സൊമാലിയൻ കൊള്ളക്കാർ റാഞ്ചിയ കപ്പലും 20 ജീവനക്കാരെയും രക്ഷിച്ച് നാവികസേന; അറബിക്കടലിൽ 48 മണിക്കൂർനീണ്ട ദൗത്യം

ന്യൂഡൽഹി: അറബിക്കടലിൽ സൊമാലിയൻ കടൽക്കൊള്ളക്കാർ തട്ടിയെടുത്ത് ബന്ദികളാക്കിയ 'അസിനി' എന്ന ഇറാനിയൻ മത്സ്യബന്ധന കപ്പലിലെ 20 ജീവനക്കാരെ മോചിപ്പിച്ച് ഇന്ത്യൻ നാവികസേന. 48 മണിക്കൂർ നീണ്ട കൃത്യമായ ഏകോപനത്തോടെയുള്ള ദൗത്യത്തിലൂടെയാണ് നാവികസേന ദൗത്യം പൂർത്തിയാക്കിയത്. സൊമാലിയയുടെ വടക്കുകിഴക്കൻ തീരത്തുള്ള ബന്ദർ ബെയ്ലയ്ക്കും ഹാഫൂണിനും ഇടയിൽവെച്ച് ഒക്ടോബർ 29-നാണ് ആയുധധാരികളായ സൊമാലിയൻ കൊള്ളക്കാർ കപ്പൽ പിടിച്ചെടുത്തത്.
നാവികസേനയുടെ യുദ്ധക്കപ്പലായ ഐ.എൻ.എസ് കൊൽക്കത്തയുടെ നേതൃത്വത്തിലായിരുന്നു ദൗത്യം. ദൗത്യത്തിന് പിന്തുണയായി P-8I സമുദ്ര നിരീക്ഷണ വിമാനം, MQ-9 പ്ലാറ്റ്ഫോമുകൾ എന്നിവ സജ്ജമാക്കിയിരുന്നു. കൂടാതെ, ഇന്ത്യൻ വ്യോമസേനയുടെ സി-17 വിമാനത്തിൽനിന്നുള്ള എയർഡ്രോപ്പിലൂടെ മറൈൻ കമാൻഡോകളെ ദൗത്യസ്ഥലത്തേക്ക് എത്തിക്കുകയും ചെയ്തു.
രക്ഷാദൗത്യത്തിൽ പങ്കാളികളായ സൈനികരെ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അഭിനന്ദിച്ചു. നാവികസേനയുടെ മികച്ച പ്രവർത്തനക്ഷമതയും സമുദ്ര ഭീഷണികൾക്കെതിരെ ഉടനടി പ്രതികരിക്കാനുള്ള രാജ്യത്തിൻ്റെ ശേഷിയുമാണ് ദൗത്യം വ്യക്തമാക്കുന്നതെന്ന് അദ്ദേഹം എക്സിൽ കുറിച്ചു.
ജീവനക്കാരുടെ ജീവൻ സംരക്ഷിക്കുന്നതിലും സമുദ്ര സുരക്ഷ ഉറപ്പാക്കുന്നതിലുമുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധതയും ശേഷിയും സൈനികർ തെളിയിച്ചുവെന്നും വരുംകാലങ്ങളിലും ഇന്ത്യൻ മഹാസമുദ്ര മേഖലയുടെ സുരക്ഷയ്ക്കായി രാജ്യം നിലകൊള്ളുമെന്നും പ്രതിരോധ മന്ത്രി കൂട്ടിച്ചേർത്തു.
Content Highlights: Indian Navy successfully rescued the Iranian ship 'Azini' and 20 crew members., The 48-hour rescue operation took place in the Arabian Sea on November 2, 2026., Led by INS Kolkata with support from P-8I aircraft and C-17 marine commandos., Defense Minister Rajnath Singh praised the armed forces for maritime security.