കൊലയാളി ഡ്രോണ്‍, ശത്രുക്കളുടെ പേടിസ്വപ്‌നം; വ്യോമസേനയുടെ 'ഘാതക്' 2026-ല്‍ സജ്ജമാകും

ന്യുഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന ഘാതക് സ്‌റ്റെല്‍ത്ത് ഡ്രോണ്‍ 2026-ല്‍ തയ്യാറാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച 4.5 തലമുറ ലഘു യുദ്ധവിമാനമായ തേജസിന്റെ മാര്‍ക്ക് 2 പതിപ്പിനൊപ്പം ഘാതക് ആളില്ലാ യുദ്ധവിമാനവും രംഗപ്രവേശം ചെയ്യും.
13 ടണ്‍ ഭാരമുള്ള വിദൂര നിയന്ത്രിത ആളില്ലാ യുദ്ധവിമാനമാണ് ഘാതക്. റഡാര്‍ നിരീക്ഷണത്തെ മറികടക്കാന്‍ കഴിയുന്ന രൂപകല്‍പ്പനയിലാണ് ഘാതക് അണിയറയിൽ ഒരുങ്ങുന്നത്. ശത്രുക്കളുടെ വ്യോമമേഖലയില്‍ കടന്നുകയറി ആക്രമണം നടത്താന്‍ കഴിയുന്ന തരത്തിലാണ് ഘാതകിനെ വികസിപ്പിക്കുന്നത്. ശത്രുക്കളുടെ പ്രതിരോധ സംവിധാനങ്ങളെ നിഷ്ഫലമാക്കുന്ന ഇലക്ട്രോണിക് വാര്‍ഫെയര്‍ സംവിധാനങ്ങള്‍ ഉള്ള ഈ ആളില്ലാ യുദ്ധവിമാനത്തിന് കരുത്തേകുന്നത് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കാവേരി ജെറ്റ് എന്‍ജിനാണ്. ഇന്ത്യയുടെ ഗ്യാസ് ടര്‍ബൈന്‍ റിസര്‍ച്ച് എസ്റ്റാബ്‌ളിഷ്‌മെന്റ് ( ജിടിആര്‍ഇ) ആണ് ഘാതകിന് വേണ്ടി എന്‍ജിന്‍ വികസിപ്പിച്ചത്. ആഫ്റ്റര്‍ ബര്‍ണര്‍ ഇല്ലാതെ തന്നെ 49 കിലോ ന്യൂട്ടണ്‍ ത്രസ്റ്റ് ഉത്പാദിപ്പിക്കാന്‍ കാവേരി എന്‍ജിന് സാധിക്കും. 3.7 ടണ്ണോളം ഇന്ധനം ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഘാതക്കിന് എട്ട് മണിക്കൂറോളം തുടര്‍ച്ചയായി പറക്കാന്‍ സാധിക്കും.
1000 കിലോ മീറ്ററോളം ദൂരെവരെ ചെന്ന് ആക്രമണം നടത്താനുള്ള ശേഷിയുണ്ട്. പരമാവധി 1500 കിലോയോളം വരുന്ന ആയുധങ്ങള്‍ ഘാതകിന് വഹിക്കാന്‍ സാധിക്കും. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ബ്രഹ്‌മോസ് NG മിസൈല്‍ ഉപയോഗിച്ച് ആക്രമിക്കാനുള്ള ശേഷി ഘാതകിനുണ്ടാകും. ഇതിനൊപ്പം എയര്‍ ടു എയര്‍ മിസൈലുകള്‍, ബോംബുകള്‍ എന്നിവ വഹിക്കാനാകും. യുദ്ധവിമാനങ്ങള്‍ക്കൊപ്പം ചേര്‍ന്ന് അതിലെ പൈലറ്റിന് നിയന്ത്രിക്കാവുന്ന തരത്തിലോ കമാന്‍ഡ് സെന്ററിലിരുന്ന് നിയന്ത്രിക്കാവുന്ന തരത്തിലോ ഘാതകിനെ ഉപയോഗിക്കാം.
സുഖോയ് 30എംകെഐ യുദ്ധവിമാനത്തിനൊപ്പമാകും ഘാതക് തുടക്കത്തില്‍ പ്രവര്‍ത്തിക്കുക. പിന്നീട് ഇന്ത്യയുടെ അഞ്ചാം തലമുറ യുദ്ധവിമാനമായ എഎംസിഎയ്‌ക്കൊപ്പം പ്രവര്‍ത്തിക്കും. ഡിആര്‍ഡിഒയുടെ ഭാഗമായ എയ്‌റോനോട്ടിക്കല്‍ ഡെവലപ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റ് ( എഡിഇ) വികസിപ്പിക്കുന്ന ഘാതകിന്റെ നിര്‍മാണപങ്കാളി എല്‍ ആന്‍ഡ് ടിയാണ്.
പ്രോട്ടോ ടൈപ്പ് വികസനം അന്തിമഘട്ടത്തിലെത്തിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇതിന് വേണ്ടിയുള്ള കാവേരി എന്‍ജിന്റെ പരീക്ഷണങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കി കൊണ്ടിരിക്കുകയാണ്. ഈ വര്‍ഷം തന്നെ എന്‍ജിന്‍ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാകും. വ്യോമസേന 150 ഘാതക് ഡ്രോണുകള്‍ വാങ്ങുമെന്നാണ് പ്രാഥമിക വിവരം. പരീക്ഷണ പറക്കലുകള്‍ക്ക് ശേഷം നിര്‍മാണത്തിലേക്ക് കടക്കുമ്പോള്‍ 2030 ആകുമ്പോഴേക്കും 30 ഡ്രോണുകള്‍ സേനയുടെ ഭാഗമാകും.
Content Highlights: India`s indigenous Ghatak stealth drone, set for 2026 launch