ഗ്യാസ് ടാങ്കര്‍ അപകടം: പ്രദേശത്താകെ തീപടര്‍ന്നത് നിമിഷങ്ങള്‍ക്കകം; മരണം 11 ആയി, നടുക്കുന്ന ദൃശ്യം

ജയ്പുര്‍ (രാജസ്ഥാന്‍): ജയ്പുര്‍ - അജ്‌മേര്‍ ദേശീയപാതയില്‍ ഗ്യാസ് ടാങ്കര്‍ലോറി അപകടത്തില്‍പ്പെട്ടതിനെത്തുടര്‍ന്ന് പ്രദേശത്താകെ തീപടര്‍ന്നത് നിമിഷങ്ങള്‍ക്കം. ഇതിന്റെ നടുക്കുന്ന സിസിടിവി ദൃശ്യം പുറത്തുവന്നിട്ടുണ്ട്. സമീപത്തെ കെട്ടിടങ്ങളിലേക്കടക്കം തീപടരുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ഗ്യാസ് ടാങ്കര്‍ലോറി മറ്റുവാഹനങ്ങളില്‍ ഇടിച്ചതിന് തൊട്ടുപിന്നാലെയാണ് സ്‌ഫോടനവും തീപ്പിടിത്തവും ഉണ്ടായത്.
അതിനിടെ സംഭവത്തില്‍ മരിച്ചവരുടെ എണ്ണം 11 ആയി. 45-ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 30-ലധികം വാഹനങ്ങള്‍ക്ക് തീപിടിച്ചു. ബസും ട്രക്കും കാറും ഇരുചക്ര വാഹനങ്ങളും അടക്കമുള്ളവയാണ് പൂര്‍ണമായും കത്തിനശിച്ചത്. അപകടത്തെത്തുടര്‍ന്ന് ദേശീയ പാതയിലൂടെയുള്ള ഗതാഗതം തടസപ്പെടുകയും വന്‍ഗതാഗതക്കുരുക്ക് രൂപപ്പെടുകയും ചെയ്തിരുന്നു. തീപിടിച്ച വാഹനങ്ങള്‍ക്കുള്ളില്‍ കുടുങ്ങി ആരെങ്കിലും വെന്ത് മരിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താന്‍ വിശദമായ പരിശോധന നടത്തുമെന്ന് പോലീസ് പറഞ്ഞു.
ചികിത്സയില്‍ കഴിയുന്നവരെ രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മയും ആരോഗ്യമന്ത്രി ഗജേന്ദ്ര സിങ്ങും ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു. വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്നും എല്ലാ സൗകര്യവും ഒരുക്കണമെന്നും ആശുപത്രി അധികൃതരോട് നിര്‍ദേശിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ അദ്ദേഹം ഫോണില്‍ ബന്ധപ്പെട്ട് വിവരങ്ങള്‍ ധരിപ്പിച്ചു. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണെന്നാണ് വിവരം. ഇവരുടെ ചികിത്സയ്ക്കായി എസ്.എം.എസ്. ആശുപത്രിയില്‍ പ്രത്യേക വാര്‍ഡ് സജ്ജമാക്കിയിട്ടുണ്ട്.
ദേശീയ പാതയ്ക്കരികിലെ പെട്രോള്‍ പമ്പനിന് സമീപമാണ് വലിയ തീപ്പിടിത്തമുണ്ടായത്. എന്നാല്‍ പെട്രോള്‍ പമ്പിലേക്ക് തീപടരാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. അഗ്നിരക്ഷാ സേനാംഗങ്ങള്‍ക്ക് പ്രദേശത്തേക്ക് അടുക്കാന്‍പോലും കഴിയാതിരുന്നത് ആദ്യഘട്ടത്തില്‍ തീ കെടുത്തുന്നതിനും രക്ഷാപ്രവര്‍ത്തനത്തിനും തടസമായി. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ട് ലക്ഷം രൂപവീതവും പരിക്കേറ്റവരുടെ ചികിത്സയ്ക്കായി 50,000 രൂപ വീതവും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് അനുവദിച്ചിട്ടുണ്ട്.
Content Highlights: jaipur tanker accident video shows fire seeping nearby buildings