ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യ തകർത്ത ജെയ്ഷെ മുഹമ്മദ് ആസ്ഥാനം പുനർനിർമ്മിച്ചു; 25 കോടി നൽകി പാക് സർക്കാർ

#ന്യൂസ് ഡെസ്ക്
Photo: @ShadowIND_IN
Photo: @ShadowIND_IN

ഇസ്ലാമാബാദ്: ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യ തകർത്ത ബഹാവൽപൂരിലെ ജെയ്ഷെ മുഹമ്മദ് ആസ്ഥാനം പുനർനിർമിച്ചു. പാക് പഞ്ചാബ് പ്രവിശ്യയിലുള്ള മർകസ് സുബാനല്ല എന്ന കെട്ടിടസമുച്ചയമാണ് പാക് സർക്കാരിന്റെ സഹായത്തോടെ പുനർനിർമിച്ചത്. കെട്ടിടം പുനർനിർമിച്ചതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ഓപ്പറേഷൻ സിന്ദൂർ കഴിഞ്ഞ് 15 മാസങ്ങൾക്ക് ശേഷമാണ് കെട്ടിടം പുനർനിർമിച്ചത്. 2025 മേയ് ഏഴിനായിരുന്നു ഇന്ത്യ ഓപ്പറേഷൻ സിന്ദൂറിലൂടെ പാക് ഭീകരകേന്ദ്രങ്ങൾ തകർത്തത്. ഇന്ത്യ ടുഡേ ആണ് ആസ്ഥാനം പുനർനിർമിച്ചതിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടത്. തകർന്ന കെട്ടിടങ്ങളിൽ പുതിയ പെയിന്റടിക്കുകയും മാർബിളുകൾ പാകുകയും ചെയ്തിട്ടുണ്ട്. ഓപ്പറേഷൻ സിന്ദൂറിൽ തകർന്ന താഴികക്കുടങ്ങൾ പുതുക്കിപ്പണിതു. കെട്ടിടത്തിലുണ്ടായ ഗർത്തങ്ങളൊക്കെ നികത്തിയ നിലയിലാണ്. ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ച പ്രധാന ഹാളും പൂർണമായും നവീകരിച്ചിട്ടുണ്ട്.

പാകിസ്താൻ ഭരണകൂടത്തിന്റെ നേരിട്ടുള്ള സാമ്പത്തികസഹായത്തോടെയാണ് പുനർനിർമാണം നടന്നതെന്ന് രഹസ്യാന്വേഷണ ഏജൻസികൾ വ്യക്തമാക്കുന്നു. ഗഡുക്കളായി ഏകദേശം 25 കോടി പാകിസ്താനി രൂപ ഇതിനായി ജെയ്ഷെ മുഹമ്മദിന് കൈമാറിയെന്നാണ് വിവരം. ഇതിൽ 11 കോടിയോളം രൂപ പ്രധാന ഹാളിന്റെ നിർമാണത്തിന് മാത്രമായി ചെലവഴിച്ചു. പ്രധാന സമുച്ചയത്തോട് ചേർന്നുള്ള മദ്രസ അൽ സാബിർ, ഭീകരവാദ കമാൻഡർമാരുടെ വസതികൾ എന്നിവയും പുതുക്കിപ്പണിതിട്ടുണ്ട്.

26 പേരുടെ മരണത്തിനിടയാക്കിയ പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെയായിരുന്നു ഇന്ത്യൻ സൈന്യം പാക് ഭീകരകേന്ദ്രങ്ങളിൽ ആക്രമണം നടത്തിയത്. ഇതിൽ നിരവധി ഭീകരർ കൊല്ലപ്പെടുകയും ഭീകരകേന്ദ്രങ്ങൾ തകർക്കുകയും ചെയ്തിരുന്നു.

ഈ വർഷാദ്യത്തിൽ പുറത്തുവന്ന ഉപഗ്രഹചിത്രങ്ങളിൽ ജെയ്ഷെ മുഹമ്മദ് ആസ്ഥാനത്തെ നിർമാണപ്രവൃത്തികളെക്കുറിച്ച് വിവരങ്ങൾ ഉണ്ടായിരുന്നു. നിർമാണപ്രവൃത്തികൾ തകൃതിയായി നടക്കുന്നതായും ഉപഗ്രഹദൃശ്യങ്ങൾ വ്യക്തമാക്കിയിരുന്നു. ഇതിൽ കാണിച്ചതിനേക്കാളേറെ നിലവിൽ പുനർനിർമാണം നടന്നു കഴിഞ്ഞുവെന്നാണ് ഇന്ത്യ ടുഡേ റിപ്പോർട്ടിൽ പറയുന്നത്.

രാജ്യാന്തര അതിർത്തിയിൽനിന്ന് 100 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന 18 ഏക്കർ വിസ്തൃതിയുള്ള ഈ കേന്ദ്രമാണ് ജെയ്ഷെ മുഹമ്മദ് ഭീകരരെ റിക്രൂട്ട് ചെയ്യാനും പരിശീലനം നൽകാനും പ്രധാനമായും ഉപയോഗിച്ചിരുന്നതെന്നാണ് വിവരം. 2001-ലെ പാർലമെന്റ് ആക്രമണം, 2016-ലെ പത്താൻകോട്ട് ആക്രമണം, 2019-ലെ പുൽവാമ ആക്രമണം എന്നിവയുടെ ആസൂത്രണവും ഈ ക്യാമ്പുമായി ബന്ധപ്പെട്ടായിരുന്നു.

Content Highlights: Jaish-e-Mohammed headquarters in Bahawalpur rebuilt 15 months after Operation Sindoor., Reconstruction funded by the Pakistani government with around 25 crore Pakistani rupees., Visuals show renovated domes, repainted walls, and repaired main halls at Markaz Subhanallah., The 18-acre facility was previously used for terror recruitment and training by Jaish-e-Mohammed.