കശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു, മറ്റൊരാള്‍ക്കായി തിരച്ചില്‍

ശ്രീനഗര്‍: ജമ്മു കശ്മീരിലെ അനന്ത്‌നാഗില്‍ സുരക്ഷാ സേന രണ്ട് ഭീകരരെ വധിച്ചു. ലാര്‍നു വനമേഖലയില്‍ മറ്റൊരു ഭീകരനായുള്ള തിരച്ചില്‍ തുടരുകയാണ്. ഇയാള്‍ ഇപ്പോഴും ഇവിടെയുണ്ടെന്നാണ് റിപ്പോര്‍ട്ട്. വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി കശ്മീരില്‍ നാലിടത്താണ് വെടിവെപ്പുണ്ടായത്.
ശ്രീനഗറില്‍ രണ്ടര വര്‍ഷത്തിനുശേഷമാണ് ഏറ്റുമുട്ടലുണ്ടായത്. സുരക്ഷാ സേനയുടെ ഭീകരവിരുദ്ധ ഓപ്പറേഷന്‍ നടക്കുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്. ശ്രീനഗറിലെ ഖന്യാര്‍ ഭാഗത്ത് വെടിവെപ്പുണ്ടായി മണിക്കൂറുകള്‍ക്കകമാണ് പുതിയ സംഭവവും നടന്നത്. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ വിദേശിയും മറ്റേയാള്‍ പ്രാദേശികനുമാണെന്ന് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. ഇവര്‍ ഏത് സംഘടനയുമായി ബന്ധമുള്ളവരാണെന്ന് സ്ഥിരീകരിച്ചിട്ടില്ല.
താഴ്വരയില്‍ ഭീകരര്‍ക്കായി വ്യാപക തിരച്ചിലാണ് നടക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവരുമെന്നാണ് സേനാവൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്. ബുധ്ഗാമില്‍ അതിഥി തൊഴിലാളികള്‍ക്കുനേരെ ഭീകരര്‍ വെടിയുതിര്‍ത്തത് വെള്ളിയാഴ്ചയായിരുന്നു. ബന്ദിപുരയില്‍ ബിലാല്‍ കോളനിയിലെ സൈനിക ക്യാമ്പിനുനേരെയും വെടിവെപ്പുണ്ടായിരുന്നു. ആക്രമണങ്ങളില്‍ സുരക്ഷാ സേനാംഗങ്ങള്‍ക്കോ നാട്ടുകാര്‍ക്കോ പരിക്കില്ല.
Content Highlights: 2 terrorists killed in encounter with security forces in Jammu Kashmir