എല്ലാം മറന്ന് വേലുസ്വാമി പുരം; അവശേഷിച്ചത് മരണവെപ്രാളത്തിന് സാക്ഷിയായ ചെരുപ്പുകളുടെ കുമ്പാരം മാത്രം

കരൂര്‍: റോഡിന്റെ വശങ്ങളില് ചിതറികിടക്കുന്ന ചെരുപ്പുകളുടെ കൂമ്പാരമല്ലാതെ വേലുസ്വാമി പുരത്ത് ആള്‍ക്കൂട്ട ദുരന്തത്തിന്റെ ശേഷിപ്പുകള്‍ ഒന്നുമില്ല. കരൂര്‍-ഈറോഡ് രണ്ടുവരിപ്പാതയില്‍ എല്ലാം മറന്നു ജനജീവിതം പതിവുപോലെ തിരക്കിലമര്‍ന്നു.
വേലുസ്വാമി പുരത്തിനും മുനിയപ്പന് കോവിലിനു മിടയില്‍ ഒരു കിലോമീറ്റര്‍ നീളത്തിലുള്ള പാതയിലാണ് ശനിയാഴ്ച വൈകീട്ട് തമിഴ്നാടിനെ നടുക്കിയ ആള്‍ക്കൂട്ട ദുരന്തമുണ്ടായത്. ഞായറാഴ്ച മുഖ്യമന്ത്രിയും മന്ത്രിമാരും രാഷ്ട്രീയ നേതാക്കളുമെല്ലാം ഇവിടേക്ക് ഒഴുകിയെത്തുകയായിരുന്നു. കൂടെ മാധ്യമപ്രവര്‍ത്തകരും. ദുരന്തഭൂമി കാണാന്‍ നാട്ടുകാരും ധാരാളമായി എത്തിയിരുന്നു.
റോഡിന്റെ ഇരുവശവും കടകള്‍ നിറഞ്ഞ അത്രയൊന്നും വീതിയില്ലാത്ത നടുക്ക് ഡിവൈഡര്‍ ഉള്ള ഇരട്ടപ്പാതയാണ് വേലുസ്വാമിപുരത്തേത്. രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രചാരണ പൊതുയോഗങ്ങള്‍ സ്ഥിരമായി നടക്കുന്ന സ്ഥലം. പതിനായിരം പേര് എത്തിയാല്‍ തന്നെ ഇവിടം തിങ്ങിനിറയുമെന്ന് സ്ഥലം നേരില്‍ കാണുന്നവര്‍ക്ക് ബോധ്യപ്പെടും. ഇവിടെയാണ് മുനിയപ്പന് കോവില്‍ വരെയുള്ള ഒരുകിലോമീറ്ററില്‍ 50,000 -ഓളം ആളുകള്‍ എത്തിയത്. രാവിലെ പത്ത് മുതല്‍ ഇഷ്ടതാരമായ വിജയ്യെ കാണാന്‍ ആരാധകരും തമിഴക വെട്രിക്കഴകം പ്രവര്‍ത്തകരും തടിച്ചു കൂടിയിരുന്നു.
വൈകീട്ട് ഏഴരയോടെ വിജയ് എത്തുമ്പോഴേക്കും വേലുസ്വാമി പുരം മനുഷ്യസാഗരമായി മാറിയിരുന്നു. പതിനായിരം പേര് എത്തിയാല്‍ പോലും വീര്‍പ്പുമുട്ടുന്ന സ്ഥലത്താണ് ഇത്രയധികം ആളുകള്‍ കൂടിയത്. റോഡിലും സമീപത്തെ കടകളിലും കെട്ടിടങ്ങളിലുമെല്ലാം ആളുകള്‍ നേരത്തെ സ്ഥലം പിടിച്ചു. വൈകി വന്നവരിലെ ചിലര്‍ റോഡരികിലെ മരങ്ങളിലും നിലയുറപ്പിച്ചു.
വിജയ് വേദിയിലേക്ക് തുറന്ന വാഹനത്തില്‍ വന്നപ്പോള്‍ അകമ്പടിയായി നൂറുകണക്കിന് ആളുകള്‍ തിങ്ങിനിറഞ്ഞ ജനങ്ങള്‍ക്കിടയിലേക്ക് വരികകൂടി ചെയ്തതോടെ വലിയ തിക്കും തിരക്കുമുണ്ടായി. തിരക്കില്‍പെട്ട് ശ്വാസം കിട്ടാതെ പലരും രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ചിലര്‍ നിലത്തു വീണു. തിരക്കില്‍നിന്ന് രക്ഷ നേടാന്‍ എല്ലാവരും തിടുക്കപ്പെട്ടതോടെയാണ് ദുരന്തത്തിന്റെ വ്യാപ്തി വല്ലാതെ കൂടിയത്. ഒന്നര വയസുള്ള കുട്ടി മുതല്‍ 60 വയസുകാരന് വരെ 40 പേര്‍ക്ക് ജീവന് നഷ്ടമാവുകയും ചെയ്തു. തിരക്ക് കണ്ടു വിജയ് വരുന്നതിന് മുമ്പ് ഒരുപാട് പേര് വീട്ടിലേക്ക് മടങ്ങിയിരുന്നുവെന്ന് സമീപത്തെ കടക്കാര് പറഞ്ഞു.
കരൂര്‍ ടൗണില്‍ നിന്ന് ഈറോഡ് റോഡ് തുടങ്ങുന്ന ഭാഗം മുതല്‍ റോഡിന്റെ ഇരു വശങ്ങളിലും ഉപേക്ഷിക്കപ്പെട്ട ചെരുപ്പുകള്‍ കാണാം. മുനിയപ്പന് കോവില്‍ മുതല്‍ വേലുസ്വാമി പുരം വരെയുള്ള ഒരു കിലോമീറ്ററിലാണ് ചെരുപ്പുകള്‍ കൂടുതല്‍ ഉള്ളത്. പ്രധാന റോഡില്‍ വന്നു ചേരുന്ന പോക്കറ്റ് റോഡുകളിലും ചെരുപ്പുകള്‍ കാണാം.
കൊടിതോരണങ്ങളും ചിതറിക്കിടക്കുന്നുണ്ട്. രക്ഷപ്പെടാന്‍ ആളുകള്‍ പലവഴിക്ക് ഓടിയതിന്റെ അടയാളങ്ങള്‍ ആണിത്. ഉപേക്ഷിച്ച ചെരുപ്പുകളും മറ്റും റോഡിന്റെ വശങ്ങളിലേക്ക് മാറ്റി റോഡ് വൃത്തിയാക്കിയിട്ടുണ്ട്. സ്ഥലത്ത് കരൂര്‍ സിറ്റി പോലീസിന്റെ നേതൃത്വത്തില്‍ വലിയ സുരക്ഷ തുടരുന്നുണ്ട്.
Content Highlights: Beyond the Crowds: Veluswamy Puram's Quiet Recovery and the Unspoken Story of Lost Footwear