മാലേഗാവ് സ്‌ഫോടനം; പ്രജ്ഞാ സിങ് വിചാരണയ്ക്കെത്തിയില്ല, മെഡിക്കൽ റിപ്പോർട്ട് ആവശ്യപ്പെട്ട് കോടതി

മുംബൈ: 2008 മാലേഗാവ് സ്‌ഫോടനക്കേസിലെ വിചാരണ നടപടികളിൽ നിന്നും തുടര്‍ച്ചയായി വിട്ടുനിൽക്കുന്ന ബി.ജെ.പി എം.പി പ്രജ്ഞാ സിങ് ഠാക്കൂറിന്റെ മെഡിക്കൽ റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ട് മുംബൈ എന്‍.ഐ.എ കോടതി. അവരുടെ ആരോഗ്യനില പരിശോധിച്ച ശേഷം എന്‍.ഐ.എയോട് റിപ്പോർട്ട് സമർപ്പിക്കാനാണ് കോടതി ആവശ്യപ്പെട്ടത്.
പ്രജ്ഞാ സിങ് ഠാക്കൂറിന്റെ മൊഴി രേഖപ്പെടുത്തേണ്ടത് ആവശ്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. അവർ ഹാജരാകാത്തത് കോടതി നടപടികളെ വൈകിപ്പിക്കുന്നു. അവരുടെ ആരോഗ്യനില സംബന്ധിച്ച റിപ്പോർട്ട് ആവശ്യമാണെന്ന പ്രോസിക്യൂഷൻ വാദം ശരിയാണെന്നും കോടതി കണ്ടെത്തി. ഇതിന് പിന്നാലെയാണ് മെഡിക്കൽ റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടുള്ള കോടതി തീരുമാനം.
മാർച്ച് 20-ന് പ്രജ്ഞാ സിങ് ഠാക്കൂറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന്റെ പശ്ചാത്തലത്തിൽ കോടതിയിൽ ഹാജരാകുന്നതിൽ നിന്നും ഒഴിവാക്കണമെന്ന് അവരുടെ അഭിഭാഷകൻ ആവശ്യപ്പെട്ടിരുന്നു. തുടർന്ന്, അവരെ ഡിസ്ചാർജ് ചെയ്യുന്നത് വരെ വാറന്റ് നടപ്പാക്കുന്നത് കോടതി സ്റ്റേ ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ, ബുധനാഴ്ചയിലെ വിചാരണയിലും ഠാക്കൂർ ഹാജരാകാതിരുന്നതോടെയാണ് കോടതിനടപടി.
നേരത്തെ ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ജാമ്യം നേടിയ പ്രജ്ഞാ സിങ് ക്രിക്കറ്റ് കളിക്കുന്നതിന്റെ വീഡിയോ പുറത്ത് വന്നിരുന്നു.
2008-ലാണ് മഹാരാഷ്ട്രയിലെ മാലേഗാവില്‍ രണ്ടുസ്‌ഫോടനങ്ങളില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടത്. മുസ്ലിം ഭൂരിപക്ഷപ്രദേശമായ ഇവിടെ റംസാന്‍ നാളില്‍ പ്രാര്‍ഥന കഴിഞ്ഞിറങ്ങുന്നവര്‍ക്കിടയിലാണ് സ്‌ഫോടനങ്ങളുണ്ടായത്. ആദ്യം ക്രൈംബ്രാഞ്ച് ഏറ്റെടുത്ത കേസില്‍ പ്രതിചേര്‍ക്കപ്പെട്ടത് ഒരു സംഘം മുസ്ലിം യുവാക്കളായിരുന്നു. പിന്നീട് മഹാരാഷ്ട്ര തീവ്രവാദവിരുദ്ധ സ്‌ക്വാഡ് (എ.ടി.എസ്.) അന്വേഷണം ഏറ്റെടുത്തതോടെ കേസിന്റെ ദിശമാറുകയായിരുന്നു.
Content Highlights: Malegaon Blast NIA court calls for medical report from Pragya Singh Thakur