ആഗോള സാമ്പത്തിക സ്വാതന്ത്ര്യ സൂചികയില്‍ 26 സ്ഥാനങ്ങളിറങ്ങി ഇന്ത്യ 105-ാം സ്ഥാനത്ത്

ന്യൂഡല്‍ഹി: ആഗോള സാമ്പത്തിക സ്വാതന്ത്ര്യ സൂചിക പട്ടികയില്‍ ഇന്ത്യക്ക് കനത്ത ആഘാതം. 26 പടികളിറങ്ങി ഇന്ത്യ 105-ാം സ്ഥാനത്തെത്തി. പോയ വര്‍ഷം ഇന്ത്യ 79-ാം സ്ഥാനത്തായിരുന്നു. കാനഡയിലെ ഫ്രേസര്‍ ഇന്‍സ്റ്റിറ്റ്യൂട്ടാണ് ലോക സാമ്പത്തിക സ്വാതന്ത്ര്യം സംബന്ധിച്ച വാര്‍ഷിക റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
അന്താരാഷ്ട്ര വ്യാപരത്തില്‍ കൂടുതല്‍ തുറന്ന ഇടപെടല്‍, വിപണികളിലെ പുത്തന്‍ പരിഷ്‌കാരങ്ങള്‍ എന്നിവ ഇന്ത്യയിലെ സാമ്പത്തിക സ്വാതന്ത്ര്യം വര്‍ധിപ്പിക്കാനുള്ള സാധ്യതകളാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇന്ത്യയിലെ നിയമവ്യവസ്ഥയും സ്വത്തവകാശവും 5.17-ല്‍ നിന്ന് 5.06 പോയിന്റായി കുറഞ്ഞു.അന്താരാഷ്ട്ര തലത്തില്‍ വ്യാപാരം നടത്താനുള്ള സ്വാതന്ത്ര്യം 6.08-ല്‍ നിന്ന് 5.71 ആയി. വായ്പ, തൊഴില്‍, ബിസിനസ് എന്നിവയിലെ നിയന്ത്രണം 6.63-ല്‍ നിന്ന് 6.53 ആയും കുറഞ്ഞു.
സിംഗപ്പൂരും ഹോങ്കോംഗുമാണ് ആഗോള സാമ്പത്തിക സ്വാതന്ത്ര്യ സൂചികയില്‍ ഒന്നും രണ്ടും സ്ഥാനത്ത് തുടരുന്നത്. പട്ടികയില്‍ 124-ാം സ്ഥാനത്തുള്ള ചൈനയേക്കാള്‍ മുന്നിലുണ്ടെന്നതാണ് ഇന്ത്യക്ക് ആശ്വാസം. ന്യൂസിലന്‍ഡ്, സ്വിറ്റ്സര്‍ലന്‍ഡ്, യുഎസ്, ഓസ്ട്രേലിയ, മൗറീഷ്യസ്, ജോര്‍ജിയ, കാനഡ, അയര്‍ലന്‍ഡ് എന്നിവരാണ് ആദ്യ പത്തില്‍ ഇടംപിടിച്ച മറ്റു രാജ്യങ്ങള്‍.
162 രാജ്യങ്ങളുടെ നയങ്ങളും സ്ഥാപനങ്ങളും വിശകലനം ചെയ്താണ് സാമ്പത്തിക സ്വാതന്ത്ര്യ സൂചിക റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. വ്യക്തിപരമായി തിരഞ്ഞെടുക്കുന്നതിനുള്ള ഘട്ടങ്ങള്‍, വിപണികളില്‍ പ്രവേശിക്കുന്നതിനുള്ള കഴിവ്, സ്വകാര്യ ഉടമസ്ഥതയിലുള്ള സ്വത്തിന്റെ സുരക്ഷ, നിയമവാഴ്ച തുടങ്ങിയ കാര്യങ്ങളാണ് വിശകലനം ചെയ്യുക.
ആഫ്രിക്കന്‍ റിപ്പബ്ലിക്, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗൊ, സിംബാവെ, റിപ്പബ്ലിക് ഓഫ് കോംഗൊ, അള്‍ജീരിയ, ഇറാന്‍, അംഗോള, ലിബിയ, സുഡാന്‍, വെനിസ്വേല എന്നീ രാജ്യങ്ങളാണ് പട്ടികയിലെ ഏറ്റവും അവസാന പത്തിലുള്ളവര്‍.
ജപ്പാന്‍(20), ജര്‍മനി(21), ഇറ്റലി(51) ഫ്രാന്‍സ്(58) മെക്സികോ(68) റഷ്യ(89) എന്നിങ്ങനെയാണ് മറ്റുപ്രധാന രാജ്യങ്ങളുടെ സ്ഥാനങ്ങള്‍.
Content Highlights: India slips 26 spots on economic freedom index-105th position
Content Highlights: