ഞാൻ പ്രസംഗിച്ച വേദിയിൽ ബിജെപി ശുദ്ധിക്രിയ നടത്തി, രാജ്യത്ത് ദളിതർക്ക് ഇടമില്ല- രാജ്യസഭയിൽ ഖാർഗെ

#ന്യൂസ് ഡെസ്ക്
Mallikarjun Kharge | Photo: Sansad TV/ANI Video Grab
Mallikarjun Kharge | Photo: Sansad TV/ANI Video Grab

ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പങ്കെടുത്ത റാലിക്ക് പിന്നാലെ വേദിയു‌ടെ 'ശുദ്ധികലശം' നടത്തിയ നടപടിക്കെതിരെ കടുത്ത പ്രതിഷേധവുമായി കോൺഗ്രസ്. രാജ്യത്ത് ദളിതർക്ക് ഇടമില്ലെന്നതിന്റെ തെളിവാണ് ഇതെന്നും മതത്തിന്റെയും ജാതിയുടെയും പേരിൽ രാജ്യത്തെ വിഭജിക്കാനാണ് ചിലർ ശ്രമിക്കുന്നതെന്നും ഖാർഗെ ആരോപിച്ചു.

കഴിഞ്ഞ ശനിയാഴ്ചയാണ് ഹൽദ്വാനിയിലെ രാംലീല മൈതാനിയിൽ നടന്ന 'വിജയ് ശംഖനാദ്' റാലിയിൽ ഖാർഗെ പ്രസംഗിച്ചത്. രണ്ട് ദിവസങ്ങൾക്ക് ശേഷം 'ശ്രീരാം സേന' എന്ന സംഘടന വേദിയു‌ടെ ശുദ്ധീകരണത്തിനായി ഹോമം നടത്തി. പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ അവസാന ദിനത്തിൽ ഖാർഗെ ഈ വിഷയം രാജ്യസഭയിൽ ഉന്നയിച്ചു.

‘ഞാൻ ഹൽദ്വാനിയിൽ പ്രസംഗിച്ചപ്പോൾ ലക്ഷക്കണക്കിന് ആളുകൾ അവിടെയുണ്ടായിരുന്നു. ഒരു സമുദായത്തെയോ മതത്തെയോ കുറിച്ച് മോശമായി ഒന്നും പറഞ്ഞിരുന്നില്ല. സർക്കാരിന്റെ വീഴ്ചകളെക്കുറിച്ച് മാത്രമാണ് സംസാരിച്ചത്. എന്നാൽ എന്റെ പ്രസംഗത്തിന് പിന്നാലെ വേദി ശുദ്ധിയാക്കാൻ അവർ ഹോമം നടത്തി. ജനാധിപത്യത്തിൽ ഇതാണോ രീതി? ഭരണഘടന നിങ്ങൾ എങ്ങനെയാണ് സംരക്ഷിക്കുന്നത്?’, ഖാർഗെ രാജ്യസഭയിൽ ചോദിച്ചു.

സംഭവം ദൗർഭാഗ്യകരമാണെന്ന് ബി.ജെ.പി നേതാവ് ജെ.പി നദ്ദ രാജ്യസഭയിൽ പ്രതികരിച്ചു. എന്നാൽ, ഈ സംഭവത്തിൽ ബി.ജെ.പിക്ക് പങ്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തിൽ അന്വേഷണം നടത്തുമെന്നും നദ്ദ ഉറപ്പുനൽകി.

ശ്രീരാം സേനയ്ക്ക് ബി.ജെ.പിയുമായി ബന്ധമുണ്ടെന്ന് ഉത്തരാഖണ്ഡ് കോൺഗ്രസ് അധ്യക്ഷൻ ഗണേഷ് ഗോഡിയാൽ ആരോപിച്ചെങ്കിലും ബി.ജെ.പി ഇത് നിഷേധിച്ചു. റാലിയിൽ മറ്റ് മതങ്ങളുമായി ബന്ധപ്പെട്ട ചില മുദ്രാവാക്യങ്ങൾ ഉയർന്നത് സനാതന വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയതിനാലാണ് ഹോമം നടത്തിയതെന്നാണ് ബി.ജെ.പി സംസ്ഥാന വക്താവ് ഖജാൻ ദാസിന്റെ വിശദീകരണം. മതാചാര പ്രകാരം പ്രാധാന്യമുള്ള ഇടമാണ് രാംലീല മൈതാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.