‘അവൾക്ക് പല പുരുഷൻമാരുമായി ബന്ധമുണ്ട്, എന്റെ പക്കൽ തെളിവുണ്ട്’- മേരി കോമിനെതിരെ മുൻ ഭർത്താവ്

മേരി കോം ഭര്‍ത്താവ് ഓണ്‍ലറിനൊപ്പം | Photo: ANI
മേരി കോം ഭര്‍ത്താവ് ഓണ്‍ലറിനൊപ്പം | Photo: ANI

ന്യൂഡൽഹി: തന്റെ കഷ്ടപ്പാടിലൂടെ നേടിയ കോടിക്കണക്കിന് രൂപയും സ്വത്തുവകകളും മുൻ ഭർത്താവ് കരുങ് ഓൺലർ തട്ടിയെടുത്തുവെന്ന ഒളിമ്പിക്സ് വെങ്കല മെഡൽ ജേതാവ് മേരി കോമിന്റെ വെളിപ്പെടുത്തലിന് പിന്നാലെ, മേരിക്കെതിരെ പരപുരുഷ ആരോപണങ്ങളുമായി ഓൺലർ രംഗത്തെത്തി.

2013-ൽ ഒരു ജൂനിയർ ബോക്സറുമായി മേരിക്ക് ബന്ധമുണ്ടായിരുന്നുവെന്നും 2017 മുതൽ മേരി കോം ബോക്സിങ് അക്കാദമിയിലെ ഒരു ജീവനക്കാരനുമായി ബന്ധം പുലർത്തുന്നുണ്ടെന്നും ഓൺലർ ആരോപിച്ചു. ഇതിന് തെളിവായി വാട്ട്‌സ്ആപ്പ് സന്ദേശങ്ങൾ തന്റെ കൈവശമുണ്ടെന്നും ഓൺലർ അവകാശപ്പെട്ടു. താൻ അഞ്ച് കോടി രൂപ മോഷ്ടിച്ചുവെന്ന വാദം തെറ്റാണെന്നും നിലവിൽ ഡൽഹിയിൽ ഒരു വാടക വീട്ടിലാണ് താൻ താമസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പണം തട്ടിയെടുത്തുവെന്നതിന് തെളിവ് ഹാജരാക്കാൻ അദ്ദേഹം മേരിയെ വെല്ലുവിളിച്ചു.

മേരിയുടെ കരിയറിലുടനീളം താൻ വലിയ പിന്തുണ നൽകിയിരുന്നുവെന്നും എന്നാൽ ഇപ്പോൾ തന്നെ 'യൂസ് ആൻഡ് ത്രോ' രീതിയിൽ ഒഴിവാക്കിയെന്നും ഓൺലർ കുറ്റപ്പെടുത്തി. "18 വർഷത്തെ വിവാഹജീവിതം, ഞങ്ങൾ ഒരുമിച്ച് ജീവിച്ചു. എന്നിട്ട് ഇത്? അവൾക്ക് ഭ്രാന്താണ്. ഞാൻ 18 വർഷം അവളോടൊപ്പം ജീവിച്ചു. എൻ്റെ വീട് നോക്കൂ. ഞാൻ ഡൽഹിയിൽ വാടക വീട്ടിലാണ് താമസിക്കുന്നത്. അവൾ ഒരു സെലിബ്രിറ്റിയാണ്. അവൾ എന്തു പറഞ്ഞാലും ചിലർ കേൾക്കും, ചിലർ കേൾക്കില്ല." ഓൺലർ പറഞ്ഞു.

താൻ മദ്യപിക്കുന്നുവെന്ന് ആരോപിക്കുന്ന മേരി വോഡ്കയും റമ്മും കഴിക്കാറുണ്ടെന്നും 'ഗുഡ്ക' ഉപയോഗിക്കാറുണ്ടെന്നും അദ്ദേഹം ആരോപിച്ചു. മക്കളെ ഓർത്ത് കോടതിയിൽ പോരാടാൻ താല്പര്യമില്ലാത്തതിനാലാണ് ഇത്രയും കാലം നിശബ്ദത പാലിച്ചതെന്ന് ഓൺലർ പറഞ്ഞു.

തന്നെ ഓൺലർ ചതിച്ചുവെന്നും തന്റെ പേരിൽ ഉണ്ടായിരുന്ന വസ്തുവകകൾ സ്വന്തം പേരിലാക്കി പണയപ്പെടുത്തി കോടിക്കണക്കിന് രൂപ ലോൺ എടുത്തുവെന്നുമാണ് മേരി കോം പ്രധാനമായും ആരോപിക്കുന്നത്. ചുരാചന്ദ്പൂരിലെ പ്രദേശവാസികളിൽ നിന്നും ഓൺലർ പണം കടം വാങ്ങിയതായും, ഇത് തിരിച്ചടയ്ക്കാത്തതിനെത്തുടർന്ന് അവിടുത്തെ ഭൂമി അധോലോക ഗ്രൂപ്പുകൾ പിടിച്ചെടുത്തതായും മേരി വെളിപ്പെടുത്തി. 2022-ലെ കോമൺവെൽത്ത് ഗെയിംസിന് മുന്നോടിയായി ഉണ്ടായ പരിക്കിനെത്തുടർന്ന് വിശ്രമത്തിലായിരുന്നപ്പോഴാണ് താൻ ഇത്രയും കാലം ഒരു നുണയ്ക്കൊപ്പമാണ് ജീവിച്ചതെന്ന് തിരിച്ചറിഞ്ഞതെന്നും മേരി പറഞ്ഞു. തന്റെ മൗനം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതുകൊണ്ടാണ് ഇപ്പോൾ പരസ്യമായി പ്രതികരിക്കുന്നതെന്നും അവർ പറഞ്ഞിരുന്നു. 

Content Highlights: Mary Kom`s ex-husband, Karung Onkholer (Onler), denies her allegations of financial deceit and accuses her of extramarital affairs, providing WhatsApp messages as proof. Read the full story.