500 ഭീകരർ അതിർത്തി കടക്കാൻ കാത്തിരിക്കുന്നു; ശ്രദ്ധതിരിച്ച് നുഴഞ്ഞുകയറും, വനത്തിൽ ഒളിക്കും, ആക്രമണം പിന്നീട്- രഹസ്യാന്വേഷണ റിപ്പോർട്ട്

ന്യൂഡൽഹി: കശ്മീരിലെ അവസാനത്തെ സജീവ പ്രാദേശിക ഭീകരനായ ലതീഫ് ഭട്ട് കൊല്ലപ്പെട്ടതിനെത്തുടർന്ന്, ജമ്മു കശ്മീരിലേക്ക് ഒരേസമയം വിവിധ മേഖലകളിലൂടെ ഭീകരരെ കടത്തിവിടാൻ പാകിസ്താൻ പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ റിപ്പോർട്ട്. പാക് ചാരസംഘടനയായ ഐഎസ്ഐ ാണ് ഇന്ത്യയിലേക്ക് ഭീകരരെ കടത്തിവിടാനുള്ള പദ്ധതിയൊരുക്കുന്നത്. പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭീകരസംഘടനയായ ലഷ്കറെ ത്വൊയ്ബയുമായി (LeT) ചേർന്ന് അതിർത്തി കടന്നുള്ള ആക്രമണങ്ങളും നുഴഞ്ഞുകയറ്റ ശ്രമങ്ങളും ശക്തമാക്കാനാണ് ഐസ്ഐ നീക്കം നടത്തുന്നത്.
ലതീഫ് ഭട്ട് കൊല്ലപ്പെട്ട ഏറ്റുമുട്ടൽ നടക്കുമ്പോഴും ഭീകരവാദികളെ ഏകോപിപ്പിക്കുന്ന പാകിസ്താനിലെ ആശയവിനിമയ ശൃംഖലകൾ സജീവമായിരുന്നുവെന്ന് രഹസ്യാന്വേഷണ വിവരങ്ങൾ വ്യക്തമാക്കുന്നു. ലാഷ്കറെ ത്വൊയ്ബ, ഹിസ്ബുൾ മുജാഹിദീൻ, ജെയ്ഷെ മുഹമ്മദ് എന്നീ ഭീകരസംഘടനകളിൽപ്പെട്ട 500-ലധികം ഭീകരർ പാക് അധീന കശ്മീരിലെ ലോഞ്ച് പാഡുകളിൽ ഇന്ത്യയിലേക്ക് കടക്കാൻ തയ്യാറായി കാത്തുനിൽക്കുകയാണ് എന്നാണ് രഹസ്യാഷേണ വൃത്തങ്ങൾ പറയുന്നത്.
നേരത്തെ ഘട്ടങ്ങളായി നുഴഞ്ഞുകയറ്റം നടത്തുന്നതിന് പകരം, ഒരേസമയം വിവിധ പാതകളിലൂടെ കൂടുതൽ ഭീകരരെ കടത്തിവിടാനാണ് ഐ.എസ്.ഐ. ലക്ഷ്യമിടുന്നത്. ബുദ്ഗാം, കുപ്വാര, പൂഞ്ച്, ഉറി തുടങ്ങിയ മേഖലകളിലൂടെ ഒരേസമയം നുഴഞ്ഞുകയറ്റം നടത്തി ഇന്ത്യയിലെ സുരക്ഷാ സേനയുടെ ശ്രദ്ധ പലയിടങ്ങളിലേക്ക് തിരിച്ചുവിടാനാണ് ഭീകരരുടെ ശ്രമം.
അതിർത്തി കടക്കുന്ന ഭീകരർക്ക് ഉടനടി പ്രത്യേക ആക്രമണ ദൗത്യങ്ങളൊന്നും നൽകിയിട്ടില്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇന്ത്യൻ അതിർത്തിക്കുള്ളിലേക്ക് പ്രവേശിക്കുക മാത്രമാണ് അവരുടെ പ്രാഥമിക ചുമതല. അതിർത്തി കടന്ന ശേഷം അടുത്ത നിർദ്ദേശങ്ങൾ ലഭിക്കുന്നതുവരെ അവർ നിബിഡ വനങ്ങളിൽ ഒളിച്ചിരിക്കണമെന്നാണ് നൽകിയിട്ടുള്ള നിർദ്ദേശം. മുൻപ് പഹൽഗാമിൽ ആക്രമണം നടത്തുന്നതിന് മുമ്പ് ഭീകരർ മാസങ്ങളോളം കാടുകളിൽ ഒളിച്ചിരുന്നതിന് സമാനമായ തന്ത്രമാണിത്. ഭീകരർ പ്രധാനമായും ആക്രമണങ്ങൾ നടത്താൻ മാത്രമാണ് എത്തുന്നത്. താമസസൗകര്യം, ലോജിസ്റ്റിക്സ്, ആക്രമണത്തിന് മുമ്പുള്ള നിരീക്ഷണം എന്നിവ പ്രാദേശിക ഓവർഗ്രൗണ്ട് വർക്കർമാർ (OGW) വഴി നിർവ്വഹിക്കും.
സുരക്ഷാ ഏജൻസികളുടെ സംശയം ഒഴിവാക്കാനായി സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള യുവാക്കളെ റിക്രൂട്ട് ചെയ്ത് ഓവർഗ്രൗണ്ട് വർക്കർ ശൃംഖല പുനർനിർമ്മിക്കാനും ഐ.എസ്.ഐ. ശ്രമിക്കുന്നുണ്ട്. പൊലീസിൽ മുൻകാല ക്രിമിനൽ റെക്കോർഡുകളില്ലാത്ത പുതിയ ആളുകളെയാണ് ഇതിനായി തിരഞ്ഞെടുക്കുന്നത്.
കൂടാതെ, ലതീഫ് ഭട്ടിന്റെ മരണത്തിന് ശേഷം താഴ്വരയിൽ വ്യാജ വാർത്തകളും വർഗീയ സംഘർഷങ്ങളും സൃഷ്ടിച്ച് ജനകീയ പ്രതിഷേധങ്ങൾ ഉണ്ടാക്കാൻ ലാഷ്കറെ ത്വൊയ്ബ ശ്രമിച്ചേക്കാമെന്നും രഹസ്യാന്വേഷണ ഏജൻസികൾ മുന്നറിയിപ്പ് നൽകുന്നു. ഇത്തരത്തിലുള്ള ക്രമസമാധാന പ്രശ്നങ്ങൾക്കിടയിൽ ഭീകരർക്ക് വീണ്ടും ശൃംഖല കെട്ടിപ്പടുക്കാനും പ്രവർത്തനങ്ങൾ പുനരാരംഭിക്കാനും സാധിക്കുമെന്നാണ് ഭീകര സംഘടന കണക്കുകൂട്ടുന്നത്.
Content Highlights: Intelligence reports reveal Pakistan's plan to infiltrate terrorists into Kashmir following the death of local terrorist Latif Bhatt.