'ഇന്ദ്രന്റെ വാള്‍'; INS തമാല്‍ കമ്മീഷന്‍ ചെയ്തു, വിദേശത്ത് നിര്‍മിച്ച അവസാനത്തെ യുദ്ധക്കപ്പൽ

ഐഎന്‍എസ് തമാല്‍| Video grab image from Indian navy x post
ഐഎന്‍എസ് തമാല്‍| Video grab image from Indian navy x post

ന്യൂഡല്‍ഹി:  നാവികസേനയ്ക്ക് വേണ്ടി റഷ്യയില്‍ നിര്‍മിച്ച യുദ്ധക്കപ്പല്‍ ഐഎന്‍എസ് തമാല്‍ കമ്മീഷന്‍ ചെയ്തു. റഷ്യയിലെ കലിനിന്‍ഗ്രാഡില്‍ വെച്ചാണ് യുദ്ധക്കപ്പല്‍  നാവികസേനയുടെ ഭാഗമായത്.  ഇന്ത്യ വിദേശത്ത് നിര്‍മിച്ച അവസാനത്തെ യുദ്ധക്കപ്പലാകും ഐഎന്‍സ് തമാല്‍. ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയില്‍ പെടുത്തി ഇനി നാവികസേനയ്ക്കുള്ള യുദ്ധക്കപ്പലുകള്‍ എല്ലാം രാജ്യത്ത് തന്നെ നിര്‍മിക്കും. 

നാവികസേനയ്ക്ക് വേണ്ടി നിര്‍മിച്ച രണ്ടാമത്തെ തുഷില്‍ ക്ലാസ് സ്റ്റൈല്‍ത്ത് യുദ്ധക്കപ്പലാണ് തമാല്‍. റഷ്യന്‍ ക്രിവാക് ക്ലാസ് യുദ്ധക്കപ്പലുകളെ അടിസ്ഥാനമാക്കിയാണ് തമാലിന്റെ നിര്‍മാണം നടന്നത്. കലിനിന്‍ഗ്രാഡിലെ യാന്താര്‍ ഷിപ്പ്‌യാര്‍ഡിലാണ് തമാലിന്റെ നിര്‍മാണം നടന്നത്. യുദ്ധക്കപ്പലുകള്‍ക്ക് വേണ്ടി 2016ലാണ് ഇവരുമായി കരാര്‍ ഒപ്പിട്ടത്. കപ്പലുകള്‍ക്ക് വേണ്ടി 21,000 കോടിരൂപയാണ് രാജ്യം ചെലവഴിച്ചത്. 

റഷ്യന്‍ ഡിസൈന്‍ അനുസരിച്ച് നാല് യുദ്ധക്കപ്പലുകളാണ് കരാര്‍ പ്രകാരം നിര്‍മിക്കുക. റഷ്യയില്‍ രണ്ട് യുദ്ധക്കപ്പല്‍ നിര്‍മിക്കാനും ശേഷിക്കുന്ന രണ്ടെണ്ണം ഇന്ത്യയില്‍ ഗോവ ഷിപ്പ്‌യാര്‍ഡിലും നിര്‍മിക്കാനായിരുന്നു ധാരണ. ഇന്ത്യയില്‍ നിര്‍മിക്കുന്നവയെ ത്രിപുത് ക്ലാസ് എന്നാണ് വിളിച്ചത്. 

26 ശതമാനവും തദ്ദേശീയമായ സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് ഐഎന്‍എസ് തമാല്‍ നിര്‍മിച്ചത്. 39000 ടണ്‍ കേവുഭാരമുള്ള കപ്പലിന് 125 മീറ്ററാണ് നീളം. ഭാരമേറിയ ടോര്‍പ്പീഡോകളും  ബ്രഹ്‌മോസ് മിസൈലുകളും വഹിക്കാനുള്ള ശേഷിയുണ്ട്.

യുദ്ധവിമാനങ്ങള്‍ക്കും ഹെലികോപ്റ്ററുകള്‍ക്കുമെതിരെ കുത്തനെ ആകാശത്തേക്ക് സര്‍ഫസ് ടു എയര്‍ മിസൈലുകള്‍ പ്രയോഗിക്കാനുള്ള സംവിധാനങ്ങള്‍ ഈ കപ്പലിലുണ്ട്. അന്തര്‍വാഹിനികളെ തകര്‍ക്കാനുള്ള റോക്കറ്റുകളും അത്യാധുനിക നിരീക്ഷണ സംവിധാനങ്ങളുമടക്കമാണ് തമാല്‍ നാവികസേനയിലേക്ക് എത്തുന്നത്. 

ഹെലികോപ്റ്ററുകള്‍ക്ക് ലാന്‍ഡ് ചെയ്യാനും ടേക്ക് ഓഫ് ചെയ്യാനും കഴിയുന്ന തരത്തിലുള്ള ഡോക്കാണ് തമാലിനുള്ളത്. ഇത് സമുദ്രമേഖലയില്‍ നിരീക്ഷണത്തിനും പെട്ടെന്നുള്ള പ്രത്യാക്രമണത്തിനും സേനയെ സഹായിക്കും. റഡാര്‍ നിരീക്ഷണങ്ങളെ മറികടക്കാന്‍ കഴിയുന്ന തരത്തിലുള്ള രൂപകല്‍പ്പനയാണ് കപ്പലിനുള്ളത്. എഫ്-16, എഫ്-35 തുടങ്ങിയ യുദ്ധവിമാനങ്ങളെ പോലും നേരിടാനുള്ള ശേഷിയുണ്ട്. അന്തര്‍വാഹിനികള്‍, ഡ്രോണുകള്‍ എന്നിവയില്‍ നിന്നുള്ള ആക്രമണങ്ങളെ പ്രതിരോധിക്കാനുള്ള സംവിധാനങ്ങളുമുണ്ട്. 

30 നോട്ടിക്കല്‍ മൈല്‍ (മണിക്കൂറില്‍ 50 കിലോമീറ്റര്‍ ) ആണ് കപ്പലിന്റെ വേഗം. അതികടുത്ത ശൈത്യത്തിലുള്‍പ്പെടെ നിരവധി വ്യത്യസ്തങ്ങളായ കാലാവസ്ഥയില്‍ കടല്‍ പരീക്ഷണങ്ങള്‍ കഴിഞ്ഞാണ് തമാലിനെ സേനയിലെടുത്തത്. നാവികസേനയുടെ പടിഞ്ഞാറന്‍ കമാന്‍ഡിന്റെ ഭാഗമായി അറബിക്കടലില്‍ ആകും ഇനി തമാല്‍ പ്രവര്‍ത്തിക്കുക. 

 രാമായണത്തില്‍ പരാമര്‍ശിക്കുന്ന ചിരഞ്ജീവിയായ  ജാംബവാനും റഷ്യയുടെ ദേശീയ മൃഗമായ യൂറേഷ്യന്‍ തവിട്ട് കരടിയും ചേര്‍ന്നുള്ള ലോഗോയാണ് തമാലിനുള്ളത്. ഇന്ത്യാ- റഷ്യ ബന്ധത്തിന്റെ ഇഴയടുപ്പം സൂചിപ്പിക്കാനാണ് ഈ ലോഗോ സ്വീകരിച്ചത്. ഹിന്ദുവിശ്വാസപ്രകാരം ദേവരാജനായ ഇന്ദ്രന്റെ ആയുധമാണ് തമാല്‍ എന്ന വാള്‍. ഈ പേരാണ് യുദ്ധക്കപ്പലിനായി സ്വീകരിച്ചത്. 'സര്‍വദാ സര്‍വത്ര വിജയ' ( എപ്പോഴും, എല്ലായിടത്തും വിജയം) എന്നതാണ് ആപ്തവാക്യം 

Content Highlights: India commissions INS Tamal, a stealth frigate built in Russia. Equipped with advanced weaponry