പവർബാങ്കിന് തീപ്പിടിച്ച് പൊട്ടിത്തെറി; ചെന്നൈയിലേക്ക് വന്ന വിമാനം അടിയന്തരമായി ഇറക്കി; ഞെട്ടിക്കുന്ന ദൃശ്യം

ഹൈദരാബാദ്: ഡൽഹിയിൽനിന്ന് ചെന്നൈയിലേക്ക് പറന്ന ഇൻഡിഗോ വിമാനത്തിൽ യാത്രക്കാരന്റെ പവർബാങ്ക് പൊട്ടിത്തെറിച്ചു. സംഭവത്തെത്തുടർന്ന് ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം അടിയന്തരമായി ഇറക്കി. ഞായറാഴ്ച വൈകീട്ടോടെയായിരുന്നു സംഭവമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ദൃശ്യങ്ങളും പുറത്തുവന്നു.
ഡൽഹിയിൽനിന്ന് ചെന്നൈയിലേക്ക് പുറപ്പെട്ട ഇൻഡിഗോയുടെ 6E 6115 വിമാനത്തിനുള്ളിലാണ് യാത്രക്കാരന്റെ പവർബാങ്കിൽനിന്ന് പുക ഉയർന്നത്. ഓവർഹെഡ് ബിന്നിൽ വെച്ചിരുന്ന പവർബാങ്കിൽനിന്ന് പുക ഉയരുകയും തീപ്പിടിക്കുകയും ചെയ്തതോടെ ക്യാബിൻ ക്രൂ വിമാനത്തിലുണ്ടായിരുന്ന അഗ്നിശമന ഉപകരണങ്ങൾ ഉപയോഗിച്ച് തീ നിയന്ത്രണവിധേയമാക്കി.
മുൻകരുതലിന്റെ ഭാഗമായി പൈലറ്റുമാർ വിമാനം ഹൈദരാബാദിലേക്ക് തിരിച്ചുവിടുകയും ഷംഷാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറക്കുകയുമായിരുന്നു. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് ഇൻഡിഗോ അധികൃതർ സ്ഥിരീകരിച്ചു.
യാത്രക്കാരെ ചെന്നൈയിലെത്തിക്കുന്നതിനായി പകരം മറ്റൊരു വിമാനം ഇൻഡിഗോ സജ്ജമാക്കിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് വ്യോമയാന മന്ത്രാലയവും ബന്ധപ്പെട്ട അധികാരികളും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Content Highlights: An IndiGo flight from Delhi to Chennai was diverted to Hyderabad following a power bank fire., The incident occurred in the overhead bin; cabin crew successfully used fire extinguishers., The plane landed safely at Rajiv Gandhi International Airport with no reported injuries., A replacement aircraft was arranged for passengers, and aviation authorities launched an investigation.