പാകിസ്താനും അമേരിക്കയും തമ്മിൽ യുദ്ധമുണ്ടായാൽ ഇന്ത്യ പാകിസ്താനൊപ്പം നിൽക്കുമെന്ന് രാജസ്ഥാനിലെ ബിജെപി അധ്യക്ഷൻ

#ന്യൂസ് ഡെസ്ക്
മദന്‍ റാത്തോര്‍ |ഫോട്ടോ:PTI
മദന്‍ റാത്തോര്‍ |ഫോട്ടോ:PTI

ജയ്പുർ: പാകിസ്താനും അമേരിക്കയും തമ്മിൽ യുദ്ധമുണ്ടായാൽ ഇന്ത്യ അയൽരാജ്യമായ പാകിസ്താനൊപ്പം നിൽക്കുമെന്ന് രാജസ്ഥാൻ ബിജെപി അധ്യക്ഷൻ മദൻ റത്താർ. പ്രസ്താവന രാഷ്ട്രീയ വിവാദങ്ങൾക്കിടയാക്കുകയും ചെയ്തു.

ജയ്പുരിൽ ഒരു പരിപാടിയിൽ സംസാരിക്കവെയാണ്, ഇന്ത്യയുടെ അയൽരാജ്യം എന്ന നിലയിൽ പാകിസ്താനെ പിന്തുണയ്ക്കുമെന്ന് മദൻ റാത്തോർ പറഞ്ഞത്. 'അമേരിക്കയും പാകിസ്താനും തമ്മിൽ ഒരു യുദ്ധം ഉണ്ടായാൽ, പാകിസ്താൻ നമ്മുടെ അയൽരാജ്യമായതുകൊണ്ട് നമ്മൾ അവർക്കൊപ്പമായിരിക്കും നിൽക്കുക... എന്നാൽ, നമുക്കിടയിലുള്ള ഒരു വിഷയമാണെങ്കിൽ, നമ്മൾ നമ്മുടെ ഇന്ത്യയ്ക്കൊപ്പമാണ് നിൽക്കുക. അല്ലേ? ഇതാണ് നമ്മൾ മനസ്സിലാക്കേണ്ടത്', റാത്തോർ പറഞ്ഞു.

പിന്നാലെ കോൺഗ്രസും ആം ആദ്മി പാർട്ടിയും വിമർശനവുമായി രംഗത്തെത്തി. ദേശവിരുദ്ധ പരാമർശമാണെന്ന് കോൺഗ്രസ് നേതാവ് ഷമാ മുഹമ്മദ് ആരോപിച്ചു. 'പൊതുജനം ചോദ്യങ്ങളുയർത്തിയാൽ അവരെ പാകിസ്താനികളാക്കും. യുവാക്കൾ ശബ്ദമുയർത്തുമ്പോൾ അവരെ തീവ്രവാദികളാക്കും. എന്നാൽ, ഒരു ബിജെപി നേതാവ് പാകിസ്താനൊപ്പം നിൽക്കുമെന്ന് പറയുമ്പോൾ മോദിയുടെ ദേശസ്‌നേഹം എവിടേക്ക് പോകുന്നു?' എന്ന് ആം ആദ്മി പാർട്ടി ചോദിച്ചു. പാകിസ്താനൊപ്പം നിൽക്കുമെന്ന് പറയുന്ന ബിജെപി രാജ്യദ്രോഹിയാണോ അല്ലയോ, മിസ്റ്റർ മോദി പറയണമെന്നും എഎപി ആവശ്യപ്പെട്ടു.

തന്റെ പ്രസ്താവന 'വളച്ചൊടിച്ചതാണെന്ന്' പറഞ്ഞ് റാത്തോർ പിന്നീട് വിശദീകരണവുമായി രംഗത്തെത്തി. ' തികച്ചും അനുചിതമായ രീതിയിലാണ് അവതരിപ്പിച്ചത്' എന്നും റാത്തോർ പറഞ്ഞു. ഇന്ത്യ-പാകിസ്താൻ ക്രിക്കറ്റ് മത്സരത്തിന്റെ പശ്ചാത്തലത്തിലാണ് താൻ ആ പരാമർശങ്ങൾ നടത്തിയതെന്നും അദ്ദേഹം അവകാശപ്പെട്ടു.