കോവിഡ് കാലത്ത് 7.16 കോടിക്ക് വാങ്ങിയ 224 ഐഫോണുകളിൽ പലതും കാണാനില്ലെന്ന് ആരോഗ്യ മന്ത്രി

തിരുവനന്തപുരം: കോവിഡ് കാലത്ത് സംസ്ഥാന ആരോഗ്യവകുപ്പ് വാങ്ങിയ മെഡിക്കൽ ഉപകരണങ്ങൾ പലതും ഉപയോഗിക്കാതെ കിടക്കുകയും ഐഫോണുകളടക്കം കാണാതാവുകയും ചെയ്തതായി ആരോഗ്യ മന്ത്രി കെ.മുരളീധരൻ. നിയമസഭയിൽ അബിൻ വർക്കി എംഎൽഎയുടെ ചോദ്യങ്ങൾക്ക് മറുപടി പറയവെയാണ് ആരോഗ്യ മന്ത്രി ഐ ഫോണടക്കം കാണാതായതായി പരാതി ലഭിച്ചിട്ടുണ്ടെന്ന് അറിയിച്ചത്.
'7.16 കോടി രൂപയ്ക്ക് 224 ഐഫോണുകൾ വാങ്ങുകയും അവ ഉപയോഗിച്ച് പ്രവർത്തിക്കുന്നതിന് ഫണ്ടസ് ക്യാമറയും വാങ്ങിയിരുന്നു. എന്നാൽ പല ആശുപത്രികളിലും ഒന്നുപോലും ഉപയോഗിക്കുന്നില്ല. പല ഐഫോണുകളും കാണാനില്ലെന്ന പരാതിയും കിട്ടിയിട്ടുണ്ട്' ആരോഗ്യ മന്ത്രി പറഞ്ഞു.
കോവിഡ് കാലത്ത് ആലപ്പുഴ മെഡിക്കൽ കോളേജിൽ വാങ്ങിയ രണ്ട് ഓക്സിജൻ പ്ലാന്റുകൾക്ക് ആവശ്യമായ അളവിൽ ഓക്സിജൻ ഉത്പാദിപ്പിക്കാൻ സാധിച്ചിട്ടില്ല. പിഎം കെയേഴ്സ് വഴി ലഭിച്ച വെന്റിലേറ്ററുകളിൽ ചിലത് ഗുണനിലവാരം ഇല്ലാത്തതിനെ തുടർന്നും പരിപാലനച്ചെലവ് തുടങ്ങിയ കാരണങ്ങൾക്കൊണ്ടും ഉപയോഗിക്കുന്നില്ല. കോട്ടയം, മഞ്ചേരി, കണ്ണൂർ, കോഴിക്കോട് മെഡിക്കൽ കോളേജുകളിലായി ഇത്തരം 128 വെന്റിലേറ്ററുകൾ ഉപയോഗിക്കാനാകാതെ കിടക്കുന്നുവെന്നും മുരളീധരൻ പറഞ്ഞു.
കോവിഡ് കാലത്ത് ആരോഗ്യ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിലേക്ക് വാങ്ങിയ പല ഉപകരണങ്ങളും ഉപയോഗിക്കാതെ കിടക്കുന്ന സാഹചര്യമുണ്ട്. ഉപകരണങ്ങൾ വാങ്ങുന്നതിനുമാത്രം സർക്കാരിന്റെ ഉത്തരവാദിത്തം അവസാനിക്കുന്നില്ല. ജനങ്ങൾക്ക് അതിന്റെ ഗുണം ലഭിക്കുന്നുവെന്നതും ഉറപ്പാക്കേണ്ടതുണ്ടെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
ഉപയോഗിക്കാതെ കിടക്കുന്ന ഉപകരണങ്ങളുടെ വിവരങ്ങൾ ശേഖരിച്ച് പ്രവർത്തിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കും. കാണാതായ പരാതികളിൽ വിജിലൻസ് അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു.
കോടിക്കണക്കിന് രൂപ ചെലവഴിച്ച് വാങ്ങുന്ന ഉപകരണങ്ങളുടെ വാറന്റി കാലാവധി കഴിഞ്ഞതിനാൽ ആവശ്യമായ അറ്റകുറ്റപ്പണികളും പരിപാലനവും നടത്താതെ നശിക്കാൻ ഇടവരുന്നത് ഗൗരവത്തോടെയാണ് സർക്കാർ കാണുന്നതെന്നും മന്ത്രി പറഞ്ഞു.
'ഈ സാഹചര്യം സമഗ്രമായി പരിശോധിക്കുന്നതിനായി ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അധ്യക്ഷയായി പ്രത്യേക അന്വേഷണ സംഘത്തെ സർക്കാർ നിയോഗിച്ചിരുന്നു. ഉപകരണങ്ങൾ ഗുണനിലവാരം, വാങ്ങിയതിന്റെ ആവശ്യകത, അവയുടെ പ്രവർത്തനസജ്ജമാക്കിയതിലെ വീഴ്ചകൾ, ദീർഘകാലം ഉപയോഗിക്കാതെ കിടന്നതിന്റെ കാരണങ്ങൾ, ഉത്തരവാദികളായ ഉദ്യോഗസ്ഥർ എന്നിവ ഉൾപ്പെടെയുള്ള കാര്യങ്ങളാണ് സംഘം പരിശോധിച്ചത്. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളെ സംബന്ധിച്ച റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. കുറെയേറെ റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ട്. അത് സർക്കാർ പരിശോധിച്ചുവരികയാണ്.
പൊതുപണം ചെലവഴിച്ച് വാങ്ങുന്ന മെഡിക്കൽ ഉപകരണങ്ങൾ പെട്ടികളിൽ കിടന്ന് നശിക്കുന്നതോ പ്രവർത്തനരഹിതമായി ഉപേക്ഷിക്കപ്പെടുന്നതോ അനുവദിക്കാനാവില്ല. ഇത്തരം വീഴ്ചകൾക്ക് കാരണക്കാരായവരുടെ ഉത്തരവാദിത്തം പരിശോധിക്കുകയും ആവശ്യമായ തുടർനടപടികൾ സ്വീകരിക്കുകയും ചെയ്യും.
ഉപകരണങ്ങൾ വാങ്ങുന്നതുമുതൽ അവയുടെ പ്രവർത്തനവും പരിപാലനവും ഉറപ്പാക്കുന്നതുവരെ ഉത്തരവാദിത്തം നിർണയിക്കുന്നതിനും ഇത്തരം പാഴ്ചെലവുകൾ ആവർത്തിക്കാതിരിക്കുന്നതിനും ഭാവിയിൽ സർക്കാർ നടപടികൾ ശക്തമാക്കുന്നതാണ്.
വ്യാപകമായ പരാതിയുടെ അടിസ്ഥാനത്തിലും ധാരാളം പൊതുപണം ദുരുപയോഗം ചെയ്തതിനാലും ഈ അഴിമതി അന്വേഷിക്കാൻ വിജിലൻസ് ആൻഡ് ആന്റികറപ്ഷൻ ബ്യൂറോയ്ക്ക് നിർദ്ദേശം നൽകുന്നതാണ്' ആരോഗ്യമന്ത്രി മറുപടി നൽകി.
Content Highlights: Health Minister K. Muraleedharan confirmed that many medical equipment purchased during COVID-19 remain unused., 224 iPhones worth Rs 7.16 crore purchased for Fundus cameras are largely unused and some are missing., 128 ventilators from PM Cares and other sources in various medical colleges are non-functional., Government announced a vigilance inquiry into the missing items and unused equipment.