ഇരുകൈകളിലും വോട്ട് രേഖപ്പെടുത്തിയ മഷിപ്പാടുമായി എല്‍ജെപി എംപി; ഇത് ആര് അന്വേഷിക്കുമെന്ന് ആര്‍ജെഡി | VIDEO

#ന്യൂസ് ഡെസ്ക്
ഇരുകെെകളിലും മഷി പുരണ്ട പാടുകളുമായി ശാംഭവി | Image courtesy: https://x.com/Kanchanyadav000/status/1986703391205302484
ഇരുകെെകളിലും മഷി പുരണ്ട പാടുകളുമായി ശാംഭവി | Image courtesy: https://x.com/Kanchanyadav000/status/1986703391205302484

പട്‌ന: ബിഹാര്‍ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെ ഇരുകൈകളിലും മഷിപ്പാടുമായി എല്‍ജെപി (രാംവിലാസ്) എംപി ശാംഭവി ചൗധരി. എംപിയുടെ ഇരുകൈകളിലെയും മഷിപ്പാടുകള്‍ നിമിഷനേരംകൊണ്ടാണ് വിവാദത്തിന് വഴിതെളിച്ചത്. ശാംഭവി ഇരട്ട വോട്ട് രേഖപ്പെടുത്തിയെന്ന് ചിലര്‍ ആരോപണമുന്നയിച്ചപ്പോള്‍ പോളിങ് ബൂത്തിലുണ്ടായ കൈപ്പിഴയാകാം കാരണമെന്നായിരുന്നു എതിര്‍പക്ഷക്കാരുടെ വാദം.

സമസ്തിപുര്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ശാംഭവി, മാതാപിതാക്കളായ അശോക് ചൗധരിക്കും നീത ചൗധരിക്കുമൊപ്പമായിരുന്നു ആദ്യഘട്ട വോട്ടെടുപ്പില്‍ വോട്ട് രേഖപ്പെടുത്താന്‍ എത്തിയത്. ജെഡിയുവിന്റെ മുതിര്‍ന്ന നേതാവാണ് അശോക്. ശാംഭവി ആദ്യം വലതുകൈ ഉയര്‍ത്തിക്കാണിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ആ സമയത്ത് വലതുെൈകയിലെ ചൂണ്ടുവിരലില്‍ മഷി പുരണ്ടിരിക്കുന്നത് കാണാം. തൊട്ടടുത്ത നിമിഷം ശാംഭവി ഇടതുകൈ ഉയര്‍ത്തുന്നതും ആ കൈയിലെയും ചൂണ്ടുവിരലില്‍ മഷി പുരണ്ടിരിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

പോളിങ് ഓഫീസറുടെ പിഴവുമൂലമാണ് ഇരുകൈകളിലും മഷിപുരണ്ടതെന്നാണ് ശാംഭവി പറയുന്നത്. ഒരു പോളിങ് ഓഫീസര്‍, അബദ്ധത്തില്‍ എന്റെ വലതുകൈയില്‍ മഷി പുരട്ടി. എന്നാല്‍, പ്രിസൈഡിങ് ഓഫീസര്‍ തിരുത്തുകയും പകരം ഇടതുകൈയില്‍ മഷി പുരട്ടാന്‍ നിര്‍ദേശിക്കുകയും ചെയ്തു. അങ്ങനെയാണ് ഇരുകൈകളിലും മഷിപ്പാടുകളുണ്ടായത്, ശാംഭവി പറഞ്ഞു.

എന്നാല്‍, പ്രതിപക്ഷ പാര്‍ട്ടിയായ ആര്‍ജെഡി ശാംഭവിക്കെതിരേ അതിരൂക്ഷ വിമര്‍ശനമാണ് ഉന്നയിക്കുന്നത്. ഇത് തട്ടിപ്പിന്റെ പുതിയൊരു തലമാണ്. ഇത് എല്‍ജെപിയുടെ എംപി ശാംഭവി ചൗധരിയാണ്. ഇവരുടെ ഇരുകൈകളിലും മഷിയുണ്ട്. അതിനര്‍ഥം അവര്‍ രണ്ടുവട്ടം വോട്ട് രേഖപ്പെടുത്തിയെന്നാണ്. ഇത് പുറത്തായപ്പോള്‍, അവരുടെ അച്ഛന്‍ അശോക് ചൗധരി അവരെ കണ്ണുകൊണ്ട് ആംഗ്യം കാണിക്കുന്നത് കാണാം. തിരഞ്ഞെടുപ്പ് കമ്മിഷന്‍, ഇതെങ്ങനെയാണ് സംഭവിക്കുന്നത്? ആര് ഇതേക്കുറിച്ച് അന്വേഷിക്കും, ശാംഭവിയുടെ വീഡിയോ പങ്കുവെച്ചുകൊണ്ട് ആര്‍ജെഡി വക്താവ് കാഞ്ചനാ യാദവ് ആരാഞ്ഞു. 

Content Highlights: ljp mp with ink mark on both hand controversy