'ഗ്യാനേഷ് കുമാറിനെതിരെ കേസെടുക്കണം'; പോലീസ് സ്‌റ്റേഷനിൽ പരാതി നൽകി മഹുവ മൊയ്ത്ര

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര. ഇക്കാര്യം ആവശ്യപ്പെട്ട് മഹുവ ഡൽഹിയിലെ പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷൻ എടുത്ത ചില തീരുമാനങ്ങളിൽ രണ്ട് തിരഞ്ഞെടുപ്പ് കമ്മിഷണർമാർ എതിർപ്പ് രേഖപ്പെടുത്തിയെന്ന റിപ്പോർട്ടിനെ തുടർന്നാണ് മഹുവ പരാതി നൽകിയത്. എംപിയുടെ പരാതിയിൽ പോലീസ് ഇതുവരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല.
തിരഞ്ഞെടുപ്പ് കമ്മിഷണർമാരായ സുഖ്ബീർ സിങ് സന്ധുവും വിവേക് ജോഷിയും കഴിഞ്ഞ പത്ത് മാസത്തിനിടെ 14 തവണ കമ്മിഷന്റെ തീരുമാനങ്ങളോടും ഉത്തരവുകളോടും എതിർപ്പ് രേഖപ്പെടുത്തിയെന്നാണ് മഹുവ പരാതിയിൽ ചൂണ്ടിക്കാട്ടിയത്. വോട്ടർമാരെ ചേർക്കുന്നതും ഒഴിവാക്കുന്നതും പുനഃസ്ഥാപിക്കുന്നതും വോട്ടർ രജിസ്‌ട്രേഷൻ നടപടിയിലെ മാറ്റങ്ങളും ഇതിൽ ഉൾപ്പെടുന്നു. ഇരുവരുടെയും രേഖാമൂലമുള്ള അഭിപ്രായത്തിന് വിരുദ്ധമായി തീരുമാനമെടുക്കാൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർക്ക് അധികാരമില്ലെന്നാണ് മഹുവയുടെ വാദം. കമ്മിഷൻ അംഗീകരിച്ചിട്ടില്ലാത്ത ആശയവിനിമയങ്ങൾ അതിന്റെ പേരിൽ പുറപ്പെടുവിക്കാനും അധികാരമില്ലെന്ന് പരാതിയിൽ പറയുന്നു.
എസ്‌ഐആർ നടപടിക്കായി വലിയ തോതിൽ പൊതുപണം അനുവദിക്കുകയും ചെലവഴിക്കുകയും ചെയ്തതായും മഹുവ ആരോപിച്ചു. ഈ വിഷയത്തിൽ പണം ദുരുപയോഗം ചെയ്തിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. 2023-ലെ സിഇസി ആൻഡ് ഇലക്ഷൻ കമ്മിഷണേഴ്‌സ് നിയമത്തിലെ 16-ാം വകുപ്പ് പ്രകാരമുള്ള സംരക്ഷണം ചൂണ്ടിക്കാട്ടി എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതിൽനിന്ന് പൊലീസിന് ഒഴിഞ്ഞുമാറാനാകില്ലെന്നാണ് മഹുവയുടെ നിലപാട്. അന്വേഷണം നടത്തുന്നത് കോടതിനടപടിയല്ലെന്നും അവർ പറഞ്ഞു.
പരാതിയിൽ ബന്ധപ്പെട്ട എല്ലാവരുടെയും പങ്ക് അന്വേഷിക്കണമെന്ന് മഹുവ ആവശ്യപ്പെട്ടു. രണ്ട് തിരഞ്ഞെടുപ്പ് കമ്മിഷണർമാർ ഉൾപ്പെടെയുള്ള സാക്ഷികളുടെ മൊഴി രേഖപ്പെടുത്തണം. തെളിവുകൾ നശിപ്പിക്കപ്പെടുകയോ മാറ്റിമറിക്കപ്പെടുകയോ ചെയ്യുന്നതിന് മുമ്പ് സുരക്ഷിതമാക്കണമെന്നും അവർ ആവശ്യപ്പെട്ടു.
അതേസമയം, മഹുവയുടെ ആരോപണം തിരഞ്ഞെടുപ്പ് കമ്മിഷൻ വൃത്തങ്ങൾ തള്ളി. എസ്‌ഐആർ ഉൾപ്പെടെയുള്ള കമ്മിഷന്റെ തീരുമാനങ്ങൾ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറും രണ്ട് തിരഞ്ഞെടുപ്പ് കമ്മിഷണർമാരും അംഗീകരിച്ച് ഒറ്റക്കെട്ടായാണ് എടുത്തതെന്നാണ് കമ്മിഷൻ വൃത്തങ്ങളുടെ വിശദീകരണം.
ഗ്യാനേഷ് കുരുക്കിൽ
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിപക്ഷവും കോക്രോച്ച് ജനതാ പാർട്ടിയും (സിജെപി) ഇതിനകം രംഗത്തെത്തി. ഗ്യാനേഷ് രാജി വെക്കണമെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ജനാധിപത്യത്തെ തകർത്ത നടപടികളുടെ സത്യം വെളിപ്പെടുത്തി ഗ്യാനേഷ് കുമാർ മാപ്പുസാക്ഷിയാകണം. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായുമാണ് ഈ ഗൂഢാലോചനയ്ക്ക് പിന്നിലെന്ന് പറഞ്ഞ രാഹുൽ, വോട്ട് നശിപ്പിക്കുകയും ജനാധിപത്യ സ്ഥാപനങ്ങൾ തകർക്കുകയും ചെയ്യുന്നത് രാജ്യത്തിന് എതിരെയുള്ള കുറ്റകൃത്യവും രാജ്യദ്രോഹവുമാണെന്നും കൂട്ടിച്ചേർത്തു.
വോട്ട് വെട്ടിനിരത്തലിലൂടെ ജനാധിപത്യം അട്ടിമറിക്കപ്പെടുകയാണെന്നാണ് സിജെപി നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞത്. 2024-ലെ തിരഞ്ഞെടുപ്പിൽ കേവലഭൂരിപക്ഷം നേടാൻ കഴിയാതെ പോയതോടെ ബിജെപി പരിഭ്രാന്തിയിലായി. ഇതോടെ അവർ പ്രാദേശിക ശക്തികളെയും പ്രതിപക്ഷ മുഖ്യമന്ത്രിമാരെയും ലക്ഷ്യമിട്ട് വോട്ടർ പട്ടികയിൽ നിന്നും വ്യാപകമായി വോട്ടുകൾ നീക്കം ചെയ്യുകയും ചെയ്തുവെന്ന് സിജെപി വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
രാജ്യത്തെ ജനാധിപത്യ വ്യവസ്ഥയ്ക്ക് തന്നെ കടുത്ത ഭീഷണിയായി മാറിയ ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാർ രാജ്യത്തിന്റെ ഏറ്റവും വലിയ ശത്രുവാണെന്നും ഉടനടി രാജിവെയ്ക്കണമെന്നും സിജെപി ആവശ്യപ്പെട്ടു. ജനങ്ങൾ സർക്കാരിനെ തിരഞ്ഞെടുക്കുന്ന ജനാധിപത്യ രീതിക്ക് പകരം ഗ്യാനേഷ് കുമാർ ചുമതലയേറ്റ ശേഷം ആരൊക്കെ വോട്ട് ചെയ്യണം, ആരൊക്കെ വോട്ട് ചെയ്യേണ്ട എന്ന് സർക്കാർ തീരുമാനിക്കുന്ന രീതിയിലേക്ക് മാറിയെന്നും സിജെപി ആരോപിച്ചു. ജനാധിപത്യത്തിന്റെ അടിസ്ഥാന നിർവ്വചനത്തെത്തന്നെ കമ്മീഷൻ അട്ടിമറിച്ചിരിക്കുകയാണെന്നും സിജെപി വിമർശിച്ചു.
Content Highlights: TMC MP Mahua Moitra filed a complaint at Delhi's Parliament Street Police Station seeking an FIR against Chief Election Commissioner Gyanesh Kumar, alleging he overruled dissents by Election Commissioners on key electoral decisions.