യൂഡൽഹി: പാർലമെന്റിൽ സർക്കാർ ഉള്ളടക്കം സെൻസർ ചെയ്യുന്നുവെന്നും പ്രതിപക്ഷത്തിന്റെ ശബ്ദം അടിച്ചമർത്തുകയാണെന്നും തൃണമൂൽ കോൺഗ്രസ് രാജ്യസഭാ അംഗവും മുതിർന്ന അഭിഭാഷകയുമായ മേനക ഗുരുസ്വാമി. പാർലമെന്റിന് പുറത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കവെയായിരുന്നു മേനകയുടെ ആരോപണം.

ഭരണപക്ഷം ചർച്ചചെയ്യാൻ ആഗ്രഹിക്കാത്ത വിഷയങ്ങൾ ഉന്നയിക്കുമ്പോഴെല്ലാം പ്രതിപക്ഷ എംപിമാരുടെ മൈക്കുകൾ ഓഫ് ചെയ്യുകയാണെന്ന് അവർ ആരോപിച്ചു. ജമ്മു കശ്മീരിന് സംസ്ഥാന പദവി പുനഃസ്ഥാപിക്കൽ, ജുഡീഷ്യൽ നിയമനങ്ങൾ തുടങ്ങിയ സുപ്രധാന വിഷയങ്ങൾ ഉന്നയിക്കുന്നതിൽനിന്ന് പ്രതിപക്ഷത്തെ തടയുന്നതിലൂടെ സർക്കാർ പാർലമെന്ററി ജനാധിപത്യത്തെ തകർക്കുകയാണെന്ന് അവർ പറഞ്ഞു.

സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം വർധിപ്പിക്കുന്നതിനുള്ള ഭേദഗതി ബില്ലിന്മേലുള്ള ചർച്ചയ്ക്കിടെ, ജുഡീഷ്യറിയിലെ നിയമനങ്ങളേപ്പറ്റി സംസാരിക്കാൻ ശ്രമിച്ചപ്പോൾത്തെന്നെ തടഞ്ഞതായി മേനക ഗുരുസ്വാമി ആരോപിച്ചു. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾ, സ്ത്രീകൾ, മതന്യൂനപക്ഷങ്ങൾ, എൽജിബിടിക്യു വിഭാഗത്തിൽപ്പെട്ടവർ എന്നിവർക്ക് ജുഡീഷ്യറിയിൽ മതിയായ പ്രാതിനിധ്യം ലഭിക്കുന്നില്ലെന്ന വിഷയം താൻ ഉന്നയിച്ചിരുന്നുവെന്ന് അവർ പറഞ്ഞു. എന്നാൽ, ഇത്തരം കാര്യങ്ങൾ സംസാരിക്കുമ്പോൾ മൈക്ക് ഓഫ് ചെയ്യുകയാണെന്നും ജുഡീഷ്യറിയുമായി ബന്ധപ്പെട്ട ബില്ലിന്മേൽ ജുഡീഷ്യറിയിലെ പ്രശ്നങ്ങൾ സംസാരിക്കുന്നത് എങ്ങനെയാണ് വിഷയത്തിന് പുറത്താകുന്നതെന്നും അവർ ചോദിച്ചു.

ജനങ്ങളുടെ നികുതിപ്പണംകൊണ്ട് പ്രവർത്തിക്കുന്ന പാർലമെന്റ് എന്ന ആശയത്തെ ഭരണകൂടം തകർക്കുകയാണെന്ന് അവർ പറഞ്ഞു. ജമ്മു കശ്മീരിന് സംസ്ഥാന പദവി തിരികെ നൽകുമെന്ന് സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാർ ഉറപ്പ് നൽകിയിരുന്നെങ്കിലും രണ്ട് വർഷം കഴിഞ്ഞിട്ടും ഇക്കാര്യത്തിൽ നടപടിയൊന്നുമുണ്ടായിട്ടില്ല. ഈ പ്രശ്നം ചൂണ്ടിക്കാട്ടിയപ്പോൾ ചർച്ചയ്ക്കിടെ ബില്ലിലെ വ്യവസ്ഥകളിൽ മാത്രം സംസാരിച്ചാൽ മതിയെന്ന് ഡെപ്യൂട്ടി ചെയർമാൻ ഹരിവംശ് ആവശ്യപ്പെട്ടതായും പ്രസംഗം നിർത്താൻ താൻ നിർബന്ധിതയായെന്നും മേനക പറഞ്ഞു.

 
 
 
 
 
 
 
 
 
 
 
 
 
 
 

Content Highlights: Menaka Guruswamy alleges microphone silencing of opposition MPs in Rajya Sabha., Concerns raised over lack of diversity in higher judiciary appointments., Criticism of the government's delay in restoring Jammu and Kashmir's statehood., Accusation that the government is undermining parliamentary democracy.