ഞങ്ങളെ പഠിപ്പിക്കണ്ട, ആദ്യം സ്വന്തം മണ്ണിലെ ന്യൂനപക്ഷവേട്ട നേരിടൂ; യുഎന്നിൽ പാകിസ്താനെ രൂക്ഷമായി വിമർശിച്ച് ഇന്ത്യ

മുഹമ്മദ് ഹുസൈൻ | Photo: Screengab
മുഹമ്മദ് ഹുസൈൻ | Photo: Screengab

ജനീവ: ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കൗൺസിലിൽ (യുഎൻഎച്ച്ആർസി) പാകിസ്താന്റെ കാപട്യത്തെ രൂക്ഷമായി വിമർശിച്ച് ഇന്ത്യ. ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കുന്നതിൽ മുൻപന്തിയിലുള്ള ഒരു രാജ്യം മറ്റുള്ളവരെ മനുഷ്യാവകാശങ്ങളെക്കുറിച്ച് പഠിപ്പിക്കാൻ ശ്രമിക്കുന്നത് അപലപനീയമാണെന്ന് ഇന്ത്യ പറഞ്ഞു. യുഎൻഎച്ച്ആർസിയുടെ 60-ാം സെഷന്റെ 34-ാം യോഗത്തിൽ സംസാരിക്കവെ ഇന്ത്യൻ നയതന്ത്രജ്ഞൻ മുഹമ്മദ് ഹുസൈൻ സ്വന്തം മണ്ണിലെ ന്യൂനപക്ഷ പീഡനങ്ങൾ ഇല്ലാതാക്കണമെന്ന് പാകിസ്താനെ ഉപദേശിക്കുകയും ചെയ്തു.

പാകിസ്താനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ വ്യോമാക്രമണത്തിൽ സ്ത്രീകളും കുട്ടികളുമടക്കം 23 പേർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് മുഹമ്മദ് ഹുസൈന്റെ പരാമർശം. പാകിസ്താനിലെ ഭയാനകമായ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് മറ്റ് പലരും ആശങ്കകൾ ഉന്നയിച്ചു. ലോക മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ പാകിസ്താൻ 158-ാം സ്ഥാനത്താണെന്ന് അന്താരാഷ്ട്ര ഭൗമരാഷ്ട്രീയ ഗവേഷകനായ ജോഷ് ബോവ്‌സ് ചൂണ്ടിക്കാട്ടി.

'2025-ലെ യുഎസ്സിഐആർഎഫ് മതസ്വാതന്ത്ര്യ റിപ്പോർട്ട് പ്രകാരം, 700-ലധികം ആളുകൾ മതനിന്ദാക്കുറ്റത്തിന് പാകിസ്താനിൽ തടവിലാണ്. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 300 ശതമാനം കൂടുതലാണ്.' വാർത്താ ഏജൻസിയായ എഎൻഐയെ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു.

'ബലൂച് നാഷണൽ മൂവ്മെന്റിന്റെ മനുഷ്യാവകാശ വിഭാഗം 2025-ന്റെ ആദ്യ പകുതിയിൽ മാത്രം 121 കൊലപാതകങ്ങളും 785 പേരെ കാണാതായതും രേഖപ്പെടുത്തിയിട്ടുണ്ട്. 2025-ൽ 4000 പഷ്തൂണുകളെ കാണാതായെല്ലെന്ന് പഷ്തൂൺ ദേശീയ ജിർഗ (പഷ്തൂൺ നേതാക്കളുടെ സഭ) പറഞ്ഞിരുന്നു.' ജോഷ് ബോവ്‌സ് പറഞ്ഞു.

മനുഷ്യാവകാശ പ്രവർത്തകനായ ആരിഫ് അജാക്കിയയും പാകിസ്താനിലെ മനുഷ്യാവകാശ സാഹചര്യത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു. ബലൂചിസ്ഥാൻ, ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യകളിൽ ദീർഘകാലമായി സൈനിക നടപടികൾ നടക്കുന്നുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.

Content Highlights: India strongly criticizes Pakistan`s hypocrisy at the UN Human Rights Council, urging it to address minority persecution within its borders before lecturing others.