അതിര് കാക്കാൻ വീണ്ടുമൊരു സുദർശൻ ചക്ര കൂടി; റഷ്യയിൽ നിന്ന് എസ്-400 നാലാം സ്‌ക്വാഡ്രൺ ഇന്ത്യയിലെത്തി

ന്യൂഡൽഹി: റഷ്യൻ നിർമ്മിത എസ്-400 സുദർശൻ വ്യോമ പ്രതിരോധ മിസൈൽ സംവിധാനത്തിന്റെ നാലാമത്തെ സ്‌ക്വാഡ്രൺ ഇന്ത്യയിലെത്തി. സുദർശൻ ചക്ര എന്ന പേരിലറിയപ്പെടുന്ന റഷ്യയിൽ നിന്നുള്ള എസ്-400 ദീർഘദൂര വ്യോമ പ്രതിരോധ സംവിധാനം കപ്പൽ മാർഗം ഏതാനും ദിവസം മുമ്പാണ് ഇന്ത്യയിലെത്തിയതെന്ന് പ്രതിരോധവൃത്തങ്ങൾ അറിയിച്ചു. ഇത് വളരെ പെട്ടെന്ന് പ്രവർത്തന മേഖലയിൽ വിന്യസിക്കുമെന്നും പ്രതിരോധ വൃത്തങ്ങളെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്തു.
റഷ്യയിൽ നിന്ന് അഞ്ച് എസ്-400 സ്‌ക്വാഡ്രണുകൾ ഇന്ത്യ വാങ്ങുന്ന കരാറിൽ 2018-ലാണ് ഇന്ത്യ ഒപ്പുവെച്ചത്. ഇതിൽ മൂന്നെണ്ണം രണ്ട് വർഷം മുൻപ് എത്തിയിരുന്നു, എന്നാൽ റഷ്യ-യുക്രൈൻ യുദ്ധം കാരണം ശേഷിച്ച രണ്ടെണ്ണത്തിന്റെ വരവ് വൈകിയിരുന്നു.
ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്താൻ വ്യോമസേനയുടെ കഴിവുകളെ പരാജയപ്പെടുത്തുന്നതിൽ സുദർശൻ ചക്രയ്ക്ക് വലിയ പങ്കുവഹിക്കാനായിരുന്നു. 300 കിലോമീറ്ററിനപ്പുറം പറക്കുകയായിരുന്ന പാക് വ്യോമസേനയുടെ നിരീക്ഷണ വിമാനം വീഴ്ത്തി സംഭവമടക്കം ഇതിൽപ്പെടുന്നു.
എസ്-400 വ്യോമ പ്രതിരോധ ദൗത്യ സംവിധാനത്തിന്റെ അഞ്ചാമത്തെ സ്‌ക്വാഡ്രൺ അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കൂടാതെ എസ്-400 ന്റെ അഞ്ച് സ്‌ക്വാഡ്രണുകൾ കൂടി വാങ്ങുന്നതിന് പ്രതിരോധ സംഭരണ സമിതി (DAC) ഇതിനോടകം അനുമതി നൽകിയിട്ടുണ്ട്. റഷ്യൻ സംവിധാനത്തിന്റെ സമാനമായ ദൂരപരിധിയിൽ ശത്രു ഡ്രോണുകളെ വെടിവെച്ചിടാൻ കഴിവുള്ള സ്വന്തം വ്യോമ പ്രതിരോധ സംവിധാനങ്ങൾ വികസിപ്പിക്കുന്നതിനുള്ള നീക്കങ്ങളും ഇന്ത്യ നടത്തുന്നുണ്ട്.
ഇന്ത്യൻ പ്രതിരോധ സ്ഥാപനമായ സോളാർ ഇൻഡസ്ട്രീസ് ഈ പ്രോജക്റ്റിൽ വികസന പങ്കാളിയെന്ന നിലയിൽ ഉൾപ്പെട്ടിട്ടുണ്ട്.
Content Highlights: Fourth S-400 squadron arrived in India via sea., Part of the 2018 five-squadron procurement deal with Russia., System provides 300km+ range air defense capabilities