'അശുഭ'ദിനത്തിലെ ഭരണഘടന; അന്ന് നെഹ്റു പറഞ്ഞു, 'രാജ്യത്തിന്റെ ഭാവി ജ്യൗതിഷികൾ തീരുമാനിക്കേണ്ടാ'

ന്യൂഡൽഹി: ജ്യോതിഷപ്രകാരം 'അശുഭ'ദിവസമാണെന്ന ആശങ്കകൾക്കിടയിലും ഭരണഘടന നിലവിൽവരുന്ന തീയതിയായ ജനുവരി 26 മാറ്റാൻ പ്രഥമ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റു തയ്യാറായിരുന്നില്ലെന്ന് വ്യക്തമാക്കുന്ന 1949-ലെ കത്ത് പുറത്ത്. ഭരണഘടനാ നിർമാണസഭാധ്യക്ഷനായിരുന്ന ഡോ. രാജേന്ദ്ര പ്രസാദിന് നെഹ്റു അയച്ച കത്തിലാണ് നെഹ്റുവിന്റെ പ്രതികരണം.
''എനിക്ക് ജ്യോതിഷത്തിൽ വിശ്വാസമില്ല. ജ്യൗതിഷികളുടെ നിർദേശപ്രകാരം ദേശീയപരിപാടികൾ നിശ്ചയിക്കാൻ ആഗ്രഹിക്കുന്നില്ല'' -നെഹ്റു വ്യക്തമാക്കി. ജനുവരി 26 മാറ്റുന്നത് ജനങ്ങൾക്കിടയിൽ അഭിപ്രായവ്യത്യാസങ്ങൾക്ക് കാരണമാകുമെന്നും കത്തെഴുതിയ വ്യക്തി കോടിക്കണക്കിന് ജനങ്ങളുടെ വികാരത്തെയാണോ പ്രതിനിധാനംചെയ്യുന്നതെന്നും അദ്ദേഹം ചോദിച്ചു. ഭരണഘടനാദിനമായ നവംബർ 26-നോടനുബന്ധിച്ച് പി.എം. മ്യൂസിയം അധികൃതരാണ് കത്തിന്റെ പകർപ്പ് പങ്കുവെച്ചത്.
ജനുവരി 26 അശുഭകരമാണെന്നും മറ്റൊരു ദിവസം പരിഗണിക്കണമെന്നും ആവശ്യപ്പെട്ട് ഒരാൾ അയച്ച കത്തുസഹിതമാണ് രാജേന്ദ്ര പ്രസാദ് നെഹ്റുവിനെഴുതിയത്. 'നമ്മൾ വ്യക്തികളെന്ന നിലയിലല്ല, മറിച്ച് ജ്യോതിഷത്തിൽ വിശ്വസിക്കുന്ന കോടിക്കണക്കിന് ജനങ്ങളുടെ പ്രതിനിധികളെന്ന നിലയിലാണ് പ്രവർത്തിക്കുന്നത്. അതിനാൽ അവരുടെ വികാരങ്ങൾ പരിഗണിക്കാതിരിക്കുന്നത് ശരിയല്ലെ'ന്നായിരുന്നു പ്രസാദിന്റെ നിലപാട്. അതേസമയം, 1947 ഓഗസ്റ്റ് 15 ജ്യൗതിഷികളോട് ആലോചിക്കാതെയാണ് നിശ്ചയിച്ചതെന്ന കാര്യവും പ്രസാദ് കത്തിൽ ഓർമ്മിപ്പിച്ചു. ആ ദിനവും അശുഭകരമാണെന്ന് ജ്യൗതിഷികൾ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ, 1949 സെപ്റ്റംബർ 27-ന് അയച്ച മറുപടിക്കത്തിൽ നെഹ്റു ഈ നിർദേശം തള്ളിക്കളഞ്ഞു. ഇത്തരം വിശ്വാസങ്ങൾ വ്യാപകമാണെങ്കിൽ അവയെ തിരുത്താൻ ശ്രമിക്കണം, അല്ലെങ്കിൽ രാജ്യത്തിന്റെ ഭാവി ജ്യോതിഷത്തിൽ വിശ്വസിക്കുന്നവരെ ഏൽപ്പിക്കേണ്ടിവരുമെന്നും നെഹ്റു കത്തിൽ കൂട്ടിച്ചേർത്തു.
Content Highlights: Jawaharlal Nehru refused to change January 26 as constitution date despite astrological concerns, emphasizing rational decision-making over superstitions.