യുഎസ് മുക്കുന്നതിന് മുമ്പ്, ഇറാനിയൻ കപ്പൽ ഇറിസ് ദേനയ്ക്ക് ഇന്ത്യ അഭയം വാഗ്ദാനം ചെയ്തു|റിപ്പോർട്ട്

ന്യൂഡൽഹി: ശ്രീലങ്കൻ പുറംകടലിലൂടെപ്പോയ ഇറാൻ നാവികസേനയുടെ ഇറിസ് ദേന യുദ്ധക്കപ്പൽ അന്തർവാഹിനി ഉപയോഗിച്ച് യുഎസ് മുക്കുന്നതിന് മുമ്പ് ഇന്ത്യ അഭയം വാഗ്ദാനം ചെയ്തിരുന്നതായി റിപ്പോർട്ട്. കേന്ദ്ര സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യൻ എക്‌സ്പ്രസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വിശാഖപട്ടണത്തിന് സമീപം നടന്ന മിലാൻ 2026 സൈനികാഭ്യാസത്തിൽ പങ്കെടുത്തു മടങ്ങുകയായിരുന്ന കപ്പലാണ് യുഎസ് മുക്കിയത്. മാർച്ച് നാലിനാണ് കപ്പലിനുനേരെ ആക്രമണമുണ്ടായത്.
യുഎസും ഇറാനും തമ്മിലുള്ള സംഘർഷം വർധിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യ സുരക്ഷിത തുറമുഖം വാഗ്ദാനം ചെയ്തതെന്നാണ് റിപ്പോർട്ട്. സൈനികാഭ്യാസത്തിൽ പങ്കെടുത്ത മറ്റൊരു ഇറാനിയൻ യുദ്ധക്കപ്പലായ ഐആർഐഎസ് ലവാൻ കൊച്ചിയിൽ നങ്കൂരമിട്ടിരുന്നു. ഐആർഐഎസ് ദേന യുഎസിന്റെ ആക്രമണത്തിനിരയായ അതേദിവസം തന്നെയാണ് ലവാൻ എന്ന യുദ്ധക്കപ്പലിന് കൊച്ചിയിൽ അഭയം നൽകിയത്.
ഈ മേഖലയിലുണ്ടായിരുന്ന ലാവനിൽനിന്ന് ഫെബ്രുവരി 28-ന് ഇന്ത്യയ്ക്ക് അഭ്യർഥന ലഭിച്ചിരുന്നു. മാർച്ച് 1-ന് ഇതിന് നങ്കൂരമിടാനുള്ള അനുമതി ലഭിക്കുകയും മാർച്ച് 4-ന് ലാവൻ കൊച്ചിയിൽ എത്തുകയും ചെയ്തു. 183 അംഗങ്ങളുള്ള ഇതിലെ നാവികരെ കൊച്ചിയിലെ നാവിക താവളത്തിലാണ് പാർപ്പിച്ചിരിക്കുന്നത്.
മറ്റൊരു ഇറാനിയൻ യുദ്ധക്കപ്പലാണ് ഇറിസ് ബുഷെഹ്‌റിന് ശ്രീലങ്ക വ്യാഴാഴ്ച അഭയം നൽകിയിരുന്നു. ഇറിസ് ദേനയ്ക്കുനേരെയുണ്ടായ ആക്രമണത്തിന് പിന്നാലെയായിരുന്നു ഇത്. യുഎസ് ആക്രമണത്തിൽ ഇറിസ് ദേനയിലുണ്ടായിരുന്ന 87 നാവികരുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്. 32 പേരെ ശ്രീലങ്കൻ നാവികസേന രക്ഷപ്പെടുത്തിയിരുന്നു. 60 ഓളംപേരെ കാണാതായിട്ടുണ്ട്. ഇവർക്കായുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്. 180 നാവികരാണ് കപ്പലിലുണ്ടായിരുന്നത്. രക്ഷാപ്രവർത്തനത്തിന് ഇന്ത്യൻ നാവികസേന വിമാനങ്ങളും കപ്പലുകളും വിന്യസിച്ചിട്ടുണ്ട്.
Content Highlights: India offered refuge to Iranian warships during heightened US-Iran tensions., IRIS Dena was attacked by the US near Sri Lankan waters