യുഎസ് സർവകലാശാലകളിൽ ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണത്തിൽ 80% വരെ ഇടിവ്, കാരണം ട്രംപിന്‍റെ 'പരിഷ്കരണം'

ന്യൂഡല്‍ഹി: യുഎസ് സര്‍വകലാശാലകളില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വന്‍ഇടിവെന്ന് റിപ്പോര്‍ട്ട്. വിദേശവിദ്യാര്‍ഥികളുടെ വിഷയത്തില്‍ ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം പുലര്‍ത്തുന്ന 'സുഖകരമല്ലാത്ത' നിലപാടിനെ തുടര്‍ന്നാണ് വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ കുറവുണ്ടായിരിക്കുന്നതെന്നാണ് വിദ്യാഭ്യാസ കണ്‍സള്‍ട്ടന്റുകളുടെ വിലയിരുത്തല്‍. യുഎസ് സര്‍വകലാശാലകള്‍ തിരഞ്ഞെടുക്കുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ 70 ശതമാനത്തോളം ഇടിവ് വന്നതായി ഹൈദരാബാദിലുള്ള കണ്‍സള്‍ട്ടന്റുകള്‍ പറയുന്നു. വിസ അപ്പോയ്‌മെന്റ് സ്ലോട്ടുകളുടെ മരവിപ്പിക്കലും വിസ നിഷേധിക്കുന്നതിന്റെ നിരക്കിലുണ്ടായിട്ടുള്ള വര്‍ധനവും ഇതിന് കാരണമായി വിലയിരുത്തപ്പെടുന്നു.
"സാധാരണഗതിയില്‍ ഈ സമയമാകുമ്പോഴേക്കും മിക്ക വിദ്യാര്‍ഥികളുടേയും വിസ ഇന്റര്‍വ്യൂകള്‍ പൂര്‍ത്തിയാകുകയും യുഎസിലേക്ക് പോകാനായുള്ള അവസാനവട്ട തയ്യാറെടുപ്പുകള്‍ നടത്തുകയുമാണ് പതിവ്. എന്നാല്‍ ഇക്കൊല്ലം വിസ അഭിമുഖത്തിനായുള്ള സ്ലോട്ട് ഓപ്പണ്‍ ആകുന്നത് എപ്പോഴാണെന്നറിയാന്‍ പോര്‍ട്ടല്‍ റിഫ്രഷ് ചെയ്തുകൊണ്ടിരിക്കുകയാണ്, എത്രയോ വര്‍ഷത്തിനിടെയുള്ള ദുരനുഭവമാണിത്", ഹൈദരാബാദിലെ ഓവര്‍സീസ് കണ്‍സള്‍ട്ടന്റായ സഞ്ജീവ് റായ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
വിസ സ്ലോട്ടുകള്‍ ഘട്ടം ഘട്ടമായി തുറക്കുമെന്നായിരുന്നു യുഎസ് അധികൃതരുടെ ഉറപ്പ്. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ അനിശ്ചിതത്വത്തിലാണ്. സ്ലോട്ടുകള്‍ ബുക്ക് ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് സ്ഥിരീകരണം ലഭിക്കുന്നില്ലെന്നാണ് വിവരം. ഇക്കാരണത്താല്‍ വിദ്യാര്‍ഥികള്‍ മറ്റു രാജ്യങ്ങളിലേക്ക് ശ്രദ്ധ തിരിച്ചിരിക്കുകയാണ്. കാത്തിരിക്കുന്നത് ചിലപ്പോള്‍ തന്റെ ഒരുകൊല്ലം നഷ്ടപ്പെടുത്താനിടയാക്കുമെന്നും അതിനാല്‍ വിസയ്ക്കായുള്ള അപേക്ഷ പിന്‍വലിച്ചതായും ഒരു വിദ്യാര്‍ഥി എന്‍ഡിടിവിയോട് പ്രതികരിച്ചു. പകരം ജര്‍മനിയില്‍ അവസരം തേടുകയാണ് ഈ ഇരുപത്തിമൂന്നുകാരന്‍.
അടുത്ത ദിവസങ്ങളില്‍ സ്ലോട്ടുകള്‍ തുറന്നിട്ടില്ലെങ്കില്‍ ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവി അവതാളത്തിലാകുമെന്ന് മറ്റൊരു കണ്‍സള്‍ട്ടന്‍സിയില്‍ നിന്നുള്ള അരവിന്ദ് മാണ്ഡുവ പറഞ്ഞു. ഏകദേശം 80 ശതമാനത്തോളം ഇടിവാണ് സംഭവിച്ചിരിക്കുന്നതെന്നും അരവിന്ദ് കൂട്ടിച്ചേര്‍ത്തു. മാര്‍ച്ചോടെ അഭിമുഖത്തിനുള്ള അനുമതി ലഭിച്ച വിദ്യാര്‍ഥികളില്‍ പലരുടേയും അപേക്ഷ നിരസിക്കപ്പെടുന്നതും മറ്റൊരു പ്രശ്‌നമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
അതേസമയം, സ്ലോട്ടുകള്‍ പുനരാരംഭിച്ചതായും അമേരിക്കയുടെ സുരക്ഷയ്‌ക്കോ താല്‍പര്യങ്ങള്‍ക്കോ ഹാനികരമല്ലാത്തതും കൃത്യത പാലിക്കുന്നതുമായ വിസ അപേക്ഷകള്‍ പരിഗണിക്കുമെന്ന് ഹൈദരാബാദിലെ യുഎസ് കോണ്‍സുലേറ്റ് ജനറല്‍ വ്യക്തമാക്കി. കഴിഞ്ഞ കൊല്ലം 3.3 ലക്ഷം വിദ്യാര്‍ഥികളാണ് ഇന്ത്യയില്‍ നിന്ന് യുഎസിലേക്ക് പോയത്. ചൈനയെ ഇക്കാര്യത്തില്‍ ഇന്ത്യ മറികടക്കുകയും ചെയ്തിരുന്നു. വിദേശകാര്യമന്ത്രാലയത്തില്‍ നിന്ന് ലഭിച്ച 2024 ജനുവരി ഒന്നിലെ കണക്കനുസരിച്ച് 11.6 ലക്ഷം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ വിദേശരാജ്യങ്ങളില്‍ ഉപരിപഠനം നടത്തിവരുന്നു. യൂറോപ്യന്‍ രാജ്യങ്ങളെ തിരഞ്ഞെടുക്കുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തിലും വര്‍ധന ഉണ്ടായതായും കണക്കുകള്‍ സൂചിപ്പിക്കുന്നു.
Content Highlights: A sharp decline in Indian students attending US universities is reported