24 മീറ്റർ ആഴത്തിൽ നാലുവരി ഭൂഗർഭ റെയിൽപാത നിർമിക്കും;‘ചിക്കൻസ് നെക്ക്’ ഇനി കൂടുതൽ സുരക്ഷിതം

#ന്യൂസ് ഡെസ്ക്
അശ്വിനി വൈഷ്ണവ് | ഫോട്ടോ - എഎൻഐ
അശ്വിനി വൈഷ്ണവ് | ഫോട്ടോ - എഎൻഐ

ന്യൂഡൽഹി: ഇന്ത്യയുടെ തന്ത്രപ്രധാനമായ ചിക്കൻസ് നെക്ക് ഇടനാഴി പതിറ്റാണ്ടുകളായി സമ്മർദ്ദങ്ങളുടെ കേന്ദ്രബിന്ദുവാണ്. വടക്കുകിഴക്കൻ ഇന്ത്യയിലേക്കുള്ള ഇന്ത്യയുടെ ഏക കരമാർഗ്ഗമായ ഇടനാഴിയെ ചൈനയും അടുത്തിടെ ബംഗ്ലാദേശും പലപ്പോഴും ഭീഷണിപ്പെടുത്താനുള്ള തന്ത്രമായി ഉപയോഗിച്ചിട്ടുണ്ട്. സിലിഗുരി ഇടനാഴി എന്നും അറിയപ്പെടുന്ന രാജ്യത്തിന്റെ മർമ്മപ്രധാനമായ ഭാഗം കൂടുതൽ ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങളിൽ ഇന്ത്യ അധികശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. ഏകദേശം 40 കിലോമീറ്റർ നീളമുള്ള ചിക്കൻസ് നെക്ക് ഭാഗത്തുകൂടി ഭൂഗർഭ റെയിൽവേ ട്രാക്കുകൾ നിർമ്മിക്കാനുള്ള പദ്ധതികൾ നടന്നുവരികയാണെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന തന്ത്രപ്രധാനമായ ഇടനാഴിക്കായുള്ള പദ്ധതി ഉടനെ നടപ്പിലാക്കും. ഭൂഗർഭ റെയിൽവേ ട്രാക്കുകൾ സ്ഥാപിക്കുകയും നിലവിലുള്ള ട്രാക്കുകൾ നാലുവരി പാളങ്ങളാക്കുകയും ചെയ്യും," അശ്വിനി വൈഷ്ണവ് ചൊവ്വാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു. ബംഗാളിലെ ടിൻ മൈൽഹട്ടിൽ നിന്ന് രംഗപാണി വരെ ഏകദേശം 20-24 മീറ്റർ ആഴത്തിലാണ് ഈ ഭൂഗർഭ റെയിൽവേ ലൈനുകൾ സ്ഥാപിക്കുന്നത്. ഈ രണ്ട് സ്റ്റേഷനുകൾ തിരഞ്ഞെടുത്തതിനുപിന്നിൽ ഭൂമിശാസ്ത്രപരമായ പ്രത്യേകതയുണ്ട്. ടിൻ മൈൽഹട്ട് ബംഗാളിലെ ഡാർജിലിങ് ജില്ലയിലെ രംഗപാണി ബ്ലോക്കിലാണ് സ്ഥിതി ചെയ്യുന്നത്. സിലിഗുരിയിൽ നിന്ന് ഏകദേശം 10 കിലോമീറ്റർ അകലെ ഇത് ബംഗ്ലാദേശ് അതിർത്തിക്ക് സമീപമാണിത്. ബംഗ്ലാദേശിലെ പഞ്ചഗഢ് ജില്ല ഇവിടെനിന്ന് വെറും 68 കിലോമീറ്റർ മാത്രം അകലെയാണ്.

ചിക്കൻസ് നെക്ക് എന്നത് പ്രധാന ഭൂപ്രദേശത്തെ ഇന്ത്യയുടെ എട്ട് വടക്കുകിഴക്കൻ സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്ന ഏകദേശം 22 കിലോമീറ്റർ വീതിയുള്ള മെലിഞ്ഞ ഭൂപ്രദേശമാണ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കുള്ള ഏകമാർഗമാണിത്. ദേശീയപാതകൾ, റെയിൽവേ ലിങ്കുകൾ, ഇന്ധന ലൈനുകൾ, നിർണായക സൈനിക വിതരണ പാതകൾ എന്നിവ ഈ ഇടനാഴി ഉൾക്കൊള്ളുന്നു. തന്ത്രപരമായി, ചിക്കൻസ് നെക്ക് ഇടനാഴി ഒരു കവലയിലാണ് സ്ഥിതി ചെയ്യുന്നത് - തെക്ക് ബംഗ്ലാദേശ്, പടിഞ്ഞാറ് നേപ്പാൾ, വടക്ക് ചൈനയുടെ ചുമ്പി താഴ്വര. ചുമ്പി താഴ്വരയിൽ ചൈനീസ് സൈന്യത്തിന് തന്ത്രപരമായ സ്വാധീനമുണ്ട്. പ്രതിസന്ധി ഘട്ടങ്ങളിൽ ഈ ഇടനാഴിയിൽ പല മുന്നണികളിൽ നിന്നും സമ്മർദ്ദം അനുഭവപ്പെടാം. ഈ മേഖലയിൽ ഏതെങ്കിലും തടസ്സമുണ്ടായാൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ഒറ്റപ്പെടുത്തുക മാത്രമല്ല, സിക്കിമിലും അരുണാചൽ പ്രദേശിലും ചൈനയുമായുള്ള അതിർത്തിയിൽ ഇന്ത്യയുടെ നിലപാട് ദുർബലപ്പെടുത്തുകയും ചെയ്യും. ഈ പ്രദേശങ്ങൾ തങ്ങളുടേതാണെന്നാണ് ചൈനയുടെ അവകാശവാദം.

ചരക്ക് നീക്കം ചെയ്യുന്നതിനുള്ള ഏറ്റവും വേഗതയേറിയ മാർഗ്ഗം റെയിൽവേയാണ് - ഒരു ചരക്ക് ട്രെയിനിന് 300 ട്രക്കുകൾക്ക് തുല്യമായ ചരക്ക് കൊണ്ടുപോകാൻ കഴിയും. നിലവിൽ, ചിക്കൻസ് നെക്ക് ഇടനാഴിയിലെ ഭൂരിഭാഗം അടിസ്ഥാന സൗകര്യങ്ങളും ഉപരിതലത്തിലാണ്, ഇത് മിസൈൽ ആക്രമണങ്ങൾക്കോ പ്രകൃതി ദുരന്തങ്ങൾക്കോ വിധേയമാകാൻ സാധ്യത കൂടുതലാണ്. വ്യോമ, പീരങ്കി, ഡ്രോൺ ആക്രമണങ്ങളിൽ നിന്ന് ഭൂഗർഭ റെയിൽവേ വിഭാഗം സുരക്ഷിതമാണ്. ഒരു സംഘർഷമുണ്ടായാൽ, ഇത്തരം ഭൂഗർഭ ഇടനാഴികൾ സൈനികർ, ഇന്ധനം, അവശ്യ വിതരണങ്ങൾ എന്നിവയുടെ തടസ്സമില്ലാത്തനീക്കം ഉറപ്പാക്കും.

ചൈന ഡോക്‌ലാമിനും അരുണാചൽ പ്രദേശിനും സമീപം എല്ലാ കാലാവസ്ഥാ അടിസ്ഥാന സൗകര്യങ്ങളുടെയും ഒരു വിപുലമായ ശൃംഖല നിർമ്മിക്കുകയാണ്. ബംഗ്ലാദേശിലെ സമീപകാല രാഷ്ട്രീയ പ്രതിസന്ധി ഇന്ത്യയുടെ പിരിമുറുക്കങ്ങൾ വർധിപ്പിച്ചിട്ടുണ്ട്, ബന്ധങ്ങൾ വർഷങ്ങളിലെ ഏറ്റവും മോശമായ നിലയിലാണ്. കൂടാതെ, സിലിഗുരി ഇടനാഴിക്ക് സമീപമുള്ള രംഗപ്പുരിലെ ലാൽമോനിർഹട്ട് എയർബേസ് പുനർനിർമ്മിക്കാനുള്ള ബംഗ്ലാദേശിന്റെ സമീപകാല നീക്കം അസ്വസ്ഥത സൃഷ്ടിച്ചിട്ടുണ്ട്. ഇതേത്തുടർന്ന് രണ്ടാം ലോകമഹായുദ്ധ കാലഘട്ടത്തിലെ ബംഗാൾ, അസം, ത്രിപുര എന്നിവിടങ്ങളിലെ പ്രവർത്തനരഹിതമായ വിമാനത്താവളങ്ങളുടെ ശൃംഖല പുനരുജ്ജീവിപ്പിക്കാൻ ഇന്ത്യ നടപടികൾ ആരംഭിച്ചിട്ടുണ്ട്, ഇത് പ്രാദേശിക ബന്ധം ശക്തിപ്പെടുത്താനും പ്രവർത്തന സജ്ജത ഉറപ്പാക്കാനും ലക്ഷ്യമിടുന്നു.

കൂടാതെ, ബംഗാളിലെ ചോപ്ര, ബിഹാറിലെ കിഷൻഗഞ്ച്, അസമിലെ ലചിത് ബോർഫുകൻ എന്നിവിടങ്ങളിൽ പുതിയ സൈനിക താവളങ്ങൾ സ്ഥാപിച്ചുകൊണ്ട് ഈ മേഖലയിൽ ഇന്ത്യ ഇതിനകം തന്നെ സൈനിക സാന്നിധ്യം വർധിപ്പിച്ചിട്ടുണ്ട്. ചൈനയുടെ വികസിച്ചുവരുന്ന നാവിക സാന്നിധ്യത്തിന്റെയും ബംഗ്ലാദേശുമായുള്ള അവരുടെ പ്രതിരോധ പങ്കാളിത്തത്തിന്റെയും പശ്ചാത്തലത്തിൽ ബംഗാളിലെ ഹാൽദിയിൽ ഒരു പുതിയ നാവിക താവളം ഉടനെ സജ്ജമാകും. കഴിഞ്ഞ വർഷം, ഇന്ത്യ റെയിൽ അടിസ്ഥാനമാക്കിയുള്ള മൊബൈൽ ലോഞ്ചർ സംവിധാനത്തിൽ നിന്ന് ഇടത്തരം ദൂരമുള്ള അഗ്നി പ്രൈം മിസൈൽ വിജയകരമായി പരീക്ഷിച്ചു, രാജ്യത്തുടനീളം റെയിൽവേ ശൃംഖല വഴി മിസൈലുകൾ കൊണ്ടുപോകാനും വിക്ഷേപിക്കാനും സാധിക്കും.

Content Highlights: India is fortifying its strategic Chicken`s Neck corridor with underground railway lines to enhance connectivity and security for the Northeast region.