എക്കാലവും പർദ്ദയ്‌ക്കെതിരാണ്, പക്ഷേ നിതീഷ് മാപ്പുപറയണം; നിഖാബ്‌ വിവാദത്തിൽ ജാവേദ് അക്തർ

ജാവേദ് അക്തർ, നിതീഷ് കുമാർ ഹിജാബ് മാറ്റാൻ ശ്രമിക്കുന്നു| Photo: ANI
ജാവേദ് അക്തർ, നിതീഷ് കുമാർ ഹിജാബ് മാറ്റാൻ ശ്രമിക്കുന്നു| Photo: ANI

മുംബൈ: മുസ്ലീം വനിതാ ഡോക്ടറുടെ നിഖാബ്‌ വലിച്ചുനീക്കിയ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഡോക്ടറോട് നിരുപാധികം മാപ്പ് പറയണമെന്ന് കവിയും ഗാനരചയിതാവുമായ ജാവേദ് അക്തർ. പർദ്ദ എന്ന ആശയത്തോട് താൻ ശക്തമായി വിയോജിക്കുന്ന ആളാണെങ്കിലും നിതീഷ് കുമാറിന്റെ പ്രവൃത്തി ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.

ബിഹാർ മുഖ്യമന്ത്രിയായി പത്താം തവണയും അധികാരത്തിലേറിയ നിതീഷ് കുമാർ തിങ്കളാഴ്ച നടന്ന ആയുഷ് ഡോക്ടർമാരുടെ പരിപാടിയിലാണ് വനിതാ ഡോക്ടറുടെ നിഖാബ്‌ വലിച്ചുനീക്കി വിവാദത്തിൽപെട്ടത്. 1,200-ലധികം ഡോക്ടർമാർക്ക് നിയമന കത്തുകൾ വിതരണം ചെയ്ത ചടങ്ങിലാണ് സംഭവം.

ഡോക്ടറുമായി മുഖ്യമന്ത്രി സംസാരിക്കുന്നതും നിഖാബ്‌ നീക്കാൻ ആവശ്യപ്പെടുന്നതും വീഡിയോയിൽ കാണാം. ഡോക്ടർ പ്രതികരിക്കുന്നതിന് മുമ്പ് മുഖ്യമന്ത്രി നിഖാബ്‌ വലിച്ചുതാഴ്ത്തുകയായിരുന്നു. ഇതുകണ്ട് വേദിയിൽ ചിലർ ചിരിക്കുന്നതും നിതീഷ് കുമാറിനെ ഉപമുഖ്യമന്ത്രി സമ്രാട്ട് ചൗധരി തടയാൻ ശ്രമിക്കുന്നതും കാണാം.

'നിതീഷ് കുമാർ ഒരു മുസ്ലീം വനിതാ ഡോക്ടറോട് ചെയ്തത് ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ല. ശക്തമായ വാക്കുകളിൽ അപലപിക്കുന്നു. നിതീഷ് കുമാർ ആ വനിതയോട് നിരുപാധികം ക്ഷമ ചോദിക്കണം.' ജാവേദ് അക്തർ ‘എക്‌സി’ൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ ആവശ്യപ്പെട്ടു.

നിതീഷിന്റെ പ്രവൃത്തിയെ നിന്ദ്യമെന്ന്‌ വിശേഷിപ്പിച്ച കോൺഗ്രസ് അദ്ദേഹം രാജിവെക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ജെഡിയു-ബിജെപി സഖ്യത്തിന്റെ സ്ത്രീകളോടുള്ള മനോഭാവമാണ് നിഖാബ്‌ വലിച്ചുതാഴ്ത്തിയതിലൂടെ കാണിക്കുന്നതെന്ന് ആജെഡി വക്താവ് എജാസ് അഹമ്മദ് പറഞ്ഞു.

പ്രതിപക്ഷവും മുസ്ലീം സമൂഹത്തിലെ നേതാക്കളും നിതീഷ് കുമാറിനെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് ന്യൂനപക്ഷ ക്ഷേമ മന്ത്രിയുമായ സമാ ഖാൻ പറഞ്ഞു. 'ഒരു പെൺകുട്ടി ജീവിതത്തിൽ വിജയിച്ചതിന് ശേഷം അവളുടെ മുഖം സമൂഹം കാണണമെന്ന് അദ്ദേഹം ആഗ്രഹിച്ചു.' സമാ ഖാൻ പറഞ്ഞു.

Content Highlights: Javed Akhtar condemns Bihar CM Nitish Kumar`s act of pulling off a woman doctor`s hijab. Demands unconditional apology. BJP, Congress, RJD also criticize.