ജന്തർമന്തർ പ്രതിഷേധം: എസിപിക്കെതിരേ ലൈംഗികാതിക്രമ പരാതി നൽകിയ മാധ്യമപ്രവർത്തക കസ്റ്റഡിയിൽ

ന്യൂഡൽഹി: ജന്തർമന്തർ പ്രതിഷേധം റിപ്പോർട്ട് ചെയ്യുന്നതിനിടെ ഡൽഹി എസിപി വിവേക് ഭഗത് ലെെംഗിക അതിക്രമം നടത്തിയെന്നും കയ്യേറ്റം ചെയ്തെന്നും ആരോപണമുന്നയിച്ച മാധ്യമപ്രവർത്തകയെ പോലീസ് വീണ്ടും കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച രാവിലെ ഡൽഹി പോലീസ് കസ്റ്റഡിയിൽ എടുത്ത ഇവരെ കന്റോൺമെന്റ് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയെന്ന് ദ ഹിന്ദു റിപ്പോർട്ട് ചെയ്തു.
ആരോപണവിധേയനായ വിവേക് ഭഗത്തിനെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരിയായ മാധ്യമപ്രവർത്തകയും മറ്റ് സ്വതന്ത്രമാധ്യമപ്രവർത്തകരും ആക്ടിവിസ്റ്റുകളും പാർലമെന്റ് പോലീസ് സ്റ്റേഷന് പുറത്ത് പ്രതിഷേധിക്കുകയായിരുന്നു. ഇവിടെനിന്നാണ് ഇവരെ വീണ്ടും കസ്റ്റഡിയിൽ എടുത്തത്. തിങ്കളാഴ്ച രാവിലെ പതിനെട്ടോളം പ്രതിഷേധക്കാരെ ഡൽഹി പോലീസ് കസ്റ്റഡിയിൽ എടുത്തെന്നാണ് വിവരം.
ഞായറാഴ്ചത്തെ പ്രതിഷേധത്തിന് പിന്നാലെ പരാതിക്കാരിയായ മാധ്യമപ്രവർത്തകയെ ഡൽഹി പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. വിട്ടയച്ചതിന് പിന്നാലെയാണ് തിങ്കളാഴ്ച രാവിലെ വീണ്ടും കസ്റ്റഡിയിൽ എടുത്തത്. വിവേകിനെതിരേ നടപടി വേണമെന്ന പ്രതിഷേധക്കാരുടെ ആവശ്യം ശക്തമാകുന്നതിനിടെയാണ് നടപടി.
ഒക്ടോബർ മൂന്നാം തീയതി ജന്തർ മന്ദറിലെ പ്രതിഷേധത്തിനിടെയാണ് പോലീസുകാരിൽനിന്ന് ലൈംഗിക അതിക്രമമുണ്ടായെന്ന് മൂന്ന് വനിതാമാധ്യമപ്രവർത്തകർ പരാതി ഉന്നയിച്ചത്. ആരോപണം അന്വേഷിക്കണമെന്നും സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെടുന്നുണ്ട്. അതേസമയം, പരാതിയിൽ ഡൽഹി പോലീസ് ഇതുവരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല.
തങ്ങൾ അവിടേക്ക് പോവുകയും സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെടുകയും ചെയ്തുവെന്ന് പ്രതിഷേധക്കാരിലൊരാൾ പറഞ്ഞു. 'എന്നാൽ, ദൃശ്യങ്ങൾ തരാൻ അവർ തയ്യാറായില്ല. അവർ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയോ കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവെക്കുകയോ ചെയ്തില്ല. പകരം ഞങ്ങളെ കസ്റ്റഡിയിൽ എടുക്കുകയാണുണ്ടായത്, തിങ്കളാഴ്ച ഡൽഹി പോലീസ് കസ്റ്റഡിയിൽ എടുത്തതിന് പിന്നാലെ പോലീസ് വാഹനത്തിലിരുന്ന് പ്രതിഷേധക്കാരിലൊരാൾ പ്രതികരിച്ചു.
Content Highlights: A female journalist accusing Delhi ACP Vivek Bhagat of sexual assault was detained again by Delhi Police., Protesters and independent journalists gathered outside Parliament police station demanding an FIR against the accused ACP., Three women journalists initially raised harassment complaints regarding an incident at Jantar Mantar., Delhi Police have not registered an FIR or provided CCTV footage related to the incident as of Monday.