'ടെലി-മാനസ്' വ്യാപകമാക്കാൻ ആരോഗ്യമന്ത്രാലയം; വിമാനാപകടത്തിൽപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്കും വിളിക്കാം

Representative Image| Photo: Canva.com
Representative Image| Photo: Canva.com

ന്യൂഡൽഹി: അഹമ്മദാബാദിലുണ്ടായ എയർ ഇന്ത്യ വിമാനാപകടം രാജ്യത്തെ മുഴുവൻ ഞെട്ടിച്ചിരുന്നു. അപകടത്തിൽനിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടവരും ജീവൻ നഷ്ടപ്പെട്ടവരുടെ ബന്ധുക്കളും പ്രദേശവാസികളുമൊന്നും അതിന്‍റെ ആഘാതത്തിൽനിന്ന് ഇനിയും മോചിതരായിട്ടില്ല. അപകടത്തിന്‍റെ മാനസികാഘാതം അനുഭവിക്കുന്നവർക്ക് ഓൺലൈൻ സഹായ സംവിധാനമായ 'ടെലി-മാനസി'ന്റെ സേവനം പ്രയോജനപ്പെടുത്താൻ അവസരമൊരുക്കുകയാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം.

ദുരന്തം നേരിട്ടോ അല്ലാതെയോ ബാധിച്ചവര്‍ക്ക് ടെലി- മാനസിന്റെ 14416 എന്ന ഓണ്‍ലൈന്‍ ഹെല്‍പ് ലൈന്‍ നമ്പറിലൂടെ സഹായം തേടാമെന്ന് വ്യക്തമാക്കി ആരോഗ്യമന്ത്രാലയം പ്രചാരണവും ആരംഭിച്ചിട്ടുണ്ട്. വിമാനാപകടത്തില്‍പ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്കും രക്ഷാപ്രവര്‍ത്തനത്തിൽ ഭാഗമായവര്‍ക്കും സഹായവും പിന്തുണയും നല്‍കുക എന്നതാണ് ലക്ഷ്യംവെക്കുന്നത്.

കേന്ദ്ര ടെലി- മാനസികാരോഗ്യ പദ്ധതിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന സമഗ്ര മാനസികാരോഗ്യ സേവനമാണ് ടെലി-മാനസ്. ഇതിന്റെ ഭാഗമായുള്ള സൗജന്യമായ നമ്പറില്‍ വിളിക്കുന്നതിലൂടെ പരിശീലനം ലഭിച്ച കൗണ്‍സിലര്‍മാരുടെയും മാനസികാരോഗ്യ വിദഗ്ദരുടെയും സഹായം ലഭിക്കും. മുൻകാലത്തെ അപേക്ഷിച്ച് 'ടെലി-മാനസി'ലേക്ക് വിളിക്കുന്നവരില്‍ അഞ്ചു ശതമാനത്തിന്റെ വര്‍ധനവ് ഇതിനോടകം ഉണ്ടായിട്ടുണ്ടെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. 

'ടെലി- മാനസിന്റെ സഹായം തേടുന്നവരില്‍ നിലവിൽ നേരിയവര്‍ധന മാത്രമേ ഉണ്ടായിട്ടുള്ളു. ഇത് ചിലപ്പോള്‍ ഇങ്ങനെയൊരു സംവിധാനത്തെ കുറിച്ച് ആളുകള്‍ക്ക് അറിയാത്തത് കൊണ്ടായിരിക്കാം. ഇപ്പോള്‍ ഒരു ദിവസം 40 ഫോണ്‍വിളികള്‍വരെ വരുന്നുണ്ട്.' നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സിലെ അസിസ്റ്റന്റ് പ്രൊഫസറായ ദിനകരന്‍ ദാമോദരന്‍ പറഞ്ഞു. സമൂഹത്തില്‍ നടക്കുന്ന പല ദുരന്തങ്ങളിലും നേരിട്ട് ഉള്‍പ്പെട്ടില്ലെങ്കിലും അവ നമ്മുടെ മാനസികാരോഗ്യത്തെ ബാധിക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

മാനസികാരോഗ്യവുമായി ബന്ധപ്പെട്ട് ഈ സംവിധാനം നേരത്തെമുതൽ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍, ഇപ്പൊഴത്തെ സാഹചര്യം കണക്കിലെടുത്ത് ബോധവല്‍ക്കരണം വിപുലീകരിക്കുകയാണ് മന്ത്രാലയം. വിമാനാപകടത്തിന് ശേഷം ഗുജറാത്തിലാണ് തുടര്‍പ്രചാരണം തുടങ്ങിയത്. നിലവില്‍ ഗുജറാത്തി, ഇഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളില്‍ സേവനം ലഭ്യമാണ്.

Content Highlights: Free mental health helpline 14416 Tele-Manas offers support after Air India tragedy.