ആരോഗ്യം,വിദ്യാഭ്യാസം,ദാരിദ്ര്യനിർമാർജനം; മികച്ച ഗ്രാമപഞ്ചായത്തുകളുടെ എണ്ണത്തിൽ കേരളം രണ്ടാംസ്ഥാനത്ത്

#സ്വന്തം ലേഖകൻ
പ്രതീകാത്മകചിത്രം | നിർമിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്
പ്രതീകാത്മകചിത്രം | നിർമിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്

ന്യൂഡൽഹി: രാജ്യത്ത് മികച്ച ഗ്രാമപഞ്ചായത്തുകളുടെ എണ്ണത്തിൽ മുൻപന്തിയിലുള്ള സംസ്ഥാനം ത്രിപുരയും രണ്ടാം സ്ഥാനത്ത് കേരളവും. കേന്ദ്ര പഞ്ചായത്തി രാജ് മന്ത്രാലയം പുറത്തുവിട്ട 2023-24 വർഷത്തെ പഞ്ചായത്ത് അഡ്വാൻസ്മെന്റ് ഇൻഡക്സ് റിപ്പോർട്ടിലാണ് ത്രിപുരയ്ക്കും കേരളത്തിനും നേട്ടം. മൂന്നാം സ്ഥാനത്ത് ഒഡിഷയാണ്. മന്ത്രാലയത്തിന്റെ പഠനത്തോട് പശ്ചിമബംഗാൾ സഹകരിച്ചില്ല.

ആരോഗ്യം, വിദ്യാഭ്യാസം, ദാരിദ്ര്യനിർമാർജനം, ജലസേചനം, ശുചിത്വം, സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമം കണക്കിലെടുത്തുള്ള വികസനം എന്നീ ഘടകങ്ങൾ പരിഗണിച്ചാണ് റാങ്കിങ് നിശ്ചയിച്ചത്. ഇതനുസരിച്ച് 1176 പഞ്ചായത്തുകളുള്ള ത്രിപുരയിലെ 943 ഗ്രാമപഞ്ചായത്തുകളും (80 ശതമാനം) എ ഗ്രേഡ് കരസ്ഥമാക്കി.

941 പഞ്ചായത്തുകളുള്ള കേരളത്തിൽ 95 പഞ്ചായത്തുകൾക്കും (10 ശതമാനം) എ ഗ്രേഡുണ്ട്. ത്രിപുരയിൽ അവശേഷിച്ച 233 പഞ്ചായത്തുകൾക്കും ബി ഗ്രേഡ് ലഭിച്ചപ്പോൾ കേരളത്തിൽ 840 പഞ്ചായത്തുകൾക്ക് ബി ഗ്രേഡ് കിട്ടി. കേരളത്തിലെ അവശേഷിച്ച ആറ് പഞ്ചായത്തുകൾക്ക് സി ഗ്രേഡാണ്.

മൂന്നാം സ്ഥാനത്തെത്തിയ ഒഡിഷയിൽ ആകെയുള്ള 6794 പഞ്ചായത്തുകളിൽ 555 എണ്ണത്തിനാണ് എ ഗ്രേഡ്. 4566 പഞ്ചായത്തുകൾക്ക് ബി ഗ്രേഡും 1627 പഞ്ചായത്തുകൾക്ക് സി ഗ്രേഡും 46 എണ്ണത്തിന് ഡി ഗ്രേഡും കിട്ടി.

റാങ്കിങിൽ ഏറ്റവും പിന്നിലുള്ളത് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളായ ഉത്തർപ്രദേശ്, ബിഹാർ, മധ്യപ്രദേശ്, ഹരിയാണ, പഞ്ചാബ്, ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാൻ എന്നിവയാണ്. റാങ്കിങിൽ മുന്നിലുള്ള മറ്റ് സംസ്ഥാനങ്ങൾ ആന്ധ്രപ്രദേശ്, തെലങ്കാന, തമിഴ്നാട് എന്നിവയാണ്.

താഴെത്തട്ടിലുള്ള ഭരണം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പഞ്ചായത്ത് അഡ്വാൻസ്മെന്റ് ഇൻഡക്സ് തയാറാക്കുന്നത്. 112 സൂചകങ്ങളാണ് പഠനത്തിനായി മുന്നോട്ട് വച്ചത്. ദാരിദ്ര്യനിർമാർജനം, ജീവനോപാധി കണ്ടെത്തൽ എന്നീ വിഭാഗങ്ങളിൽ നേട്ടമുണ്ടാക്കിയത് 3313 പഞ്ചായത്തുകളാണ്. ആരോഗ്യപരമായ ജീവിതസാഹചര്യങ്ങളെ പ്രോത്സാഹിപ്പിക്കുന്ന വിഭാഗത്തിൽ മികച്ച പ്രകടനം കാഴ്ച വച്ചവയിൽ 1015 പഞ്ചായത്തുകളുണ്ട്.

രാജ്യത്താകെ 2,59,867 പഞ്ചായത്തുകളാണ് പഠനപ്രക്രിയയുടെ ഭാഗമായത്. ഇവയിൽ റാങ്കിങിൽ ഏറ്റവും മുന്നിലെത്തിയത് 3635 പഞ്ചായത്തുകളാണ്. മികച്ച പ്രകടനം കാഴ്ചവച്ച 1,18,824 പഞ്ചായത്തുകളുണ്ട്. പ്രതീക്ഷ നൽകുന്ന പഞ്ചായത്തുകൾ 1,23,719ഉം തുടക്കക്കാരായ 13,689 പഞ്ചായത്തുകളുമുണ്ട്.

Content Highlights: Kerala ranked second nationally in the 2023-24 Panchayat Advancement Index. Tripura secured the top position, followed by Kerala and Odisha. Ranking criteria included health, education, poverty alleviation, and sanitation. 95 Kerala panchayats achieved A-grade status. The study evaluated 259,867 panchayats across India.