അമ്മ മരിച്ചതറിയാതെ രാത്രി മുഴുവൻ ഉണർത്താൻ ശ്രമിച്ച് മൂന്നുവയസുകാരൻ; ബോധരഹിതനായ കുട്ടിയെ വാതിൽ തകർത്ത് പുറത്തെടുത്തു

#ന്യൂസ് ഡെസ്ക്
പ്രതീകാത്മകചിത്രം | നിർമിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്
പ്രതീകാത്മകചിത്രം | നിർമിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്

അമരാവതി: ഒരു രാത്രി മുഴുവൻ ആ മൂന്നുവയസുകാരൻ അമ്മയെ വിളിച്ചു കരയുകയായിരുന്നു. റൂമിലെ ഫാനിൽ ജീവനറ്റ് തൂങ്ങിയാടുന്ന ആ ശരീരത്തിന്റെ കാലിൽപിടിച്ച് അവൻ അമ്മയെ ഉണർത്താൻ തന്നാലാവും വിധം ഉച്ചത്തിൽ നിലവിളിച്ചു. ഒടുവിൽ അമ്മയുടെ കാൽചുവട്ടിലെ സ്റ്റൂളിൽ തളർന്നുബോധം കെട്ട് കിടന്ന അവനെ അയൽവാസികളും പോലീസും ചേർന്നാണ് വാതിൽ തകർത്ത് പുറത്തെത്തിച്ചത്. ആന്ധ്രപ്രദേശിലെ കർണൂൽ നഗരത്തിൽ നിന്നാണ് ഹൃദയഭേദകമായ ഈ വാർത്ത വരുന്നത്.

ഭർത്താവുമായി അകന്നുകഴിഞ്ഞിരുന്ന എ. സ്വാതി എന്ന മുപ്പതുകാരിയാണ് വെങ്കടരമണ കോളനിയിലെ ഒരു അപ്പാർട്ട്മെന്റിൽ കിടപ്പുമുറിയിലെ സീലിങ് ഫാനിൽ തൂങ്ങിമരിച്ചത്. ശനിയാഴ്ച രാവിലെ, അമ്മയുടെ പാദങ്ങൾക്ക് സമീപമുള്ള ഒരു ചെറിയ സ്റ്റൂളിൽ ബോധരഹിതനായ നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയിൽനിന്ന് ലഭിച്ച വിവരങ്ങൾ പ്രകാരം, രാത്രി മുഴുവൻ അവൻ അമ്മയെ വിളിച്ചുണർത്താൻ ശ്രമിക്കുകയും കരയുകയും ചെയ്തു.

അമ്മയുടെ പാദങ്ങളിൽ കെട്ടിപ്പിടിക്കുകയും ഉമ്മ വയ്ക്കുകയും ചെയ്‌തെങ്കിലും പ്രതികരണമൊന്നും ഉണ്ടായില്ല. കരഞ്ഞു കരഞ്ഞാണ് ഒടുവിൽ ബോധരഹിതനായത്. ആദോനി സ്വദേശിയായ സ്വാതി നാല് വർഷം മുമ്പാണ് ഹൈദരാബാദ് സ്വദേശിയായ ഗണേഷിനെ വിവാഹം കഴിച്ചത്. ശ്രീയാൻ എന്നാണ് ഇവരുടെ മൂന്നുവയസുള്ള മകന്റെ പേര്. കുടുംബവഴക്കുകളെ തുടർന്ന് കഴിഞ്ഞ ഒരു വർഷമായി ഇരുവരും വേർപിരിഞ്ഞാണ് താമസിച്ചിരുന്നത്.

മകനും അമ്മ കലാവതിക്കുമൊപ്പമാണ് സ്വാതി വെങ്കടരമണ കോളനിയിൽ താമസിച്ചിരുന്നത്. സംഭവത്തിന് മൂന്ന് ദിവസം മുമ്പ് ഇളയ മകളെ കാണാൻ അമ്മ ഹൈദരാബാദിലേക്ക് പോയിരുന്നു. വെള്ളിയാഴ്ച രാത്രി സ്വാതി അയൽവാസികളോട് സംസാരിക്കുകയും രാത്രി 10 മണിയോടെ അമ്മയുമായി ഫോണിൽ സംസാരിക്കുകയും ചെയ്തിരുന്നു. ശനിയാഴ്ച രാവിലെ സ്വാതി വാതിൽ തുറക്കാതിരുന്നതിനെ തുടർന്ന് അയൽവാസികൾ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

വൈകാതെ കർണൂൽ സെക്കൻഡ് ടൗൺ പോലീസ് സ്ഥലത്തെത്തി. അവർ വാതിൽ തകർത്ത് അകത്തുകടന്നപ്പോഴാണ് തൂങ്ങിനിൽക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്. സമീപത്തെ സ്റ്റൂളിൽ കുട്ടി ബോധരഹിതനായി കിടക്കുകയായിരുന്നു. പോലീസ് ഉദ്യോഗസ്ഥർ ഇടപെട്ടാണ് കുട്ടിയുടെ ബോധം വീണ്ടെടുത്തത്.

ഏകാന്തജീവിതത്തിലെ മനോവിഷമമാണ് മകളെ ആത്മഹത്യയിലേക്ക് നയിച്ചതിന് കാരണമെന്നാണ് സ്വാതിയുടെ അമ്മ കലാവതി പറയുന്നത്. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൂന്നുവയസുകാരൻ രാത്രി മുഴുവൻ അമ്മയുടെ ചേതനയറ്റ ശരീരത്തിനരികിൽ കഴിച്ചുകൂട്ടിയ ദാരുണമായ സാഹചര്യം പ്രദേശവാസികളെ ആകെ സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക: 1056, 0471-2552056) 

Content Highlights: A three-year-old boy in Kurnool, Andhra Pradesh, spent an entire night trying to wake his mother, who had died by suicide, by clinging to her legs and crying, eventually losing consciousness himself. The deceased, Swathi, had been living separately from her husband due to family disputes and was found hanging from a ceiling fan in her apartment, with her unconscious son nearby. Swathi's mother, Kalavathi, attributes her daughter's suicide to loneliness and mental distress, prompting the police to initiate an investigation based on her complaint.