കീഴടങ്ങാൻ സമയം ചോദിച്ചതിന് പിന്നാലെ ‘അവസാന ശ്വാസം വരെ പോരാടാന്‍’ മാവോയിസ്റ്റുകളുടെ പുതിയ സന്ദേശം

മാവോയിസ്റ്റ് ഓപ്പറേഷനിലേര്‍പ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥര്‍ (ഫയല്‍) |ഫോട്ടോ:PTI
മാവോയിസ്റ്റ് ഓപ്പറേഷനിലേര്‍പ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥര്‍ (ഫയല്‍) |ഫോട്ടോ:PTI

നാഗ്പൂര്‍: കേഡര്‍മാര്‍ക്ക് കീഴടങ്ങാനും സര്‍ക്കാര്‍ പുനരധിവാസ പദ്ധതികളില്‍ ചേരാനും അവസരമൊരുക്കുന്നതിനായി സി.പി.ഐ (മാവോയിസ്റ്റ്) മൂന്നുമാസത്തെ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടതിന് പിന്നാലെ ഭിന്ന സ്വരവുമായി സംഘടനയുടെ സെന്‍ട്രല്‍ മിലിട്ടറി കമ്മിഷന്‍. വിപ്ലവ വീര്യത്തോടെ അവസാന ശ്വാസം വരെ പോരാടുമെന്ന സന്ദേശമാണ് സി.പി.ഐ (മാവോയിസ്റ്റ്)യുടെ സെന്‍ട്രല്‍ മിലിട്ടറി കമ്മിഷന്‍ പുറത്തിറക്കിയിരിക്കുന്നത്. ഡിസംബര്‍ രണ്ട് മുതല്‍ എട്ടു വരെ പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ലാ ആര്‍മി (പി.എല്‍.ജി.എ) വാരാചരണം നടത്താന്‍ അവര്‍ കേഡര്‍മാരോട് ആഹ്വാനവും ചെയ്തു. അതിജീവനത്തിന്റെ നിമിഷമായി' ഈ വാര്‍ഷികത്തെ കാണണമെന്നാണ് കേഡര്‍മാരോട് പറഞ്ഞിരിക്കുന്നത്.

കഴിഞ്ഞ ദിവസം സംഘടനയുടെ മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നുള്ള അംഗങ്ങള്‍, 'ആയുധ പോരാട്ടം താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നതിന്' 2026 ഫെബ്രുവരി 15 വരെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് സമയം ആവശ്യപ്പെട്ട് കത്തയച്ചിരുന്നു. മഹാരാഷ്ട്ര-മധ്യപ്രദേശ്-ഛത്തീസ്ഗഢ് പ്രത്യേക സോണല്‍ കമ്മിറ്റി എഴുതിയ കത്തില്‍, 'അനിഷ്ടസംഭവങ്ങളില്ലാത്ത കീഴടങ്ങലിന്' സൗകര്യമൊരുക്കുന്നതിനായി അതത് സംസ്ഥാനങ്ങളിലെ ഓപ്പറേഷനുകള്‍ നിര്‍ത്തിവെക്കണമെന്നാണ് മുഖ്യമന്ത്രിമാര്‍ക്ക് അയച്ച കത്തില്‍ പറഞ്ഞിരുന്നത്. ഇതിന് പിന്നാലെയാണ് വ്യത്യസ്തമായ സന്ദേശം പുറത്ത് വന്നിരിക്കുന്നത്.

അതേസമയം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കാലപരിധി നിശ്ചയിച്ചിട്ടുള്ള 2026 മാര്‍ച്ചിന് മുമ്പായി മാവോയിസ്റ്റുകളെ പൂര്‍ണ്ണമായും ഇല്ലാതാക്കാനുള്ള നീക്കത്തിലാണ് സുരക്ഷാസേന. 'മാവോയിസ്റ്റുകള്‍ കീഴടങ്ങാന്‍ സമ്മതിച്ചാലും പോരാടിയാലും, ആയുധങ്ങളുമായി സംഘര്‍ഷ മേഖലകളില്‍ കണ്ടെത്തിയാല്‍ അവരെ നേരിടും. നടപടികള്‍ മന്ദഗതിയിലാക്കുന്ന നയം ഇല്ല. മാവോയിസ്റ്റുകള്‍ക്ക് മുന്നില്‍ ശക്തമായ സമ്മര്‍ദ്ദം തുടരുകയാണ്, ഇന്റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള ഓപ്പറേഷനുകള്‍ തുടരുകയും ചെയ്യും' ഉന്നത സുരക്ഷാ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Content Highlights: CPI (Maoist) central military commission rejects ceasefire, vows to fight till the end.